സ്വർഗം അരികിലുണ്ട്

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16

സ്വുബ്ഹി നമസ്‌കാരം കഴിഞ്ഞ് നബി ﷺ  അനുചരൻമാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ബിലാലും കൂട്ടത്തിലുണ്ട്. ആരാണ് ബിലാൽ(റ)? ആഫ്രിക്കൻ വംശജന്റെ എല്ലാ ശാരീരിക രൂപങ്ങളും പൂർണാർഥത്തിലുള്ള, ചുരുണ്ട തലമുടിയും ചപ്പിയ മൂക്കും തടിച്ച ചുണ്ടുകളുമുള്ള, കുള്ളനും കറുകറുത്തവനുമായ ബിലാൽ(റ).

നബി ﷺ  ബിലാലിനോട് ചോദിച്ചു: “ഇന്നലെ സ്വപ്നത്തിൽ (പ്രവാചകൻമാരുടെ സ്വപ്നം ദൈവ സന്ദേശമാണ്) ഞാൻ സ്വർഗത്തിൽ താങ്കളുടെ ചെരുപ്പിന്റെ ശബ്ദം എന്റെ മുമ്പിലായി കേട്ടല്ലോ! താങ്കൾ ഇത്ര മഹത്തായ പദവി കരസ്ഥമാക്കാൻ ചെയ്തുകൊണ്ടിരിക്കുന്ന കർമങ്ങളെന്തൊക്കെയാണ്?’’

ഒന്നാലോചിച്ചശേഷം ബിലാൽ(റ) പ്രതിവചിച്ചു: “അല്ലാഹുവിന്റെ റസൂലേ, ഞാൻ എപ്പോഴെല്ലാം വുദൂഅ് (അംഗശുദ്ധി) വരുത്താറുണ്ടോ അപ്പോഴൊക്കെ അതിന്റെ ഭാഗമായി പഠിപ്പിക്കപ്പെട്ട രണ്ടുറക്അത്ത് ഐഛിക നമസ്‌കാരം നിർവഹിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഒരുപക്ഷെ, അതായിരിക്കാം അല്ലാഹു എന്നെ ഈ പദവിയിലേക്ക് തെരഞ്ഞെടുക്കാൻ കാരണം.’’

നോക്കൂ, സ്വർഗത്തിലെ അതിമഹത്തായ അനുഗ്രഹത്തിലേക്കെത്തിപ്പെടാൻ എത്ര ലളിതമായ കർമമാണ് ആ സ്വഹാബിയെ സഹായിച്ചത്!

തികച്ചും ലളിതമായ കർമങ്ങൾ, എന്നാൽ ശ്രദ്ധയോടെയും അൽപം ജാഗ്രതയോടെയും ചെയ്താൽ വിവരിക്കാനാവാത്ത പ്രതിഫലം നമുക്ക് നേടിയെടുക്കാനാകും; ഇൻശാ അല്ലാഹ്.

സ്വർഗകവാടങ്ങളെക്കുറിച്ച് പ്രതീക്ഷാനിർഭരമായ സംസാരമാണ് ഇസ്‌ലാം നടത്തിയിട്ടുള്ളത്. നാൽപത് വർഷത്തെ വഴിദൂരമാണ് ഓരോ വാതിലിന്റെയും വീതി. അതാവട്ടെ അന്ന് തിരക്കേറിയതാവുകയും ചെയ്യും. ഇവ സൂചിപ്പിക്കുന്നതെന്താണ്?

അതിവിശാലമായ സ്വർഗകവാടത്തിലൂടെ ഊഹിക്കാൻ പോലുമാകാത്ത സ്വർഗലോകത്തേക്കായി അല്ലാഹു തെരഞ്ഞെടുക്കുന്നവരുടെ എണ്ണം എത്രയോ അധികമുണ്ടാവും എന്നത് തന്നെയാണ്.

അതിലാണ് നമ്മുടെ സകല പ്രതീക്ഷയും. ഒന്നു ശ്രമിച്ചാൽ, ഒന്നു ശ്രദ്ധിച്ചാൽ, വന്നുപോയ വീഴ്ചകളിൽനിന്ന് പശ്ചാത്തപിച്ച് കരകയറിയാൽ, അല്ലാഹുവിലേക്കൊന്ന് അടുത്താൽ തീർച്ചയായും നമുക്ക് ആ സ്വർഗവഴിയിൽ ഇടം പിടിക്കാനാകും. അല്ലാഹു അനുഗ്രഹിക്കട്ടെ.