ഒന്നു ചിരിച്ചുകൂടെ?

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര 

2022 ജനുവരി 29, 1442 ജുമാദൽ ആഖിർ 26

'ഒരു പുഞ്ചിരി ഞാന്‍
മറ്റുള്ളവര്‍ക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യ നിര്‍മല പൗര്‍ണമി' (അക്കിത്തം)

ലോകത്തെ ഏറ്റവും നിഷ്‌കളങ്കമായ പുഞ്ചിരി എന്ന അടിക്കുറിപ്പോടെ വാട്‌സാപ്പില്‍ പ്രചരിച്ച ഒരു കൊച്ചുകുട്ടിയുടെ മുഖം എല്ലാവരുമോര്‍ക്കുന്നുണ്ടാകും. സത്യത്തില്‍, പുഞ്ചിരിക്കുന്ന ഒരു കുഞ്ഞുമുഖത്തോട് ആര്‍ക്കാണ് തിരിച്ച് ചിരിക്കാതിരിക്കാനാവുക? തിരികെ സന്തോഷം നല്‍കാതിരിക്കാനാവുക? പുഞ്ചിരിക്കുന്നവനോടാരെങ്കിലും കോപത്തോടെ പ്രതികരിക്കാറുണ്ടോ? വിശപ്പിന്റെ സകല കാഠിന്യവുമനുഭവിച്ച്, ദാരിദ്ര്യത്തിന്റെ എല്ലാ അടയാളങ്ങളെയുമാവാഹിച്ച് തന്റെ വീട്ടിലേക്ക് കടന്നുവന്ന യുവതിയെയും ഒക്കത്തിരുന്ന കുഞ്ഞിനെയും  മദീനാ ജീവിതത്തില്‍ പ്രവാചകന്‍ ﷺ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, സഹധര്‍മിണിയിലേക്ക് നബി തിരിഞ്ഞുനോക്കിയപ്പോഴേക്കും ആകെയുണ്ടായിരുന്ന ഈത്തപ്പഴം എടുത്തു കൊണ്ടുവന്നിരുന്നു അവര്‍.

നാളുകള്‍ക്ക് ശേഷം കിട്ടുന്ന ഭക്ഷണത്തോട് അതീവ താത്പര്യം കാണിച്ച കുഞ്ഞിന്റെ വായിലേക്ക് ഒരു കഷ്ണം വെച്ചുകൊടുത്ത് മറു കഷ്ണം സ്വന്തം വായിലക്കിടാന്‍ തുനിഞ്ഞപ്പഴേക്കും ഒക്കത്തിരുന്ന കുഞ്ഞുകൈകള്‍ അതിനുകൂടി കൈനീട്ടി, ഒട്ടും സങ്കോചമില്ലാതെ അതും ഓമനക്കുഞ്ഞിന്റെ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ ആ പെണ്ണ് ചിരിക്കുന്നുണ്ടായിരുന്നു; സന്തോഷത്തിന്റെ ചിരി.

ആ ചിരി ചൂണ്ടിക്കൊണ്ട് നബി ﷺ പറഞ്ഞത് ‘അല്ലാഹുവും ചിരിക്കും ഇതിനെക്കാള്‍ മനോഹരമായി, തന്റെ അടിമ അവനിലേക്ക് ഖേദിച്ചു മടങ്ങുമ്പോള്‍' എന്നായിരുന്നു. നമുക്ക് നല്‍കപ്പെട്ട അനേകം അനുഗ്രഹങ്ങളിലൊന്നാണ് മുന്‍പല്ലുകള്‍. നമ്മുടെ മനസ്സിന്റെ നിര്‍മലതയും ഹൃദയത്തിന്റെ സ്‌നേഹവും സന്തോഷവും മറ്റുള്ളവരുടെ മുന്നില്‍ എന്തുകൊണ്ടൊരു പുഞ്ചിരിയിലൂടെ പ്രകടമാക്കിക്കൂടാ...?

