എന്റെ തൂലിക
നദ ജബീൻ സി. പി.
2026 ആഗസ്റ്റ് 22, 1448 റബീഉൽ അവ്വൽ 09

പറയാതെ പോയ വാക്കുകൾക്ക്
മൗനം ഒരിക്കലും അവസാനമല്ല,
അവ എവിടെയോ അക്ഷരങ്ങളായ്
വീണ്ടും ജനിക്കും.
കടന്നുപോയ വഴികളിൽ
കണ്ടുമുട്ടിയ മനുഷ്യരും
ഹൃദയത്തിൽ പതിഞ്ഞ മുഖങ്ങളും
മുറിവായ് ശേഷിച്ച ചില വാക്കുകളും
ഒരുനാൾ പേനത്തുമ്പിൽ
തിരികെയെത്തുന്നു.
ചില രാത്രികളുടെ നിശ്ശബ്ദത
പുലരുമ്പോൾ കവിതയാകുന്നു!
ചില നഷ്ടങ്ങൾ
കഥയിൽ കഥാപാത്രങ്ങളായ്
തിരിച്ചെത്തുന്നു.
വേദനകൾക്ക് വാക്കുകൾ കിട്ടുമ്പോൾ
അവയുടെ ഭാരം കുറയുന്നു.
ചിതലരിച്ച ഓർമകൾക്ക്
അക്ഷരങ്ങൾ ലഭിക്കുമ്പോൾ
അവ മുറിവുകളല്ലാതാകുന്നു.
പതിയെ ജീവിതാനുഭവങ്ങൾ
വരികളായ് രൂപപ്പെടുന്നു.
വരികൾ മെല്ലെ സ്വപ്നങ്ങൾക്ക്
നിറം നൽകുന്നു.
അവസാനം കടലാസിൽ
ബാക്കിയാകുന്നത്
അക്ഷരങ്ങൾ മാത്രമാണെങ്കിലും
അവയ്ക്കിടയിൽ ഒളിച്ചിരിക്കുന്നത്
ഒരു നിശ്ശബ്ദ ജീവിതത്തിന്റെ
യാത്രയാണെന്നറിയുന്നു.
