ലൈംഗികത: അറിയേണ്ട ചില വസ്തുതകൾ

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 ഏപ്രിൽ 23, 1442 റമദാൻ 21

പ്രവാചകൻ ﷺ വിവാഹിതരായവർക്ക് നൽകിയ ആദ്യ ഉപദേശം വിവാഹം കഴിഞ്ഞയുടൻ ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പരസ്പരം പിരിയാതെ കഴിച്ചുകൂട്ടുക എന്നതാണല്ലോ. നാം മധുവിധു എന്ന് പറയാറുള്ള ഈ കാലഘട്ടം വിവാഹ ജീവിതത്തിലെ ഏറെ പ്രാധാന്യമുള്ള ഘട്ടമാണ്. പരസ്പരമുള്ള എല്ലാ ഇഷ്ടാനിഷ്ടങ്ങളും തിരിച്ചറിഞ്ഞ് അവയ്ക്കനുസരിച്ച് ഭാവിജീവിതം ക്രമപ്പെടുത്താനുള്ള റിഹേഴ്‌സൽ! എത്ര സുന്ദരവും പ്രായോഗികവുമായ മാർഗ നിർദേശം!

ഫാമിലി കൗൺസലറുടെ മുന്നിലിരിക്കുന്ന യുവാവ് വല്ലാതെ പരിക്ഷീണിതനാണ്. മൂന്നാമത്തെ സിറ്റിംഗാണ്. വിവാഹമോചനം വേണമെന്ന കാര്യത്തിൽ പെൺകുട്ടി ഉറച്ചുനിൽക്കുകയാണ്. ആദ്യമൊക്കെ അവൾ പറയാൻ മടിച്ചിരുന്ന കാര്യം രണ്ട് സിറ്റിംഗ് ആയപ്പോഴേക്ക് തുറന്നുപറഞ്ഞു.

പ്രശ്‌നത്തിന്റെ മർമം ഇതായിരുന്നു: അവൾ വിദേശത്ത് മാതാപിതാക്കൾക്കൊപ്പമാണ് വളർന്നത്. ഫ്‌ളാറ്റ് ജീവിതം. അടച്ചിട്ട നാല് ചുമരുകൾക്കുള്ളിൽ ശ്വാസം തിങ്ങിപ്പോകാതിരിക്കാൻ ജോലിക്കാരായ ഉമ്മയും ഉപ്പയും പരമാവധി ശ്രദ്ധിച്ചിരുന്നു.

മതകാര്യങ്ങളിൽ നിഷ്ഠ പുലർത്തുന്ന കുടുംബം. എങ്കിലും സാധ്യമായതും പരിധികൾ ലംഘിക്കാ ത്തതുമായ എല്ലാ ആസ്വാദനങ്ങളും സന്തോഷങ്ങളും മക്കൾക്ക് നൽകുന്നതിൽ അവർ ശ്രദ്ധ പുലർ ത്തിയിരുന്നു. വീടിനുള്ളിൽ തികഞ്ഞ സൗഹൃദാന്തരീക്ഷം പുലർത്തി. എന്തും തുറന്നുപറയാനുള്ള സാഹചര്യം മക്കൾക്കും മാതാപിതാക്കൾക്കുമിടയിൽ ഉണ്ടായിരുന്നു.

മൂത്ത മകൾ ഹയർ സെക്കന്ററി പൂർത്തിയാക്കി, നാട്ടിൽ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് വിവാഹം. വരൻ നല്ല ഇസ്‌ലാമിക അന്തരീക്ഷമുള്ള കുടുംബത്തിലെ അംഗം. പഠനം കഴിഞ്ഞ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നു. എല്ലാ നിലയ്ക്കും യോജിച്ച ബന്ധം. അന്വേഷണങ്ങൾ പെട്ടെന്ന് പൂർത്തിയായി. വിവാഹവും വേഗത്തിൽ നടന്നു. എന്നാൽ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കുമാണ് വിവാഹമോചനം വേണമെന്ന ആവശ്യവുമായി കൗൺസലറെ സമീപിച്ചിരിക്കുന്നത്! പെൺകുട്ടി തുറന്നു പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന് തന്നെ സന്തോഷിപ്പിക്കാനറിയുന്നില്ല എ ന്നാണ്! ഒട്ടേറെ ബന്ധങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധി! എന്താണ് പ്രശ്‌നത്തിന്റെ കാരണം? എവിടെയാണ് പരിഹാരം?

ലൈംഗികത ഒരു പാപമല്ലെന്നും മറിച്ച് ഒരു പുണ്യകർമവും കുടുംബ ജീവിതത്തെ ബലപ്പെടുത്തി കൊണ്ടുപോകുന്നതിലെ സുപ്രധാന ഘടകമാണെന്നും തിരിച്ചറിയുന്നതിൽ ആണും പെണ്ണും പരാജയപ്പെട്ടുപോകുന്ന എത്രയോ ഉദാഹരണങ്ങൾ നമുക്ക് കാണാനാകും.

