ലഹരിയിൽ കൂപ്പുകുത്തിയവനും മിനി കൂപ്പറും

സിനി. ടി. കെ മണ്ണാർക്കാട്

2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13

പിറന്നാൾ ദിനം മാതാപിതാക്കൾ
സ്‌നേഹം പൊതിഞ്ഞു നൽകിയ വാഹനം,
മകന്റെ മോഹങ്ങൾക്ക് ചിറകുനൽകാൻ
മിനി കൂപ്പറെന്നൊരു വർണസ്വപ്നം!
സമ്മാനമായിരുന്നു, സ്‌നേഹമായിരുന്നു, പക്ഷേ...
ലഹരിയുടെ ലഹരിയിൽ കണ്ണുകൾ മങ്ങി;
വേഗത്തിന്റെ ലഹരിയിൽ ബോധവും.
റോഡൊരു കളിക്കളമെന്നു കരുതി
ജീവന്റെ വിലപോലും മറന്നുപോയി!
ആ മൂന്നു ജീവനുകൾ, മൂന്നു കുടുംബങ്ങൾ;
ആശകൾ പൂത്തിരുന്ന വീടുകൾക്കുള്ളിൽ
ആയുസ്സറ്റതിൻ വിലാപങ്ങളുയർന്നു.
ചുറ്റും കൂടിനിന്ന നാട്ടുകാരോടന്നവൻ
ഉച്ചത്തിൽ അലറി;
‘എല്ലാം എന്റെ വാപ്പ നോക്കിക്കോളും!’
ചോരയൊലിക്കുന്ന വഴിയിലന്നേരം
മനുഷ്യത്വം തലതാഴ്ത്തി നിന്നു!
വാപ്പ നോക്കിക്കോളും... ശരിതന്നെ മകനേ,
വില കൊടുക്കാൻ വാപ്പയ്ക്ക് കഴിഞ്ഞേക്കാം;
പക്ഷേ, പൊലിഞ്ഞുപോയ മൂന്നു ജീവനുകൾ
തിരികെ കൊടുക്കാൻ സമ്പത്തുകൊണ്ടാകുമോ?
കുടുംബങ്ങളുടെ തീരാനഷ്ടത്തിനും
അമ്മമാരുടെ നെഞ്ചിൽ തീർത്ത തീക്കനലിനും
ഏതു കോടതിയിൽ പണമൊടുക്കിത്തീർക്കും?
മാതാപിതാക്കൾ മക്കൾക്കു നൽകേണ്ടത്
സമ്മാനങ്ങൾ മാത്രമല്ല, വിവേകത്തിന്റെ വെളിച്ചവും
ധാർമികതയുടെ പ്രകാശവുമാണ്.
മനുഷ്യത്വത്തിന്റെ മഹിമയും
ഉത്തരവാദിത്തബോധവുമാണ്.
ആ മിനി കൂപ്പർ ഇന്നൊരു ചോദ്യമാണ്,
സമൂഹത്തിന്റെ മനസ്സാക്ഷിയോടായി;
മക്കൾക്കു സമ്മാനിക്കേണ്ടത്
എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും
ആഡംബര ജീവിതവുമോ, അതല്ല
മനുഷ്യനായി ജീവിക്കാനുള്ള വിവേകമോ?