തിന്മയുടെ വേര്
ഹിബ ബഷീർ മണിയൂർ
2026 ആഗസ്റ്റ് 15, 1448 റബീഉൽ അവ്വൽ 02

അറിവിനാൽ അജ്ഞരായ് മാറുന്നു മർത്യർ
അലിവൊട്ടുമില്ലാതെ കഴിയുന്നു ‘ഭക്തർ.’
വിദ്യയാൽ അഭ്യാസ നൃത്തം നടത്തുന്നു
അറിയേണ്ടതറിയാതെ വാചാലരാവുന്നു!
ദോഷം വരുത്തുന്ന ലഹരിയിൽ മുഴുകുന്നു
ലക്കില്ലാതങ്ങനെ നാളുകൾ നീക്കുന്നു.
ആശ്രിതർ കണ്ണീരൊഴുക്കി കഴിയുന്നു
ആലംബമില്ലാതെ മക്കൾ വലയുന്നു.
ലഹരിവസ്തുക്കൾക്കിന്നുണ്ടേറെ നാമങ്ങൾ
കരിയുന്ന കരളാകെയൊന്നു മാത്രം.
‘ജീവനാം ലഹരി’യിന്നവരുടെ ചിന്തയിൽ,
ലഹരിയിൽ ജീവിതം തല്ലിത്തകർക്കുന്നു.
കൂട്ടുകുടുംബങ്ങൾ ശിഥിലമായ് മാറുന്നു
കൂട്ടം തിരിഞ്ഞവർ തമ്മിലടിക്കുന്നു.
ഓട്ടക്കലത്തിൽ വെള്ളമൊഴിച്ച പോൽ
കിട്ടുന്ന കാശെല്ലാം ചോർന്നു പോയീടുന്നു.
മത്തുപിടിപ്പിക്കും വസ്തുക്കളൊക്കെയും
എത്തിപ്പിടിക്കാതെ നോക്കണം കൂട്ടരേ.
ജീവിതം നാടകവേദിയല്ലറിയുക
കാശുകൊടുത്താരും നാശം വരുത്തല്ലേ.
തിന്മതൻ നാരായവേരു മുറിച്ചിടാം
നന്മതൻ പാതയിൽ വേഗം കുതിച്ചിടാം.
ബന്ധങ്ങൾ നന്നായി കെട്ടിപ്പടുത്തിടാം
ജീവിത തീരത്ത് ശാന്തി വിതച്ചിടാം!