പുഞ്ചിരി ധര്‍മമാണെന്നും തന്റെ സഹോദരനായ ഓരോ മനുഷ്യനെയും പുഞ്ചിരികൊണ്ട് എതിരേല്‍ക്കണമെന്നും പഠിപ്പിച്ച നബി(സ) മനുഷ്യര്‍ പരസ്പരം എന്തുമാത്രം സ്‌നേഹത്തില്‍ ഇടപഴകി ജീവിക്കണമെന്നാണ് നമ്മെ പഠിപ്പിച്ചത്!

അവനവനിലേക്ക് ചുരുങ്ങിപ്പോയിരുന്ന ലോകത്തെ കൊറോണ പഠിപ്പിച്ച വലിയ പാഠം മറ്റുള്ളവനെകൂടി ശ്രദ്ധിക്കണം എന്നതായിരുന്നില്ലേ? തന്റെ അയല്‍പക്കത്ത് രോഗം വരാതിരിക്കുന്നത് തനിക്കു കൂടി ആവശ്യമാണെന്ന സാമൂഹ്യപാഠം പഠിക്കാന്‍ ലോകത്തിന് ഒരു മഹാമാരിവരെ കാത്തിരിക്കേണ്ടിവന്നു.

ഖത്തര്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ ജാഗ്രത സന്ദേശത്തിന്റെ മുഖ്യ വാചകം ഇതായിരുന്നു: 'സലാമതുക്കും സലാമതുനാ.' (നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ ആരോഗ്യം).

മനോഹരമായ ഒരു സദുപദേശകഥയുണ്ട്.  പരമദരിദ്രനായ ഒരാള്‍ ദൈവത്തോട് പരാതി പറഞ്ഞു: 'നീ സര്‍വശക്തനാണല്ലോ. ആര്‍ക്കും എന്തും നല്‍കാന്‍ കഴിയുന്നവന്‍.  നീ ധാരാളമാളുകള്‍ക്ക് സമ്പത്തിന്റെ വലിയ കൂമ്പാരങ്ങള്‍ തന്നെ നല്‍കിയിട്ടുണ്ടല്ലോ. അതിനാല്‍ അവര്‍ക്ക് ധാരാളം ദാനം ചെയ്യാന്‍ കഴിയുന്നു. സുഖമായി ജീവിക്കാനും ആഗ്രഹിക്കുന്നതൊക്കെ നടപ്പാക്കാനും സാധിക്കുന്നു. എന്നിട്ടും നീ എന്തുകൊണ്ടാണ് എന്നെ ഇങ്ങനെ ദരിദ്രനാക്കിയത്? എനിക്ക് എന്താണ് ധാരാളം ധനം നല്‍കാത്തത്?'

ദൈവം ഇതിനിങ്ങനെ മറുപടി പറഞ്ഞു: ‘നീ വലിയ പിശുക്കനായതുകൊണ്ടാണ് നിനക്ക് ഞാന്‍ ധനം ധാരാളമായി നല്‍കാത്തത്.'

‘സമ്പത്ത് ഉണ്ടെങ്കിലല്ലേ ദാനം ചെയ്യുകയും ഉദാരത കാണിക്കുകയും ചെയ്യുക. പരമ ദരിദ്രനായ എന്നെ എങ്ങനെയാണ് പിശുക്കനെന്ന് പറയുക?'

