ആ ശബ്ദം കേള്‍ക്കാനാകുമോ?

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 മാർച്ച് 5, 1442 ശഅബാൻ 2

നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ പതിനാലര നൂറ്റാണ്ടു മുമ്പ്. മരുഭൂമി അതിന്റെ എല്ലാ ഊഷരതയോടെയും ഗരിമ കാട്ടിയിരുന്ന കാലം. മനുഷ്യന്‍ തന്റെ നാഗരിക വികാസത്തിന്റെ പൂര്‍ണതയിലെത്തിയിട്ടില്ലാത്തതിനാല്‍ മരുഭൂമിയെ അതിജയിക്കാനാവാതിരുന്ന കാലഘട്ടം.

മണല്‍ സൂര്യകിരണമേറ്റ് തിളങ്ങുന്ന ഒരു റമദാനിലാണ് ആകാശത്തുനിന്ന് മലക്ക് ജിബ്‌രീല്‍ മുഖേന അല്ലാഹു മക്കയിലെ അബ്ദുല്ലയുടെയും ആമിനയുടെയും മകന്‍ മുഹമ്മദി ﷺ ന് വേദഗ്രന്ഥത്തിന്റെ ആദ്യവചനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്; അദ്ദേഹത്തെ പ്രവാചകനായി നിയോഗിക്കുന്നത്.

നബി ﷺ അതേറ്റു ചൊല്ലി. ഓരോ വര്‍ഷവും റമദാന്‍ അതിഥിയായി കടന്നുവന്നു. നബി ﷺ കാത്തിരുന്നു; അതിഥിയായ റമദാനെയും അതിവിശിഷ്ട അതിഥിയായ മലക്ക് ജിബ്‌രീലിനെയും. ഓരോ റമദാനിലും പഴയതിലും ഊര്‍ജസ്വലതയോടെ അവര്‍ കണ്ടുമുട്ടി. ഇസ്‌ലാമിന്റെ വളര്‍ച്ചയുടെ സന്തോഷം പങ്കിട്ടു. പ്രധാനമായും അതുവരെ ലഭിച്ച ദിവ്യബോധനത്തിന്റെ അവര്‍ത്തിച്ചുള്ള പാരായണത്തിനായിരുന്നു ആ കണ്ടുമുട്ടല്‍. നബി ﷺ ഓതിക്കൊടുക്കും, ജിബ്‌രീല്‍ ശരിവയ്ക്കും.

ലോകത്ത് ഇന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും മനോഹരമായ ക്വുര്‍ആന്‍ പരിശോധന. തലയുയര്‍ത്തി നില്‍ക്കുന്ന ഈത്തപ്പനമരങ്ങളും, കരിമ്പാറക്കൂട്ടങ്ങളായ മലനിരകളും, ജ്വലിച്ചുനില്‍ക്കുന്ന സൂര്യനും, രാത്രി ഒളികണ്ണിട്ടു നോക്കുന്ന ചന്ദ്രനും, മരുഭൂമിയുടെ വിരിമാറില്‍ അവിടവിടങ്ങളിലായുള്ള കള്ളിമുള്‍ചെടികളും, ഇദ്ഖിര്‍ പുല്ലുകളും ആ പരിശോധനക്ക് സാക്ഷികളായി നിന്നു.

ലോകം കണ്ട മഹോന്നതനായ സൃഷ്ടി പോലും ക്വുര്‍ആന്‍ പരിശോധന പൂര്‍ത്തിയാക്കുകയും നിരന്തരം പാരായണത്തിലേര്‍പ്പെടുകയും ചെയ്‌തെങ്കില്‍ നമ്മളോ? നമ്മള്‍ എത്രയാവര്‍ത്തി പാരായണം നടത്തേണ്ടിയിരിക്കുന്നു!

മഹ്ശര്‍! ഭൂമുഖത്ത് ജനിച്ചുവീണ സകല മനുഷ്യരും ഒരുമിച്ചുകൂടുന്നയിടം. ഉള്ളവനും ഇല്ലാത്തവനും വരുമവിടെ. വിചാരണയുടെ വേളയില്‍ ഒരാളുടെ ശബ്ദവും ഉയരാത്ത സന്ദര്‍ഭത്തില്‍ അതാ ആ അടിമക്കുവേണ്ടി ഒരു ശബ്ദം! എന്താണാ ശബ്ദം? ‘ഞാന്‍ ക്വുര്‍ആന്‍! ഇയാളുടെ രാത്രികാലങ്ങള്‍ എന്റെ കാരണത്താല്‍ ഉറക്കമിളച്ചതായി മാറിയിരുന്നു. അതിനാല്‍ എന്റെ ശുപാര്‍ശ ഇയാള്‍ക്ക് വേണ്ടി സ്വീകരിക്കേണമേ...'

ഹാ, എത്ര സന്തോഷദായകം! ഓരാളും സഹായത്തിന് വരാത്ത ഘട്ടത്തില്‍, എല്ലാവരും അവനവന്റെ കാര്യത്തില്‍തന്നെ വെപ്രാളപ്പെട്ട് നില്‍ക്കുന്ന സമയത്ത് ഇതിനക്കാള്‍ വലിയ സമാശ്വാസം മറ്റൊന്നുണ്ടാകുമോ?

ഇത് നമുക്കും ലഭ്യമാകും. അതിന് നാം അധ്വാനിക്കണം എന്നുമാത്രം; ക്വുര്‍ആന്‍ കൊണ്ടുള്ള അധ്വാനം!

അതിന് ഉറക്കമിളക്കണം; ക്വുര്‍ആനിനായുള്ള ഉറക്കമിളക്കല്‍! അതിന് ചുണ്ടനക്കണം; ക്വുര്‍ആന്‍ പാരായണത്തിനായുള്ള ചുണ്ടനക്കങ്ങള്‍!

അതിനായി ചിന്തിക്കണം; ക്വുര്‍ആനിന്റെ ആശയ തീരത്തേക്കെത്തുന്നതിനായുള്ള ചിന്തകള്‍!

അതിന് പ്രവര്‍ത്തിക്കണം; ക്വുര്‍ആനിന്റെ സന്ദേശം കൈമാറുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍.