'ഉപ്പ' എന്ന രണ്ടക്ഷരം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 ഫെബ്രുവരി 12, 1442 റജബ്  10

എന്റെ മകന്‍ അനീസ് കുഞ്ഞായിരിക്കുമ്പോള്‍ കടുത്ത പനി ബാധിച്ച് ബോധക്ഷയനായി. പരിഭ്രാന്തിയോടെ കുഞ്ഞിനെയുമെടുത്ത് ഞാന്‍ ആശുപത്രിയിലേക്കോടി. കുഞ്ഞ് മരിച്ചെന്നു തന്നെയായിരുന്നു ഞാന്‍ കരുതിയത്. ഹൃദയത്തില്‍ വേദന തളംകെട്ടിനിന്നു. ഓടുന്നതിനിടയ്ക്ക്, ഒരു കല്ലില്‍ തട്ടി ഞാന്‍ വീഴാന്‍ പോയി. ആ സമയത്ത് അവന്‍ ഒന്നു കരഞ്ഞു! ഞാന്‍ സന്തോഷംകൊണ്ട് പുളകിതനായി. ആ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സന്ദര്‍ഭമായി ഞാനിന്നും കരുതുന്നത്' (വൈക്കം മുഹമ്മദ് ബഷീര്‍).

ഇതാണ് ഒരു ഉപ്പയുടെ മനസ്സ്. അവനവന്റെ രക്തത്തില്‍ ഒരു കുഞ്ഞു പിറക്കുമ്പോഴാണ് പൂര്‍ണാര്‍ഥത്തില്‍ ഓരോ പുരുഷനും പിതൃത്വത്തിന്റെ അര്‍ഥം മനസ്സിലാക്കുന്നത്.

അല്ല എന്നു പറയാന്‍ ആര്‍ക്കാകും? സ്‌നേഹം എന്ന പദത്തിന് കടപ്പാട് എന്നൊരര്‍ഥമുണ്ട്. നമുക്കീ ഭൂമിയില്‍ ഏറ്റവും കടപ്പാടുള്ളവരില്‍ ഉപ്പയുടെ സ്ഥാനം നാം നിര്‍ണയിച്ചിട്ടുണ്ടോ?

കാലാണോ കയ്യാണോ വളരുന്നത്  എന്ന് നോക്കിയിരുന്ന നമ്മുടെ ഉമ്മക്കൊപ്പം നമ്മുടെ ഓരോ വളര്‍ച്ചയിലും ഉയര്‍ച്ചയിലും അത്യാഹ്ലാദത്തോടെ, ഒരു ഇല്ലായ്മയും നമ്മെ അറിയിക്കരുതെന്നാഗ്രഹിച്ച,് നമ്മുടെതായ ലോകത്തേക്ക് നാം പടര്‍ന്നുപന്തലിക്കുന്നത് കാണാന്‍ കാത്തിരുന്നത് നമ്മുടെ ഉപ്പയുംകൂടിയാണ്.

സമൂഹമാധ്യമങ്ങളിലൂടെ നാമെല്ലാം വായിച്ച ഒരു കഥയുണ്ട്: പുറത്തെ ബഞ്ചിലിരിക്കുന്ന വയോവൃദ്ധനായ പിതാവ് യുവാവായ മകനോട് കാക്കയെ ചൂണ്ടി അതെന്താണെന്ന് ചോദിക്കുന്നു. സുസ്‌മേര വദനനായി, ശാന്തതയോടെ മകന്‍ പിതാവിനോട് അതൊരു കാക്കയാണെന്ന് മറുപടി പറയുന്നു.  പിതാവ് രണ്ടും മൂന്നും തവണ സമാന ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മകന്‍ ദേഷ്യത്തോടെ പ്രതികരിച്ചു: ‘‘പറഞ്ഞില്ലേ പല തവണ, അതൊരു കാക്കയാണെന്ന്?''

ചെറുപുഞ്ചിരിയോടെ വീടിനകത്തുനിന്നും പിതാവ് തന്റെ പഴയ ഡയറിയെടുത്ത് മറിച്ച് ഒരു പേജ് മകന് വായിക്കാനായി നല്‍കുന്നു. അതിലിങ്ങനെ എഴുതിവച്ചിരിക്കുന്നു: ‘ഇന്നാണ് എന്റെ ജീവിതത്തില്‍ ഞാനേറ്റവും സന്തോഷിച്ച ദിവസം. ഞാനും എന്റെ മകനും പുറത്ത് ബഞ്ചിലിരിക്കുകയായിരുന്നു. അപ്പോള്‍ അവിടെ ഒരു കാക്ക വന്നിരുന്നു. സംസാരം പഠിച്ചു തുടങ്ങുന്ന അവന്‍ ജിജ്ഞാസാപൂര്‍വം എന്നോട് ചോദിച്ചു, അതെന്താണെന്ന്. അതീവ താല്‍പര്യത്തോടെ ഞാന്‍ മറുപടി പറഞ്ഞു, അതൊരു കാക്കയാണെന്ന്. അവന്‍ അതേ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവന്റെ ഓരോ ചോദ്യത്തിനും ഞാന്‍ ക്ഷമാപൂര്‍വം അതേ മറുപടിയും ആവര്‍ത്തിച്ചു. ഇന്നെന്റെ മകന്‍ മുപ്പത്തിയാറ് തവണ എന്നോട് ചോദ്യം ആവര്‍ത്തിച്ചു; ഞാന്‍ മറുപടിയും.' ഇതാണ് ഉപ്പയുടെ മനസ്സ്.

