വേദനയുടെ കണ്ണാടി

അമീർ എടത്തനാട്ടുകര

2026 ആഗസ്റ്റ് 08, 1448 സ്വഫർ 25

അവനവന്റെ ചില്ലിട്ട വീടിൻ സുഖത്തിൽ
മറ്റുള്ളോർ പെയ്യുന്ന മഴയറിയാറില്ല നാം.
വെറും വാക്കുകളാലെ ആശ്വസിപ്പിക്കും നേരം
വേദന തൻ ആഴമളക്കാൻ കഴിയാറില്ല നമുക്ക്.
ഒന്നു മാറി നിൽക്കൂ, ആ പാദരക്ഷയിൽ
അവർ താണ്ടിയ ദൂരങ്ങൾ നടന്നു കാണൂ.
അവർ നനഞ്ഞതാം കണ്ണീർ തുള്ളികളിൽ
സ്വയം ഒന്നു തൊട്ടുനോക്കി അനുഭവിക്കൂ.
നമ്മൾ കണ്ട കാഴ്ചകളല്ല അവർ കണ്ടത്,
നമ്മൾ കേട്ട വാക്കുകളല്ല അവർ കേട്ടത്.
ചരിവുണ്ടെൻ വഴിക്കെന്ന് ഓർക്കുമ്പോൾ മാത്രം
മറ്റുള്ളോർ വീണതാം കുഴികൾ തിരിച്ചറിയാം.
മനസ്സിൽ കരുണതൻ വിത്തുകൾ പാകി,
അപരന്റെ നോവൊന്നറിയാൻ തുനിയുമ്പോൾ,
ഭൂമിയിൽ സ്‌നേഹത്തിൻ മധുരം നിറയുന്നു,
മനുഷ്യൻ മനുഷ്യനാകുന്നതവിടെയാണ്!