പുരുഷൻമാരോട്: ലൈംഗികത തന്നെയാണ് കുടുംബ ജീവിതത്തിന്റെ സംതൃപ്തിയുടെ ആണിക്കല്ല്. പല കാരണങ്ങളാൽ ശരിയായ ലൈംഗിക വിജ്ഞാനം ലഭ്യമാകാതെ പോകുന്നവരാണ് നാം, വിശിഷ്യാ മതനിഷ്ഠയുള്ള കുടുംബത്തിലെ കുട്ടികൾ. അറിഞ്ഞ വിവരങ്ങൾ പലപ്പോഴും തെറ്റായ സ്രോതസ്സിൽനിന്നാകാനും സാധ്യതയുണ്ട്. അതിനാൽ ലൈംഗികത അറിയേണ്ട കാര്യമാണെന്നും ശരിയായ ലൈംഗിക വിദ്യാഭ്യാസം നേടുന്നതിൽ തെറ്റില്ലെന്നും തിരിച്ചറിയുക. അറിവില്ലാത്ത കാര്യം അറിയുന്നവരോട് ചോദിക്കാമെന്നാണല്ലോ. അതുകൊണ്ട് തനിക്ക് ഏറ്റവും കംഫർട്ട്ബ്ൾ ആയ ഒരാളെ കണ്ട് അത്തരം വിഷയത്തിൽ ചർച്ചകൾ നടത്തുന്നത് അനിവാര്യമാണ്.

വിവാഹിതരാവുന്ന ആൺകുട്ടികൾക്ക് അൽപം ഉള്ളുതുറന്ന് സംസാരിക്കാവുന്ന അവസരങ്ങളൊരു ക്കുന്നതിൽ മാതാപിതാക്കളോ, മതനേതൃത്വമോ, മുതിർന്ന സുഹൃത്തുക്കളോ മുൻകൈയെടുക്കൽ നല്ലതാണ്.

തെറ്റായ വിവരങ്ങളുടെ ആധിക്യവും ശരിയായ ധാരണകളുടെ അഭാവവുമാണ് ഈ രംഗത്തെ ഏറ്റവും വലിയ പ്രതിസന്ധി. അതിനാൽ ചില സ്വയംതിരിച്ചറിവുകളിലേക്ക് നാം ബോധപൂർവം എത്തേണ്ടി യിരിക്കുന്നു.

ആത്മവിശ്വാസം അതിപ്രധാനമാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാം തെറ്റാണെന്ന് മനസ്സിൽ പതിഞ്ഞ കുട്ടിക്കാലമുള്ള ഒരാൾക്ക് വിവാഹ ശേഷമുള്ള ലൈംഗിക ജീവിതത്തിൽ വിജയിക്കുക എളുപ്പമല്ല. അതിനാൽ നെല്ലും പതിരും വേർതിരിക്കുന്നതിൽ സമൂഹത്തിൽ ഇടപെടുന്നവർക്ക്, വിശിഷ്യാ മതോപദേശം നടത്തുന്നവർക്ക് ഗണ്യമായ പങ്ക് നിർവഹിക്കാനുണ്ട്.

ഏതൊരു പുരുഷനും ഒരു സ്ത്രീയെ സംതൃപ്തിപ്പെടുത്താനുള്ള കഴിവ് ദൈവം നൽകിയിട്ടുണ്ട് എന്ന തിരിച്ചറിവാണ് ആത്മവിശ്വാസത്തിന്റെ ആദ്യപടി. ലൈംഗികതയും ഒരു കലയാണ് എന്ന് തിരിച്ചറിയുക. ലോകത്തെ ഓരോ സൃഷ്ടിയും മറ്റൊന്നിൽനിന്ന് വ്യത്യസ്തമാണ് എന്നറിയുന്ന നമ്മൾ ലൈംഗികതയുടെ കാര്യത്തിലും നമ്മുടെ ഇണ അതുല്യയാണെന്നും അവളുടെ ഇഷ്ടത്തെ തിരിച്ചറിയാൻ തനിക്കാവുന്നതിലൂടെ താൻ വിജയിക്കുമെന്നും മനസ്സിലാക്കുക.

പ്രവാചകൻ ﷺ വിവാഹിതരായവർക്ക് നൽകിയ ആദ്യ ഉപദേശം വിവാഹം കഴിഞ്ഞയുടൻ ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പരസ്പരം പിരിയാതെ കഴിച്ചുകൂട്ടുക എന്നതാണല്ലോ. നാം മധുവിധു എന്ന് പറയാറുള്ള ഈ കാലഘട്ടം വിവാഹ ജീവിതത്തിലെ ഏറെ പ്രാധാന്യമുള്ള ഘട്ടമാണ്. പരസ്പരമുള്ള എല്ലാ ഇഷ്ടാനിഷ്ടങ്ങളും തിരിച്ചറിഞ്ഞ് അവയ്ക്കനുസരിച്ച് ഭാവിജീവിതം ക്രമപ്പെടുത്താനുള്ള റിഹേഴ്‌സൽ! എത്ര സുന്ദരവും പ്രായോഗികവുമായ മാർഗ നിർദേശം!

ഇണയുമായി സല്ലപിക്കുന്നതും അവൾക്ക് ചുംബനം നൽകുന്നതും സാധ്യമായ രീതികളെല്ലാം ഉപയോഗപ്പെടുത്തി ലൈംഗിക സംതൃപ്തി വരുത്തുന്നതും മതത്തിൽ പുണ്യകരമാണെന്ന അറിവ് ഏറ്റവും അടിസ്ഥാനപരമാണ്. ഈ അർഥത്തിൽ വിവാഹജീവിതത്തെ സമീപിച്ചാൽ വിജയം തനിയെ വരുമെന്നതിൽ തർക്കമില്ല.