ഒരു പിതാവിന്റെ സകല വാത്സല്യങ്ങളും വഴിഞ്ഞൊഴുകിയ ചരിത്രരേഖയാണ് മുഹമ്മദ് നബി ﷺ യുടെ ജീവിതം. തനിക്കുണ്ടായ ആണ്‍കുട്ടികള്‍ ബാല്യത്തിലേ മരിച്ചതു കണ്ട് സങ്കടപ്പെട്ടുനിന്ന പിതാവിന്റെ മുഖം നമുക്കാ ചരിത്രത്തില്‍ വായിച്ചെടുക്കാനാകും. സ്‌നേഹത്തിന്റെ ധാരാളിത്തംകൊണ്ട് മകള്‍ ഫാത്വിമയെ മൂടുന്നതും നമുക്ക് കാണാം. വിവാഹിതയായ മകള്‍ ഫാത്വിമ വീട്ടിലേക്ക് വരുമ്പോള്‍ മുറ്റത്തിറങ്ങിച്ചെന്ന് അണച്ചുപിടിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന പിതാവ്. ‘എന്റെ കരളിന്റെ കഷ്ണം' എന്ന തരളിതമായ ചേര്‍ത്തുവയ്ക്കല്‍ നടത്തിയ പിതാവ്. കുരുന്നുകളായിരിക്കെ മരണപ്പെട്ട ആണ്‍മക്കളോടുള്ള സ്‌നേഹവായ്പുകളെല്ലാം പൗത്രന്‍മാരായ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവര്‍ക്ക് പകര്‍ന്നു നല്‍കിയ പിതാമഹന്‍.

പലപ്പോഴും സ്‌നേഹത്തിന്റെ ബാഹ്യപ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ മറന്നുപോയവരായി പുരുഷ സമൂഹം മാറിപ്പോകുന്നുണ്ടോ? മനസ്സിനുളളില്‍ ഒരായിരം സ്‌നേഹമത്താപ്പുകള്‍ ഒളിപ്പിച്ചുവച്ച് നമുക്ക് വേണ്ടി കഷ്ടപ്പെട്ട പിതാക്കന്‍മാര്‍ക്ക് എത്രമാത്രം സ്‌നേഹം തിരികെ നല്‍കിയവരാണ് നാം? ഇതെഴുതുമ്പോള്‍ മുഴുവന്‍ എന്റെ മുന്നില്‍ തെളിഞ്ഞുവരുന്നത് ആ ഉപ്പയുടെ ചിത്രമാണ്.

നാല് പെണ്‍മക്കളാണയാള്‍ക്ക്. എല്ലുമുറിയെ പണിയെടുക്കുന്ന കൂലിപ്പണിക്കാരന്‍. ചിരിക്കാന്‍ മാത്രമെ അറിയൂ എന്ന് തോന്നിപ്പിക്കുന്ന പ്രകൃതം. രണ്ട് പെണ്‍കുട്ടികളെ തന്റെ അധ്വാനഫലംകൊണ്ട് വിവാഹം കഴിപ്പിച്ചയച്ചു. മൂന്നാമത്തെ മകളുടെ വിവാഹമെത്തിയപ്പോഴേക്ക് നരബാധിച്ച അയാള്‍ക്ക് പഴയ ഓജസ്സുണ്ടായിരുന്നില്ല. എന്നാലും വിവാഹത്തിന് ക്ഷണിക്കാന്‍ വന്ന അയാള്‍ ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. മറച്ചുവയ്ക്കാന്‍ ആഗ്രഹിച്ചിട്ടും ഇരു കവിള്‍ത്തടങ്ങളും ഉള്ളിലുള്ള ദുഃഖങ്ങളെ കൂടി നിര്‍ബന്ധിച്ച് പുറത്തേക്ക് തള്ളിവിടുന്നുണ്ടായിരുന്നു. അന്നേരത്തെ അയാളുടെ ഒരോ ചിരിയും ഓരോ ആര്‍ത്തനാദമായിരുന്നു എന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. ഇങ്ങനെ എത്ര പേര്‍!

ആവിയെഞ്ചിനുള്ളില്‍നിന്നും വരുന്ന പുക മുഴുവന്‍ ശ്വസിച്ച് പരിക്ഷീണിതനായി വീട്ടിലേക്ക് കയറി വരുന്ന അച്ഛനെയും അതേ ട്രെയിന്‍തന്നെ അദ്ദേഹത്തെ മരണത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്നതിനെയും കുറിച്ച് ലോക പ്രസിദ്ധ കവി പാബ്ലോ നെരൂദ തന്റെ കവിതകളില്‍ വരച്ചിടുന്നുണ്ട്.

സ്വന്തം ഉപ്പക്ക് നാം എന്ത് തിരിച്ചുകൊടുത്തു?

ആലോചിക്കണം. വൈകിയിട്ടില്ല.

നമുക്ക് നല്‍കാനേറെയുണ്ട്.

ഉപ്പ മരിച്ചുപോയാലും, വൈകിയിട്ടില്ല.

വിലപ്പെട്ട പ്രാര്‍ഥനയുണ്ട്.

മലയാളത്തിന്റെ കവി കൂരീപ്പുഴ ശ്രീകുമാര്‍ 'ഉപ്പ' എന്ന കവിതയില്‍ എഴുതി:

‘നോക്കി നോക്കി കണ്ണുപോയ

പാവമാമെന്നുപ്പ

കൊച്ചുമൈലാഞ്ചിത്തണലില്‍

വിശ്രമിക്കും നേരം

ദുഃഖരക്തമുറഞ്ഞാറി

നിന്ന മീസാന്‍കല്ല്

മുദ്രവച്ച വാക്കിനാലെന്‍

മജ്ജയുരുക്കുന്നു.'