പർദ ഒരു ആഫ്രിക്കൻ രാജ്യമോ?

ഹുസ്‌ന മലോറം

2026 ആഗസ്റ്റ് 08, 1448 സ്വഫർ 25

പർദ ഒരു ആഫ്രിക്കൻ രാജ്യമാണെന്ന്
തീക്കുനിക്കാരൻ കവി!
അതിനകത്തുള്ളവർ
ഖനികൾക്കുള്ളിൽ കുടുങ്ങിയവരും
സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരുമാണത്രെ!
അൽപ വസ്ത്രധാരിണികളും
ഉടുതുണിയില്ലാതെ വിഹരിക്കുന്ന
ആൾദൈവങ്ങളും
ഏത് രാജ്യമാണാവോ?
മുസ്‌ലിം സ്ത്രീകളോടു മാത്രം
ഇവർക്കെന്തൊരു കാരുണ്യം!
പർദ ധരിക്കുന്ന ഞങ്ങൾക്കില്ലാത്ത പ്രയാസം
ഇവർക്കെന്തിന്?
പർദ ഞങ്ങളുടെ കോട്ടയാണ്,
കണ്ണുകൾ കൊണ്ട്
കൊത്തിവലിക്കുന്നവരെ അത് തടയുന്നു.
അതിനെ അടിമത്തമെന്ന് ചൊറിഞ്ഞിടേണ്ട,
അത് ഞങ്ങളുടെ
സംസ്‌കാരത്തിന്റെ ചിഹ്നമാണ്.
ഞങ്ങളുടെ ഉടയാട കണ്ട്
നിങ്ങളെന്തിന് ഉറഞ്ഞുതുള്ളണം?
പർദ ഞങ്ങളെ നന്മയുടെ
സഹയാത്രികരാക്കുന്നു.
അത് ഞങ്ങളുടെ
സ്വപ്നത്തിന്റെ ചിറകരിയുകയല്ല,
ചിറകു മുളപ്പിക്കുകയാണ് ചെയ്യുന്നത്.
അടിവസ്ത്രം പുറത്തു കാണും വിധമുള്ള
ഉടുവസ്ത്രം ഞങ്ങളുടെ സംസ്‌കാരമല്ല,
നിങ്ങൾക്കത് പുരോഗമനമായിരിക്കാം,
ഞങ്ങൾക്കത് അധഃപതനമാണ്.
അഴുക്ക് പുരളാതെ ജീവിക്കുവാൻ,
അഭിമാനമാലെ കഴിഞ്ഞിടുവാൻ
ഞങ്ങളുടെയലങ്കാരമാണു പർദ.