മനോഭാവം
നജീബ് കെ.സി.
2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

അല്പവിഭവം തൃപ്തിയാലെ
അധികമായി ഭവിച്ചിടാം;
അധികമോ അതിമോഹമാലെ
അല്പമെന്ന് നിനച്ചിടാം.
അകലമെല്ലാം അരികെയാക്കി
സ്നേഹംകൊണ്ടേ താണ്ടിടാം;
അരികെയെങ്കിലുമകലെയെന്ന്
ദ്വേഷമാൽ ഭാവിച്ചിടാം.
സഹനസഹിതം ക്ലേശമെല്ലാം
ലളിതമെന്നു ജയിച്ചിടാം;
ലളിതവും നിരാശയാലെ
ഭാരമെന്നു വിധിച്ചിടാം.
ശ്രദ്ധയധ്വാനങ്ങളാൽ
ശുഭമേറെ കാര്യം നേടിടാം;
അശ്രദ്ധയാൽ അധ്വാനവും
ഫലസിദ്ധിയും പാഴായിടാം.
(ആശയത്തിന്, അറബി ഭാഷയിൽ പ്രചരിച്ച
അജ്ഞാതകൃത്തായ ഒരു സന്ദേശത്തോട് കടപ്പാട്)
