മാർഗദർശനം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 സെപ്തംബർ 24, 1444 സ്വഫർ 27

ഒരു ഉപകരണം നിർമിച്ചുകഴിഞ്ഞാൽ അതിലെ പ്രോഗ്രാമുകൾ എങ്ങനെ പ്രവർത്തിക്കണമെന്ന് കോഡ്‌ചെയ്തവനും അതെങ്ങനെ ഉപയോഗിക്കണമെന്ന് ഉപയോഗിക്കുന്നവനും അറിഞ്ഞിരിക്കണം. അപ്പോൾ മാത്രമെ ആ പ്രൊഡക്ട് ഉപയോഗപ്രദമാവുകയുള്ളൂ.

ജീവനുള്ള വസ്തുക്കളുടെ കാര്യമാണെങ്കിൽ അവയ്ക്ക് സ്വയം എങ്ങനെ മുന്നോട്ട് പോകണമെന്ന അറിവാണ് ഉണ്ടാകേണ്ടത്. ദൃശ്യപ്രപഞ്ചത്തിലെ ഏതൊരു ജീവിയെ പരിശോധിച്ചാലും അത്തരമൊരു കോഡിംഗ് മനോഹരവും അത്ഭുതകരവുമായി അവയിൽ അടങ്ങിയിട്ടുണ്ടെന്ന് കാണാനാകും. ആരാണ് അതിസൂക്ഷ്മ ജീവിയായ അമീബ മുതൽ നീലത്തിമിംഗലം വരെയുള്ള ജീവികൾക്കെല്ലാം ഇത്തരമൊരു മാർഗദർശനം നൽകിയത്? ഇസ്‌ലാം നൽകുന്ന ഉത്തരം സ്രഷ്ടാവായ അല്ലാഹു എന്നതാണ്.

വെറുതെ പറഞ്ഞുപോവുകയല്ല; ഈച്ച മുതൽ ഒട്ടകം വരെയുള്ള വിവിധ ജീവികൾക്ക് നൽകപ്പെട്ടിട്ടുള്ള ചില ജീവിത പ്രത്യേകതകളെ സൂചിപ്പിച്ചുകൊണ്ടാണ് ക്വുർആൻ ഈ ദൈവിക മാർഗദർശനത്തെ മനസ്സിലാക്കിത്തരാൻ ശ്രമിക്കുന്നത്. ഭൂമുഖത്തെ മനുഷ്യനൊഴികെയുള്ള സകല ജീവികളും ഈ ദൈവിക കൽപനക്ക് കീഴൊതുങ്ങി നിൽക്കുന്നവയാണെന്നും ക്വുർആൻ പറയുന്നു.

എന്നാൽ മനുഷ്യന് അത്തരമൊരു മാർഗദർശനം ലഭിച്ചിട്ടില്ലേ? മനുഷ്യൻ അല്ലാഹു സൃഷ്ടിച്ചതിൽ സവിശേഷമായ ഒരു ജീവിയാണ്. വിശേഷബുദ്ധി നൽകപ്പെട്ടിരിക്കുന്നു എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത. ഭൂമുഖത്തെ മറ്റെല്ലാ വസ്തുക്കളെയും നിശ്ചിത അളവിൽ നിയന്ത്രിക്കാനും ഒരുവേള ആധിപത്യം സ്ഥാപിക്കാനും സാധ്യമായ സൃഷ്ടി! ഈ മനുഷ്യൻ മറ്റുജീവി വർഗങ്ങളിൽനിന്ന് വിഭിന്നമായി; നടക്കാനും സംസാരിക്കാനും പ്രവൃത്തികൾ ചെയ്യാനും ഘട്ടംഘട്ടമായി പഠിച്ചെടുക്കുകയാണ് ചെയ്യുന്നത് അതിനാവശ്യമായ ഘടകങ്ങൾ ദൈവം അവന്ന് ചുറ്റും സംവിധാനിച്ചിരിക്കുന്നു.

പിന്നെയും ഒരു ദൈവിക മാർഗദർശനത്തിന്റെ ആവശ്യം മനുഷ്യനുണ്ടോ? തീർച്ചയായും ഉണ്ട്! ശാസ്ത്രവും ലോകവും എത്ര പുരോഗമിച്ചാലും ശരിയും തെറ്റും, ധർമവും അധർമവും, സത്യവും അസത്യവും, നന്മയും തിന്മയും തിരിച്ചറിയാൻ മനുഷ്യന്റെ നിരീക്ഷണ പരീക്ഷണങ്ങൾക്കോ ഭൗതിക മാപിനികൾക്കോ ആത്യന്തികമായി കഴിയില്ല എന്നത് ചരിത്രവും വർത്തമാനകാലവും തെളിയിച്ച കാര്യമാണ്.

അപ്പോൾ ഒരു വഴിനടത്തൽ മനുഷ്യനാവശ്യമാണ്. അവനെ സൃഷ്ടിച്ച, സംരക്ഷിക്കുന്ന, ജീവിതം മനോഹരമാക്കാൻ ഈ ഭൂമുഖത്തെ സജ്ജമാക്കിയ, പ്രപഞ്ചനാഥൻ കാലാകാലങ്ങളിൽ പ്രവാചകൻമാരെ നിയോഗിച്ച് ആ വഴികളേതെന്ന് മനുഷ്യനെ പഠിപ്പിക്കുന്നു. ഇതാണ് മതം. ഇതാണ് ദൈവിക മാർഗദർശനം.

അന്ത്യപ്രവാചകൻ മുഹമ്മദ് നബി ﷺ  മുമ്പു കടന്നുവന്ന എല്ലാ പ്രവാചകന്മാരുടെയും തുടർച്ചയും അവരിലെ അവസാനത്തെ കണ്ണിയുമാണ്. പുതിയ ഒരു മതമല്ല ഇസ്‌ലാം. എല്ലാ പ്രവാചകൻമാരും പഠിപ്പിച്ച മതം തന്നെയാണത്. എന്നാൽ പ്രവാചകന്മാർക്കു ശേഷം ജനങ്ങൾ വഴിതെറ്റി. വ്യത്യസ്ത പേരുകളിലുള്ള മതവിഭാഗങ്ങളായി മാറി. എല്ലാവരെയും തെറ്റിപ്പോയ വഴികളിൽനിന്ന് തിരികെ വിളിച്ച് സ്വർഗ വഴിയിൽ ഒരുമിച്ച് നടത്തുകയാണ് ഇസ്‌ലാം ചെയ്യുന്നത്. അതാണ് ഈ പ്രാർഥനയുടെ പൊരുളും.