പ്രത്യുത്തരമായി ദൈവം ചോദിച്ചു: ‘നിനക്ക് ഞാന്‍ രണ്ട് കൈകള്‍ തന്നില്ലേ? അതുകൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്തുകൊടുത്തോ? രണ്ട് കാലുകള്‍ തന്നില്ലേ? അവ ഉപയോഗിച്ച് നീ ആരെയെങ്കിലും സഹായിക്കാന്‍ നടന്നുപോയോ? നിനക്ക് ഞാന്‍ ചുണ്ടിണകളും നാവും നല്‍കിയില്ലേ? അവ ഉപയോഗിച്ച് നീ ആരെയെങ്കിലും ആശ്വസിപ്പിച്ചോ? ആരോടെങ്കിലും സമാശ്വാസ വചനങ്ങള്‍ പറഞ്ഞോ? നിനക്ക് ഞാന്‍ കണ്ണിണകള്‍ നല്‍കിയില്ലേ? അവകൊണ്ട് നീ ആരെയെങ്കിലും കരുണാര്‍ദ്രമായി നോക്കിയോ? നിനക്ക് ഞാന്‍ മുഖം തന്നില്ലേ? പുഞ്ചിരിയിലൂടെ നീ ആര്‍ക്കെങ്കിലും സന്തോഷം സമ്മാനിച്ചോ? ഞാന്‍ നല്‍കിയ അനുഗ്രഹങ്ങളൊന്നും മറ്റുള്ളവര്‍ക്കായി ഉപയോഗിക്കാത്ത നിന്നെക്കാള്‍ പിശുക്കനായി ആരുണ്ട്?'

സഹജീവികള്‍ക്ക് സമാശ്വാസമേകുന്ന എന്തും മഹത്തായ ദാനമാണ്, ധര്‍മമാണ്, പുണ്യ കര്‍മമാണ്. പുഞ്ചിരിയോടെയല്ലാതെ നബി ﷺ യെ അനുചരര്‍ കണ്ടിരുന്നില്ല. ഏത് കഠിന പ്രതിസന്ധികളെയും ഒരു ചെറു പുഞ്ചിരിയിലൂടെ മറികടക്കാമെന്ന ആദ്യപാഠം അവിടുന്നല്ലേ നമ്മെ പഠിപ്പിച്ചത്?

ഒന്നു ചിരിച്ചെന്ന് കരുതി നിങ്ങള്‍ക്ക് വല്ല നഷ്ടവുമുണ്ടോ? പലപ്പോഴും പലരും കേള്‍ക്കുന്ന ചോദ്യം, അല്ലേ? അതെ! അപരന്റെ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിക്കുന്നതിലൂടെ നമുക്കൊരു നഷ്ടവുമില്ല എന്ന് മാത്രമല്ല നമുക്കും അയാള്‍ക്കും സമൂഹത്തിനും അവ മുഖേനയുണ്ടാകുന്ന നന്മകള്‍ ഏറെ വലിയതുമാണ്.

ചിരിക്കാന്‍ മറന്നു പോകുന്നതാണ് നാം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ വലിയൊരളവ് കാരണം. നബി ﷺ പറഞ്ഞത് ‘ഒരു മുസ്‌ലിമിന്റെ സല്‍ക്കര്‍മങ്ങളില്‍ പെട്ട കാര്യമാണ് അയാളുടെ സഹോദരനായ ഒരു മനുഷ്യന് സന്തോഷം നല്‍കുക എന്നത്' എന്നാണ്.

എത്ര വലിയ പാഠമാണതല്ലേ?

ഒന്നു ചിന്തിച്ചു നോക്കൂ...

ഈ ലോകത്ത് ഓരോരുത്തരും മറ്റൊരാള്‍ക്ക് സന്തോഷം നല്‍കാന്‍ ശ്രമിക്കുന്ന സാഹചര്യം വന്നാല്‍ പിന്നെ കുശുമ്പുണ്ടാകുമോ? പക? ദേഷ്യം? അസൂയ? വഞ്ചന? കളവ്? കൊലപാതകം? ഒന്നുമുണ്ടാകാന്‍ സാധ്യതയില്ല!

എങ്കില്‍ അവയുടെ തുടക്കമാണ് മുഖത്തോട് മുഖം നോക്കി ചിരിച്ചു തുടങ്ങുക എന്നത്. ജീവിതം എന്നത് എപ്പഴും അവസാനിക്കാവുന്ന പ്രതിഭാസമാണെന്ന് നാള്‍ക്കുനാള്‍ ബോധ്യം വരുന്ന കാലത്ത് ഇനിയുമെന്തിന് ഉള്ളുതുറന്ന് ചിരിക്കാന്‍ നാം മടിക്കണം?