മഹാവിപത്തിനെതിരെ കൈകോര്‍ക്കാം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 മാർച്ച് 12, 1442 ശഅബാൻ 9

ബാബു എന്നാണ് അവ ന്റെ പേര്. നാട്ടുകാര്‍കൊക്കെ പ്രിയപ്പെട്ടവന്‍. ഏതു കാര്യത്തിനും സഹായത്തിനായി ഓടിയെത്തുന്നവന്‍. ബാബുവിന്റെ കല്യാണം അയല്‍പക്കക്കാര്‍ ഒന്നിച്ച് സന്തോഷത്തോടെയാണ് നടത്തിയത്.

ബാബുവിന്റെ ഭാര്യ എത്ര സന്തോഷവതിയായിരിക്കും! ചുറ്റുവട്ടത്തുള്ള പെണ്ണുങ്ങള്‍ അടക്കം പറഞ്ഞു. പണം കുറവാണെങ്കിലും പരോപകാരിയും, നല്ലവനുമായ ആ ചെറുപ്പക്കാരനെ കണ്ടുപഠിക്കാന്‍ ഉമ്മമാര്‍ തങ്ങളുടെ മക്കളെ ഉപദേശിച്ചുകൊണ്ടിരുന്നു.

വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കൂലിപ്പണി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയിരുന്ന ബാബു ദിനംതോറും വൈകി വീട്ടിലെത്താന്‍ തുടങ്ങി. അവന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ചില മാറ്റങ്ങള്‍ പ്രകടമായി. രൂക്ഷമായ മദ്യത്തിന്റെ ഗന്ധം അവന്റെ ഭാര്യയില്‍ അമ്പരപ്പുണ്ടാക്കി!

വേണ്ടതിനും വേണ്ടാത്തതിനും ആ പെണ്‍കുട്ടിയെ അവന്‍ ക്രൂരമായി ഉപദ്രവിച്ചു. എന്നും രാവിലെ ജോലിക്ക് പോയിരുന്ന അവന്‍ മിക്കപ്പോഴും രാത്രി കുടിച്ച കള്ളിന്റെ കെട്ടില്‍ പകലിലും കിടന്നുറങ്ങി. ദൈവവിശ്വാസത്തിൽ നിന്നും മതകാര്യങ്ങളില്‍നിന്നും പൂര്‍ണമായി അകന്നു. അയല്‍വാസികള്‍ മൂക്കത്ത് വിരല്‍ വെച്ചു. എങ്ങിനെയിരുന്ന കുട്ടിയാണ്! എന്തുപറ്റി ഇവന്?

ബാബു കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. ഭാര്യവീട്ടുകാര്‍ അവനെ ഡിഅഡിക്ഷന്‍ സെന്ററില്‍ കൊണ്ടുപോയി പ്രശ്‌നം പരിഹരിക്കാനൊരു ശ്രമം നടത്തി. കക്ഷി സഹകരിക്കാത്തതിനാല്‍ വിജയിച്ചില്ല. ഒടുവില്‍ ബാബുവിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി. കൂടുതല്‍ കൂടുതല്‍ മദ്യത്തിലേക്കാണ്ട ബാബു എല്ലാവരുടെയും മുന്നില്‍ ഒരു സങ്കടമായി തുടരുന്നു.

ഇങ്ങനെ എത്രയെത്രയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്! മദ്യം മനുഷ്യനെ മൃഗമാക്കുമെന്ന്; അല്ല അതിനെക്കാള്‍ അധമനാക്കുമെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടോ? മനുഷ്യന്റെയുള്ളിലെ സകല നന്‍മകള്‍ക്കും കോടാലി വെക്കുന്ന, സകല തിന്‍മകള്‍ക്കും തിരികൊളുത്തുന്ന വിഷം! മുഹമ്മദ് നബി ﷺ പറഞ്ഞതെത്ര ശരിയാണ്: ‘മദ്യം തിന്‍മകളുടെ മാതാവാണ്.’

