കഴിഞ്ഞതോര്‍ത്ത് ദുഃഖിച്ചിരിക്കരുത്

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 ഫെബ്രുവരി 19, 1442 റജബ്  18

ജീവിതം മുന്നോട്ടൊഴുകുന്ന നദിപോലെയാണ്. നദി ചിലപ്പോള്‍ സ്വഛമായൊഴുകും. മറ്റു ചിലപ്പോള്‍ ഹുങ്കാരഭാവം കൈവരിക്കും. ജീവിതവും അതുപോലെയൊക്കെ തന്നെയാണ്. കരകവിഞ്ഞൊഴുകിയപ്പോഴുണ്ടായ കെടുതികളോര്‍ത്ത് ഒരു പുഴയും ഇന്നേവരെ ഒഴുകാതിരുന്നിട്ടില്ല. കൂടെയൊഴുകിയ ചണ്ടികളും മുള്‍പടര്‍പ്പുകളും കാരണം തിരിച്ചൊഴുകിയിട്ടുമില്ല. ജീവിതവും അതുപോലെതന്നെ; മുന്നോട്ടൊഴുകിക്കൊണ്ടേയിരിക്കേണ്ടത്, ചണ്ടികളെയും മുള്‍പ്പടര്‍പ്പുകളെയും വകഞ്ഞു മാറ്റി, കൂടെയൊഴുകുന്നവരെ ചേര്‍ത്തുപിടിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കേണ്ടത്...

ജീവിതത്തില്‍ എവിടെയെങ്കിലും പിഴവുകള്‍ പറ്റിയതോര്‍ത്ത് കരഞ്ഞിരിക്കേണ്ടവനല്ല വിശ്വാസി. അവന്റെ അരുതായ്മകള്‍ പൊറുത്തുകൊടുക്കാന്‍ മാത്രം അതിവിശാല മനസ്സുള്ള റബ്ബിന്റെ കാരുണ്യം പ്രതീക്ഷിച്ച് പാപമോചനം അര്‍ഥിച്ചുകൊണ്ടേയിരിക്കുകയും തനിക്ക് ചെയ്തുതീര്‍ക്കാനുള്ള വലിയ ഉത്തരവാദിത്തങ്ങളിലേക്ക് ഊളിയിട്ടിറങ്ങുകയും ചെയ്യേണ്ടവനാണ് വിശ്വാസി. ഇടയ്ക്ക് തൂങ്ങിക്കിടക്കുന്ന ചെറുതും വലുതുമായ പ്രതിബന്ധങ്ങളെ മറികടന്ന് മുന്നോട്ട് കുതിക്കണം. അഥവാ ജീവിതവഴിയിലെ പ്രതിസന്ധികളെയും വൈതരണികളെയും വകഞ്ഞുമാറ്റാന്‍ നമുക്കാവണം.

പുഴ എപ്പോഴും കൂടെയൊഴുകുന്ന പാറക്കല്ലുകളുടെ പരുക്കന്‍ രൂപം മാറ്റി അവയെ മിനുസമുള്ളതും ആകര്‍ഷകമായ ആകൃതിയുള്ളതുമാക്കി മാറ്റാറുണ്ട്. നമ്മുടെ ജീവിതംകൊണ്ട് അതുപോലെ കൂടെയുള്ളവരെ - അവര്‍ ഏതു തരത്തിലുള്ളവരാണെങ്കിലും - മിനുക്കിയെടുത്ത് സൗകുമാര്യമുള്ളവരാക്കി മാറ്റിയെടുക്കാനാവണം.

ഉത്തമസ്വഭാവവും സംസ്‌കാരവുമാണല്ലോ ഒരു മനുഷ്യന്‍ മനുഷ്യനാവുന്നതിന്റെ അടിസ്ഥാനം. നബി ﷺ പറഞ്ഞത് നോക്കൂ: ‘ഞാന്‍ നിയോഗിക്കപ്പെട്ടത് സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനായാണ്.'

