വിശപ്പാണ് പരിഹരിക്കപ്പെടേണ്ടത്

ഡോ.സി.മുഹമ്മദ് റാഫി ചെമ്പ്ര

2022 മാർച്ച് 19, 1442 ശഅബാൻ 16

‘മതത്തെ കളവാക്കിയവനെ നീ കണ്ടുവോ?, അനാഥനെ ആട്ടിയകറ്റുന്നവനാണവന്‍, സാധുവിന്റെ ഭക്ഷണകാര്യത്തില്‍ പ്രോത്സാഹനം നല്‍കാത്തവന്‍‘ (ഖുര്‍ആന്‍)

ഗോവിന്ദനും അലവിയും ഉറ്റ ചങ്ങാതിമാരാണ്. വഴിയരികിലെ പൂമ്പാറ്റകളെ പിടിച്ചും മാവിന് കല്ലെറിഞ്ഞും തോട്ടിലെ മീനുകളെ കണ്ടാസ്വദിച്ചും ഓരോ ദിവസവും പള്ളിക്കൂടത്തിലേക്കവര്‍ സന്തോഷത്തോടെ പോയികൊണ്ടിരുന്നു.

സ്‌കൂള്‍ വിട്ടു വരുന്ന വഴിക്കാണ് അലവിയുടെ വാപ്പയുടെ ചായക്കട. ചായക്കടയില്‍ കയറി അലവി ചായയും പലഹാരങ്ങളും കഴിക്കും.ഗോവിന്ദന്‍ തൊട്ടപ്പുറത്തെ തൊടിയില്‍ കാത്തു നില്‍ക്കും. ആ കാത്ത് നില്‍പ്പിന് ചില കാരണങ്ങളുമുണ്ടായിരുന്നു. ചായകുടി കഴിഞ്ഞിറങ്ങുന്ന അലവിയുടെ മടിക്കുത്തില്‍ ഗോവിന്ദനായി എന്നും രണ്ട് പഴങ്ങള്‍ കരുതി വെച്ചിരുന്നു.

ഒരിക്കല്‍ വാപ്പ ഇത് പിടികൂടി, ആര്‍ക്കാണെടാ ഇത് എന്ന ചോദ്യത്തിന് മറുപടിയില്ല ! പുളി വടിയുടെ അടിയേറ്റ് പുളയുന്ന അലവിയുടെ ചുണ്ടില്‍ നിന്നും തന്റെ പേരെങ്ങാനും പുറത്തു വന്നാല്‍ തന്റെ ആഢ്യത്തം മുഴുവന്‍ തകര്‍ന്ന് പോകുമല്ലോഎന്ന ഭീതിയില്‍ തൊടിയില്‍ മറഞ്ഞിരുന്ന ഗോവിന്ദനാണ് പിന്നീട് കേരളം നെഞ്ചേറ്റിയ മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരായത്.

‘ഇസ്‌ലാമിന്റെ വന്‍മല’ എന്ന പേരിലുള്ള കവിതയില്‍ ഇടശ്ശേരി ഇങ്ങനെ കുറിച്ചിട്ടു:

‘‘ഇപ്പോഴേയെന്‍പേര്‍ പുറത്തുചാടു-
മിപ്പോഴെന്‍ മാനമിടിഞ്ഞു താഴും
നൂറുശതമാനം ഞാനൊരാര്യ-
ക്കൂറും കുടുമയുമുള്ള ഹിന്ദു
ആകെത്തരിച്ചുപോയ്
വീര്‍പ്പടഞ്ഞു
വേകുമെനിയ്ക്കു തല തിരിഞ്ഞു
അത്തളിര്‍ച്ചുണ്ടൊന്നനങ്ങിയില്ല;
പൊത്തിയമര്‍ത്തി,യതെന്റെ നാമം
നൂറു ശതമാനമെന്റെ മിത്രം
കൂറും പെരുമയുമുള്ള മുസ്‌ലിം
തുള്ളിപ്പിടഞ്ഞിതവന്റെ ദേഹം,
ഉള്ളമോ വന്‍മലപോലെ നിന്നു.’’

