ഇസ്‌ലാമിനുവേണ്ടി എഴുന്നേറ്റു നിൽക്കുക

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 ആഗസ്റ്റ് 06, 1442 മുഹർറം 07

“അവർ അവരുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികൾക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂർത്തിയാക്കുന്നവനാകുന്നു. സന്മാർഗവും സത്യമതവും കൊണ്ട്-എല്ലാ മതങ്ങൾക്കും മീതെ അതിനെ തെളിയിച്ചുകാണിക്കുവാൻ വേണ്ടി-തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവൻ...’’ (ക്വുർആൻ 61:8,9).

മനുഷ്യൻ സവിശേഷമായ ചിന്താശേഷി നൽകപ്പെട്ട ജീവിയാണെങ്കിലും ജീവിതത്തിന്റെ ഒട്ടേറെ നിർണായക സന്ദർഭങ്ങളിൽ മറ്റൊരാളുടെ ഉപദേശമോ, വഴികാട്ടലോ ആവശ്യമായി വരുന്നവനാണ്. വിദ്യാഭ്യാസ കാലത്ത്, തൊഴിൽ മേഖലകളിൽ, വിവാഹരംഗങ്ങളിൽ, വീട് വെക്കുമ്പോൾ, ചികിത്സാരംഗത്ത് തുടങ്ങി പലപ്പോഴും ഒന്നിനു പിറകെ മറ്റൊരു ഉപദേശം കൂടി സ്വീകരിക്കുന്നവരാണ് നാം. ‘ഒരു സെക്കന്റ് ഒപീനിയൻ കൂടി എടുക്കുന്നത് നല്ലതാണ് കേട്ടോ’ എന്ന പല്ലവി എത്ര നിർണായക സന്ദർഭങ്ങളിൽ കേട്ടവരാണ് നാം!

മുന്നോട്ടുള്ള വഴിയിൽ തെറ്റു പറ്റരുത് എന്ന ബോധമാണ് നമ്മെ അതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ, ഈ ജീവിതമാകുന്ന യാത്രയിൽ ഏത് നിമിഷവും യാത്ര അവസാനിപ്പിച്ച് വഴിയിലിറങ്ങി തിരിഞ്ഞു നോക്കാതെ മരണത്തിന്റെ മലക്കിനോടൊപ്പം നടക്കേണ്ടവരാണ് നാം എന്നതിൽ തർക്കമില്ല. കൂടെയുണ്ടാ യിരുന്നവരും മുന്നേ കടന്നുപോയവരുമായ എത്ര മുഖങ്ങളാണ് ഒന്ന് മിഴിയടച്ചാൽ മുന്നിൽ തെളിഞ്ഞ് വരുന്നത്, അല്ലേ...? മരണം എന്നത് നിഷേധിക്കാനാവാത്ത ഒരു യാഥാർഥ്യമായിരിക്കെ; മരണത്തിനപ്പുറത്ത് ഒരു ജീവിതമുണ്ടോ? ഉണ്ടെങ്കിൽ ആ ജീവിതത്തിൽ ശാന്തിയും രക്ഷയും ലഭിക്കാൻ ഏത് വഴിയാണ് തെരഞ്ഞെടുക്കേണ്ടത്? ആരാണത് നമുക്കത് പറഞ്ഞുതരേണ്ടത്?

എന്തുകൊണ്ടാണ് ഒരു തിരിച്ചുവരവില്ലാത്ത, തെറ്റിപ്പോയതിനെ പരിഹരിക്കാൻ ഒരു ഓപ്ഷൻ ഇല്ലാത്ത ഈ കാര്യത്തിൽ മരണത്തിനു മുമ്പ് നാം ഒരു സെക്കന്റ് ഒപീനീയൻ എടുക്കാത്തത്? അവിടെയാണ് മതം പ്രസക്തമാകുന്നത്! ഇസ്‌ലാം പ്രസക്തമാകുന്നത്! മുഹമ്മദ് നബി ﷺ പ്രസക്തമാകുന്നത്!

“മനുഷ്യരേ, നിങ്ങൾ ആരാധിക്കേണ്ടത് നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ച ഏകനായ അല്ലാഹുവിനെയാകുന്നു നിങ്ങൾ ദൈവഭക്തിയുള്ളവരാകാൻ അതാണ് വേണ്ടത്’’ (ക്വുർആൻ 2:21).

ക്വുർആനിന്റെ ഈ സന്ദേശം; അതായത് നാം മരണാനന്തര ജീവിതത്തിൽ രക്ഷപ്പെടാൻ ഏകനും അജയ്യനും ഈ ഭൂമിയുടെയും ആകാശത്തിന്റെയും പരമാധിപനുമായ എല്ലാവരെയും സൃഷ്ടിച്ച എല്ലാവരെയും സംരക്ഷിക്കുന്ന, എല്ലാവരെയും നിഗ്രഹിക്കാനും കഴിയുന്ന അല്ലാഹുവിനെയാണ് എന്ന പരമമായ സത്യം നമുക്ക് പറഞ്ഞുതരാനാണ് പ്രവാചാകൻമാർ പല കാലങ്ങളിലായി വന്നത്.