പുഴ പലപ്പോഴും ചെയ്യുന്നതുപോലെ, അടിയൊഴുക്കിനൊപ്പം പാറകളെ ചേര്‍ത്തൊഴുക്കിക്കൊണ്ടു വന്ന് മണല്‍ത്തരികളും ചിലപ്പോഴൊക്കെ പൊന്‍തരികളും നല്‍കുന്ന മാസ്മരികത കാണിക്കേണ്ടത് കൂടിയാണ് ജീവിതം.

വന്‍തടികളെ പോലും ഭാരമില്ലാതെയൊഴുക്കി ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള മിടുക്ക് കാണിക്കാറുമുണ്ട് പുഴ. അത് ഇരുകരകളിലുമുള്ള അനേകായിരങ്ങള്‍ക്ക് കുടിവെള്ളം നല്‍കും, മറ്റു ജീവജാലങ്ങള്‍ക്കാവശ്യമായ ആവാസവ്യവസ്ഥയൊരുക്കും, സസ്യങ്ങള്‍ക്കാവശ്യമായ ജലം നല്‍കും. ഇതേപോലെ, ജീവിത പ്രയാസങ്ങളില്‍ പെട്ട് മുന്നോട്ട് ഒഴുകാനാവാതെ നില്‍ക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ടാകും. അവരിലേക്ക് കണ്ണയക്കാനാകണം. നമ്മുടെ കണ്ണുകളെ മൊബൈല്‍ സ്‌ക്രീനിന്റെ ഇത്തിരിവട്ടത്തില്‍നിന്നുയര്‍ത്തി ചുറ്റുപാടുകളിലേക്ക് ആഴത്തില്‍ പരതാനയച്ചാല്‍ മാത്രമെ നാം ചെയ്തു തീര്‍ക്കേണ്ട, നമുക്ക് മാത്രം ഇടപെടാനാവുന്ന ഒട്ടേറെ കാര്യങ്ങള്‍ ചുറ്റുപാടുമുണ്ട് എന്ന ബോധ്യം നമുക്കുണ്ടാവുകയുള്ളൂ. അവ തിരിച്ചറിയാനും മുന്നില്‍ നിന്ന് ഏറ്റെടുക്കാനും വിശ്വാസിക്കാവേണ്ടതുണ്ട്. ഈ നബിവചനം നമ്മുടെ ചിന്തകളെ തൊട്ടുണര്‍ത്തട്ടെ: ‘അല്ലാഹു അവന്റെ അടിമയെ സഹായിച്ചുകൊണ്ടേയിരിക്കും; ആ അടിമ സഹജീവികളുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുന്ന കാലത്തോളം.'

ഒരോ സൂര്യോദയത്തിന്റെയും കൂടെ ഇളം പല്ലുകാട്ടി ചിരിക്കുന്ന ആ വെള്ളി തെളിച്ചം. ഓരോ അസ്തമയത്തിന്റെയും കൂടെ ഭൂമിയോട് വിടപറയുന്നതിന്റെ സര്‍വ ദുഃഖവും പ്രകടിപ്പിക്കുന്ന ആ സുവര്‍ണ നിറമണിഞ്ഞ കണ്ണീര്‍ത്തുള്ളികള്‍. അപ്പോഴും നാളെ രാവിലെ ഞാന്‍ പൂര്‍വാധികം ശക്തിയോടെ ഒഴുകുമെന്ന പ്രതിജ്ഞ... ഇങ്ങനെ എന്തെല്ലാം ഒരു പുഴ നമ്മെ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇതുപോലെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഓരോ പ്രഭാതത്തെയും സ്വീകരിക്കുകയും അവ തനിക്കനുകൂലമാക്കി മാറ്റാന്‍ പരിശ്രമിക്കുകയും ചെയേണ്ടവനാണ് വിശ്വാസി.