ലോകത്ത് മനുഷ്യനനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയേതെന്ന ചോദ്യത്തിന് ആദ്യം വരുന്ന ഉത്തരങ്ങളില്‍ ഒന്ന് വിശപ്പ് എന്നത് തന്നെയായിരിക്കും. ലോകജനസംഖ്യയിലെ എട്ടില്‍ ഒരാള്‍ മതിയായ ഭക്ഷണം കിട്ടാതെ വിശന്ന് വലയുന്നവരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയിലാണെങ്കില്‍ 2015ലെ ഫുഡ്‌സെക്യൂരിറ്റി റിപ്പോര്‍ട്ട് പ്രകാരം 194.6 ദശലക്ഷം ജനങ്ങള്‍ ഒരു നേരമെങ്കിലും വിശപ്പടക്കാന്‍ വഴിയില്ലാത്തവരാണ്.

ഭക്ഷണം കിട്ടാതെ ദിവസവും 3000 കുഞ്ഞുങ്ങള്‍ മരിക്കുന്നുവെന്നത് രാജ്യത്തിനുതന്നെ നാണക്കേടാണെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മന്‍മോഹന്‍സിങ്ങിനു പോലും സമ്മതിക്കേണ്ടിവന്നു.

അതേസമയം ആയിരക്കണക്കിനു പേര്‍ അമിതാഹാരംമൂലം മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. ആ ആഹാരം പട്ടിണിക്കാര്‍ക്ക് കൊടുത്താല്‍ രണ്ട് മരണങ്ങളാണ് ഒരേസമയം ഒഴിവാകുക. ഒന്ന് ദരിദ്രന്റെ മരണം; മറ്റൊന്ന് അമിതാഹാരം മൂലമുള്ള ധനികന്റെ മരണം.

ഇവിടെയാണ് മുസ്‌ലിമിന് ഏറെ ചെയ്യാനുള്ളത്. വിശപ്പിന് പരിഹാരമുണ്ടാക്കുക എന്നത് അതീവപ്രാധാന്യത്തോടെ കണ്ട മതമാണ് ഇസ്‌ലാം. എത്രയെത്ര സന്ദര്‍ഭത്തിലാണ് ക്വുര്‍ആന്‍ ഇതെടുത്ത് പറഞ്ഞിരിക്കുന്നത്!

കുറ്റവാളികള്‍ നരകത്തിലെത്താനുള്ള കാരണം വിശദീകരിച്ചിടത്ത് ക്വുര്‍ആന്‍ എടുത്ത് പറയുന്ന ഒരു കാര്യം ‘ഞങ്ങള്‍ പാവപ്പെട്ടവന്റെ അന്നത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ല’ എന്നതാണ്.

സ്വര്‍ഗമാഗ്രഹിക്കുന്നവര്‍ താണ്ടിക്കടക്കേണ്ട മലമ്പാതയെക്കുറിച്ച് പറയുന്നിടത്തും ക്വുര്‍ആന്‍ സാധുവിന് അന്നം കൊടുക്കുന്നതിന്റെ പ്രാധാന്യത്തെ വിശദീകരിക്കുന്നുണ്ട്. വിശപ്പിന് പരിഹാരമുണ്ടാക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായ പ്രവാചകനെയാണ് ചരിത്രത്തിലുടനീളം നമുക്ക് കാണാനാവുക.

തന്റെ സഹോദരനായ മനുഷ്യന് സന്തോഷം നല്‍കുക, അവന്റെ വിശപ്പിന് പരിഹാരം കണ്ടെത്തുക എന്നിവ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളാണെന്ന് പഠിപ്പിച്ച നബിയെക്കാള്‍ വലിയ മാനവികത പറഞ്ഞയാളാരാണുള്ളത്?

രണ്ടാളുടെ ഭക്ഷണം മൂന്നാള്‍ക്കും മുന്നാളുടേത് നാലാള്‍ക്കും മതിയാകുമെന്ന് പറഞ്ഞ് പങ്കുവെക്കലിന്റെ ആദ്യപാഠം മനുഷ്യന് പകര്‍ന്നു നല്‍കിയ പ്രവാചക പ്രഭുവിന് ലോകമെന്നാണ് സെല്യൂട്ട് നല്‍കുക.

വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തില്‍ ഇല്ലായ്മയുടെ ഘട്ടത്തില്‍ നല്‍കുന്ന ദാനംകൂടിയുണ്ടെന്ന പാഠം ഈ മഹാമാരിയുടെയും തുറിച്ചുനോക്കുന്ന ദുരിത കാലത്തിന്റെയും മുന്നില്‍ നല്‍കുന്ന ആശ്വാസമെത്രയാണ്.