സമയമില്ല പോലും!
നസീമ വാടാനപ്പള്ളി
2026 ജൂൺ 06, 1447 ദുൽഹിജ്ജ 21

‘ക്ഷമിക്കണം,
ഇത്തിരി തിരക്കിലാണേ...’
അതെ, അവൻ തിരക്കിലായിരുന്നു.
തിരക്കിട്ടോടുന്നത്
ശ്വാസഗതി സുഗമമായതിനാലെന്ന്
അവൻ ഓർത്തതേയില്ല.
താൻ താനായിരിക്കുന്നത്,
കണ്ണും കാതും മറ്റവയവങ്ങളുമെല്ലാം
ന്യൂനതകളില്ലാത്തവയായതുകൊണ്ടാണെന്നും
ബുദ്ധിയും ആരോഗ്യവും ആവശ്യത്തിന്
നൽകപ്പെട്ടതുകൊണ്ടാണെന്നും
അവനോർത്തതില്ല.
തിരക്കിലായിരുന്നല്ലോ പാവം,
സമയമില്ല പോലും!
ജീവിതപ്പാച്ചിലിനിടയിലവൻ
ഒട്ടേറെ അംഗപരിമിതരെ കണ്ടതാണ്,
ബുദ്ധിവികാസം പ്രാപിക്കാത്തവരെ കണ്ടതാണ്.
എന്നിട്ടുമവൻ തന്നെ ന്യൂനതകളില്ലാതെ
സൃഷ്ടിച്ചവനെ കുറിച്ച്
ചിന്തിച്ചതേയില്ല.
അവൻ എപ്പോഴും തിരക്കിലാണത്രെ!
തിന്നും കുടിച്ചും രസിച്ചും രമിച്ചുമങ്ങനെ
ദിനരാത്രങ്ങൾ പിന്നിടുമ്പോഴും
സ്വശരീരത്തിലെ ദൈവിക
ദുഷ്ടാന്തങ്ങളിലേക്കൊന്നവൻ കണ്ണോടിച്ചില്ല,
അവൻ തിരക്കിലായിരുന്നല്ലോ!
ഓട്ടത്തിനിടയിൽ അപ്രതീക്ഷിതമായി
ഒരുദിവസം അവൻ കുഴഞ്ഞുവീണു.
ശ്വാസത്തിനായി പിടയവെ,
അത് അവസാന നിമിഷമാണെന്നവനറിഞ്ഞു.
അപ്പോൾ അവൻ പറഞ്ഞു:
‘എനിക്കൊരൽപം സമയം നീട്ടിത്തരണേ...’
പാവം!
അവധിയെത്തിയാൽ സമയം
നീട്ടിക്കിട്ടില്ലെന്ന് അവനറിയില്ലല്ലോ!