നമുക്കു മുമ്പില്‍ കണക്കുകളുടെയോ, റിപ്പോര്‍ട്ടുകളുടേയോ കുറവൊന്നുമില്ല. കോവിഡ് 19 എന്ന ഈ നൂറ്റാണ്ടിലെ മഹാമാരി കാരണം ഇതുവരെ മരണപ്പെട്ടത് ലക്ഷക്കണക്കിന് മനുഷ്യരാണ്. എന്നാല്‍ ഓരോ വര്‍ഷവും മദ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണത്തിന്റെ തോത് മുപ്പത് ലക്ഷമാണെന്നത് എന്തുകൊണ്ട് നമ്മെ ചിന്തിപ്പിക്കുന്നില്ല? ഇതിനു പുറമെ, ശാരീരിക രോഗങ്ങള്‍, വിഷാദം, കുടുംബ കലഹം, വിവാഹ മോചനം, കൊലപാതകം, വാഹനാപകടം, കുട്ടികളിലെ മാനസിക പ്രശ്‌നം, സ്ത്രീകള്‍ക്കിടയിലെ അരക്ഷിതാവസ്ഥ... ഇങ്ങനെ എന്തെല്ലാം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വില്ലനാണ് മദ്യം!

ഇന്ത്യയിലെ ആളോഹരി മദ്യ ഉപഭോഗം 5.7 ലിറ്ററാണെങ്കില്‍ കേരളത്തിന്റെത് ദേശീയ ശരാശരിക്കും മുകളില്‍ 8 ലിറ്റര്‍ ആണെന്ന് കണക്കുകള്‍ പറയുന്നു. അല്ലെങ്കിലും മലയാളിയുടെ ‘കുടി’ ഭുവനപ്രസിദ്ധമാണല്ലോ.

പല കാര്യങ്ങളും നമുക്കിടയില്‍ ഊതി വീര്‍പ്പിക്കപ്പെട്ടതായിരുന്നുവെന്ന് തെളിഞ്ഞ ലോക്ഡൗണ്‍ കാലം മദ്യത്തിന്റെ കാര്യത്തിലും ഒരു പുനര്‍വിചിന്തനത്തിന് മലയാളിയെ പ്രേരിപ്പിക്കേണ്ടതുണ്ട്. മലയാളിയുടെ കുടിശീലം നിര്‍ത്താനാവാത്തതാണോ? അല്ല, അല്ലേ?

ലോക്ഡൗണ്‍ വേളയിലും കള്ളവാറ്റുണ്ടായിരുന്നെങ്കിലും ഈ കുടിയന്‍മാര്‍ക്ക് മുഴുവനൊന്നും അവ കിട്ടിയിട്ടില്ലല്ലോ? എന്നിട്ടിവിടെ എന്തൊക്കെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായി? എത്ര ആത്മഹത്യകള്‍ നടന്നു? ആരൊക്കെ മദ്യം കിട്ടാഞ്ഞ് ലോക്ഡൗണ്‍ ലംഘിച്ചു?

കോവിഡ് കാലത്തെ മദ്യപന്‍മാരുടെ കുടുംബ ജീവിതത്തിലുണ്ടായ മാറ്റം അക്കാദമികമായി പഠന വിധേയമാക്കേണ്ടിയിരിക്കുന്നു. ഈ മഹാവ്യാധിയെ പിടിച്ചുകെട്ടാനുള്ള സുവര്‍ണാവസരമാണ് മറ്റൊരു മാറാവ്യാധിക്കാലത്ത് നമ്മുടെ മുന്നില്‍ കടന്നുപോകുന്നത്. പ്രാദേശികമായ കൂട്ടായ്മകള്‍ രൂപപ്പെടുത്തി ഒന്നിച്ചുള്ള മുന്നേറ്റങ്ങള്‍ അനിവാര്യമാണ്. വരുംതലമുറക്ക് വേണ്ടി, വിശ്വാസികള്‍ അതിന് മുന്നില്‍ നില്‍ക്കുക. അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരല്ലേ ബുദ്ധിമാന്‍മാര്‍?