സമയം
നജീബ് കെ.സി.
2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13

കാലമൊരുമഹാ സമയസാഗരം
അതിരുമാഴവും അറിയാത്ത സാഗരം
മർത്യനതിനകം മത്സ്യമെങ്കിലോ
നീന്തിയെത്തുമോ ദൂരമത്രയും;
നാം നീന്തിയെത്തുമോ ദൂരമത്രയും?
വാനവിസ്തൃതം കാലവിസ്മയം;
അളന്നറിഞ്ഞുവോ പ്രവാഹചക്രവും?
മാനവൻ ദ്രുതം പറവയെങ്കിലോ,
പറന്നുചെല്ലുമോ പരിധിയത്രയും;
നാം പറന്നുചെല്ലുമോ പരിധിയത്രയും?
അതീതകാലവും യുഗങ്ങൾ ഭാവിയും
വിശാലമെങ്കിലും നമുക്കു പ്രാപ്യമോ?
നന്മ ചെയ്യുവാൻ തത്സമയമാത്രകൾ;
ഹൃദയതാളവും നിലച്ചിടുംവരെ, നീ
ഹൃദയതാളവും നിലച്ചൊടുങ്ങിടുംവരെ.
സമയമില്ലയോ, നേരം നീങ്ങിയില്ലയോ,
‘സമയദോഷ’മോ! വീണ്ടും പരിഭവങ്ങളോ?
സമയവീചികൾ മാഞ്ഞുപോകവേ,
സഫലമോ വിഫലമോ കർമവീഥികൾ?
സ്മരിച്ചിടാം, വരിച്ചിടാം അധികനന്മകൾ.
