ആരാധന അല്ലാഹുവിന്ന് മാത്രം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 സെപ്തംബർ 10, 1444 സ്വഫർ 13

ഞങ്ങൾ നിന്നെ മാത്രം ആരാധിക്കുന്നു; നിന്നോട് മാത്രം സഹായം തേടുന്നു’’ (ക്വുർആൻ 1:5).

ഒരു വസ്തുവിന്/ശക്തിക്ക് മുന്നിൽ നിർവഹിക്കുന്ന പരമമായ കീഴ്‌വണക്കത്തെ ആരാധന എന്ന് പറയാം. ഇസ്‌ലാമിന്റെ അടിസ്ഥാന നിർദേശങ്ങളിലെ പരമപ്രധാനമായ കാര്യമാണ്, ഈ കീഴ്‌വണക്കം അഥവാ ആരാധന ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകനും അജയ്യനുമായ അല്ലാഹുവിന്ന് മാത്രമെ നിർവഹിക്കാവൂ എന്നത്.

മനുഷ്യർക്ക് മാർഗദർശികളായി നിയോഗിക്കപ്പെട്ട മുഴുവൻ പ്രവാചകൻമാരും പ്രഥമവും പ്രധാനവുമായി ഉണർത്തിയതും സമൂഹത്തെ നിരന്തരം ക്ഷണിച്ചതും ഈ കാര്യത്തിലേക്കാണെന്നും ക്വുർആനിലൂടെ സഞ്ചരിച്ചാൽ സുതരാം വ്യക്തമാകും. എന്തുകൊണ്ടാണ് ഏകദൈവാരാധനക്ക് ഇസ്‌ലാം ഇത്ര പ്രാധാന്യം നൽകിയത്?

അത് ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന, പങ്കുകാരില്ലാത്ത, ഏകദൈവമായ അല്ലാഹുവിന്ന് അവന്റെ അടിമകൾ നിർവഹിക്കേണ്ട ബാധ്യതയും അവനുമാത്രം ലഭിക്കേണ്ട അവകാശവുമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ലോകത്ത് ഇതിനു വിപരീതമായി ആരാധന നിർവഹിക്കുന്നവരുണ്ടോ? ഉണ്ട്! വിവിധ മതവിഭാഗങ്ങളിൽ പെട്ടവർ കല്ലുകൾ, ജീവികൾ, സൂര്യൻ, ചന്ദ്രൻ, ദേവതകൾ, മലക്കുകൾ പ്രവാചകൻമാർ, മരണപ്പെട്ടുപോയ മനുഷ്യർ, ജീവിച്ചിരിക്കുന്ന മനുഷ്യർ തുടങ്ങി പലതിനെയും രക്ഷകരും പ്രതിസന്ധികളിൽ സഹായിക്കുന്നവരുമായി കരുതി ആരാധിക്കുന്നവരും പൂജിക്കുന്നവരുമാണ്.

മുസ്‌ലിംകൾക്കിടയിൽ അല്ലാഹുവിനല്ലാതെ ആരാധനകൾ വരാൻ സാധ്യതയുണ്ടോ? ഉണ്ട്! എല്ലാ പ്രവാചകൻമാരും അവരുടെ സമൂഹങ്ങളിൽ പ്രബോധനം നടത്തി. അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തിക്കൊടുത്തു. അത് തിരസ്‌കരിച്ചവരും സ്വീകരിച്ചവരുമുണ്ട്. സ്വീകരിച്ച ജനങ്ങൾക്കിടയിൽതന്നെ പ്രവാചകൻമാരുടെ കാലശേഷം ശിർക്ക് (ബഹുദൈവാരാധന) കടന്നു വന്നിട്ടുണ്ട്. പ്രവാചകൻമാർ ജീവിച്ചിരുന്നപ്പോൾ തന്നെ അനുയായികളിൽ പെട്ടവർ ശിർക്കിലേക്ക് നീങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്.

മുഹമ്മദ് നബി ﷺ യുടെ സമുദായത്തിൽ ശിർക്ക് കടന്നുവരാൻ സാധ്യതയുണ്ടോ? സാധ്യതയുണ്ട്! ഈ ഉമ്മത്ത് ശിർക്ക് വരാതെ സംരക്ഷിക്കപ്പെടും എന്ന് നബി ﷺ  പറഞ്ഞുതന്നിട്ടില്ല. ശിർക്കിലേക്ക് പോകാതെ നോക്കണേ എന്ന് ആവർത്തിച്ച് നബി ﷺ  ഓർമപ്പെടുത്തിയിട്ടുണ്ട് താനും.

തന്റെ സന്തതസഹചാരിയായ അബൂബക്‌റി(റ)നോടാണ് നബി ﷺ  ‘ശിർക്ക് ഉറുമ്പരിച്ചു കയറുന്നതിനെക്കാൾ ഗോപ്യമായ നിലയിൽ നിങ്ങളിലേക്ക് അരിച്ചുകയറാനിടയുണ്ടെ’ന്ന് ഓർമപ്പെടുത്തിയതും ഇങ്ങനെ പ്രാർഥിക്കാനാവശ്യപ്പെട്ടതും: ‘അല്ലാഹുവേ, ഞാനറിഞ്ഞുകൊണ്ട് നിന്നിൽ ശിർക്ക് ചെയ്യുന്നതിനെ സംബന്ധിച്ച് നിന്നോട് കാവൽ ചോദിക്കുന്നു, അറിയാതെ ശിർക്ക് വരുന്നതിൽനിന്നും പാപമോചനം തേടുന്നു’ (ബുഖാരി; അദബുൽ മുഫ്‌റദ്).

ഇന്നത്തെ മുസ്‌ലിം ഉമ്മത്തിൽ ശിർക്കുപരമായ കാര്യങ്ങളുണ്ടാവാനിടയുണ്ടോ? ഉണ്ട്! മരിച്ചുപോയ മഹാൻമാരായ ഔലിയാക്കളും മറ്റും പ്രയാസഘട്ടങ്ങളിൽ നമ്മെ സഹായിക്കുമെന്നും അങ്ങനെ സഹായിക്കാനായി അല്ലാഹു അവർക്ക് കഴിവ് നൽകിയിട്ടുണ്ടെന്നും വിശ്വസിക്കുന്ന ധാരാളം സഹോദരൻമാർ നമുക്കിടയിലുണ്ട്.

ഒരുവേള അറിവില്ലാത്തതുകൊണ്ടാകും അവർ അങ്ങനെ കരുതുന്നതും ചെയ്യുന്നതും. എന്നാൽ ഇത് ഗുരുതരമായ തെറ്റാണെന് ബോധ്യമുള്ള പണ്ഡിതൻമാർ അവരെ തിരുത്താതിരിക്കുകയും അവർക്ക് പ്രോത്സാഹനം നൽകുകയുമാണ് ചെയ്യുന്നത്. സംഘടനാകിടമൽസരങ്ങൾക്കിടയിൽ നാം നഷ്ടപ്പെടുത്തുന്നത് നമ്മുടെ പരലോകമാണ് എന്ന് എല്ലാവരും ഓർത്തിരുന്നെങ്കിൽ!