ആ പ്രവാചകൻമാരുടെ അവസാന കണ്ണിയാണ് മുഹമ്മദ് നബി ﷺ, മോശെ (മൂസാ), യേശു (ഈസാ), അബ്രഹാം (ഇബ്‌റാഹീം) ജോസഫ് (യൂസുഫ്), ആദം... ഇവരെല്ലാം ആ പ്രവാചകൻമാരുടെ മുൻതലമുറക്കാർ തന്നെയാണ്.

അവർ പറഞ്ഞുതന്ന ദൈവമാർഗത്തിന്റെ കലർപ്പില്ലാത്ത പതിപ്പാണ് ഇസ്‌ലാം; അവസാന പ്രവാചകൻ മുഹമ്മദ് നബി ﷺയും. മനുഷ്യജീവിതത്തിന്റെ സ്വസ്ഥവും സ്വഛവും ശാന്തവും സുഗമവുമായ മുന്നോട്ടു പോക്കിന് വിഘാതം നിൽക്കുന്ന എല്ലാ തിന്മകളെയും ഇസ്‌ലാം എതിർക്കുന്നു.

ബഹുദൈവാരാധന, ആഭിചാരക്രിയകൾ, മദ്യം, പലിശ, ചൂതാട്ടം, വ്യഭിചാരം, സ്വവർഗരതി, സ്തീകളുടെ നഗ്‌നതാ പ്രദർശനം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, കൊലപാതകം, അഭിമാനക്ഷതം വരുത്തൽ, സ്ത്രീധനം, അന്ധവിശ്വാസങ്ങൾ, തീവ്രവാദം, സ്വജനപക്ഷപാതം, അഴിമതി, കൈക്കൂലി, കളവ്, വഞ്ചന, കരാർ ലംഘനം...തുടങ്ങി എല്ലാ തിന്മകളെയും എതിർക്കുകയും; ഏകദൈവാരാധന, ശരിയായ വിശ്വാസം, ധാർമികമൂല്യം, സാമ്പത്തിക വിശുദ്ധി, ദാനധർമങ്ങൾ, കടം നൽകൽ, വിവാഹ ബന്ധം, ലൈംഗികവിശുദ്ധി, കരാർപാലനം, സത്യസന്ധത, സ്‌നേഹം, സഹാനുഭൂതി, പരസ്പര സഹായ മനഃസ്ഥിതി, പ്രകൃതി സ്‌നേഹം, മിതത്വം, മനുഷ്യമൈത്രി, തുടങ്ങി... എല്ലാ നന്മകളെയും ഇസ്‌ലാം എടുത്ത് പറയുന്നു.

ചുരുക്കത്തിൽ, നന്മകൾ മാത്രം നിർവഹിക്കുന്ന, തിന്മകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മനുഷ്യരെ വാർത്തെടുക്കുന്ന, പ്രപഞ്ചനാഥന്റെ മതമാണ്് ഇസ്‌ലാം. അതിന്റെ തെറ്റുപറ്റാത്ത പ്രമാണമാണ് ദൈവികവചനങ്ങളായ ക്വുർആൻ. അതിന്റെ അന്തിമദൂതനാണ് ലോകത്തിന് കാരുണ്യമായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി ﷺ.

ഈ വഴിയെക്കുറിച്ച്, അഥവാ ഇസ്‌ലാമിനെക്കുറിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്ന് ധാരാളമാളുകൾ പഠിക്കുകയും പലരും ഈ സത്യമാർഗത്തിലേക്ക് കടന്നുവന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നുണ്ട്.

മനസ്സിൽ നന്മയുള്ള, ലോകം നന്മയുടെ വഴിയിൽ സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്ന, ഈ മതത്തെക്കുറിച്ച് ശരിയാംവണ്ണം പഠിച്ചറിഞ്ഞ ആർക്കും ഈ വഴിയിൽനിന്ന് മാറി നിൽക്കാനാവില്ല തന്നെ. എന്നാൽ തിന്മയുടെ ആളുകൾക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. അവരാണ് ഇസ്‌ലാമിനെ പ്രതിക്കൂട്ടിൽ നിർത്താനും പ്രവാചകനെ അധിക്ഷേപിക്കാനും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ എല്ലാ ആക്ഷേപകരുടെ ആക്ഷേപങ്ങളെയും മറികടന്ന്, പ്രപഞ്ച സ്രഷ്ടാവിന്റെ ഈ സന്ദേശം അജയ്യമായി നിലകൊള്ളുമെന്നതിൽ സംശയമില്ല.