ഉറച്ച തീരുമാനമുണ്ടാവുക!

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 മെയ് 14, 1442 ശവ്വാൽ 12

അങ്ങേയറ്റം ദേഷ്യത്തോടെയാണ് അയാൾ ആ ജ്ഞാനിയുടെ സമീപമെത്തിയത്. ഇനിയും അടങ്ങിയിട്ടില്ലാത്ത രോഷാഗ്‌നിയോടെ അയാൾ ആരാഞ്ഞു: “ഞാൻ ഇതുവരെ തൊണ്ണൂറ്റിഒമ്പതു പേരെ കൊന്നിരിക്കുന്നു. എനിക്ക് പശ്ചാത്താപത്തിന് അവസരമുണ്ടോ?’’

സമാധാനത്തെക്കുറിച്ച് മാത്രം സംസാരിച്ചിരുന്ന ജ്ഞാനിക്ക് ഉൾക്കൊള്ളാവുന്നതിലും എത്രയോ ഭയാനകരമായിരുന്നു ആ ചോദ്യം.

ജ്ഞാനി പ്രതിവചിച്ചു: “സാധ്യതയില്ല.’’

ക്രുദ്ധനായ അയാൾ ആ ജ്ഞാനിയെയും വകവരുത്തി. മുന്നോട്ടുപോയ അയാൾ മറ്റൊരു സാത്വികനെ കണ്ടു. അയാൾ ചോദിച്ചു: “ഞാൻ നൂറുപേരെ കൊന്ന വ്യക്തിയാണ്, എനിക്ക് പശ്ചാത്താപമുണ്ടോ?’’

ജ്ഞാനി പ്രതിവചിച്ചു: “ഉണ്ട്, തീർച്ച! താങ്കൾ ഇവിടെനിന്നും ഞാൻ പറയുന്ന ഒരു നാട്ടിലേക്ക് പോകണം. അവിടെയെത്തി പാപങ്ങളിൽനിന്നകന്ന് ജീവിക്കണം.’’

അതീവസന്തോഷത്തോടെ അയാൾ യാത്രയാരംഭിച്ചു. പക്ഷേ, യാത്രാമധ്യെ മരണം അയാളെ തേടിയെത്തി, അയാൾ മരിച്ചുവീണു.

മലക്കുകൾ അയാളുടെ ജഡത്തിനടുത്തെത്തി ദൈവത്തോട് ചോദിച്ചു: “ഇയാളെ നന്മയുടെ പക്ഷത്തോ അതോ തിന്മയുടെ പക്ഷത്തോ, ഏതിലാണ് രേഖപ്പെടുത്തേണ്ടത്?’’

ദൈവം മൊഴിഞ്ഞു: “അയാൾ നടന്നുതുടങ്ങിയ നാടും ലക്ഷ്യംവെച്ച നാടും അളന്നെടുക്കുക. ഏതിനോടാണോ അയാൾ കൂടുതൽ അടുത്തിരിക്കുന്നത് അതിലാണ് അയാളുടെ സ്ഥാനം.’’

അവർ അളന്നു. അയാൾ ലക്ഷ്യംവെച്ച നന്മയുടെ നാട്ടിലേക്ക് അയാൾ അടുത്തിരിക്കുന്നതായി അവർക്ക് മനസ്സിലായി. (കഥ, അവലംബം ഹദീസ്).

പാപത്തിന്റെയും പാപമോചനത്തിന്റെയും അതിർവരമ്പ് ഇത്രമാത്രം അടുത്താണിരിക്കുന്നത്. ചെയ്തുപോയ പാപമോർത്ത് ദുഃഖിച്ചിരിക്കേണ്ടവനല്ല വിശ്വാസി; പാപത്തിൽനിന്ന് അകലാനുള്ള അവസാന ശ്രമത്തിൽ മുഴുകേണ്ടവനാണ്.

മരണം എപ്പോൾ വരുമെന്ന് ഒരു നിശ്ചയവുമില്ലാത്ത നിസ്സഹായരാണ് നാം. അതിനാൽ പാപമുക്തരാവാൻ കാത്തിരിക്കാൻ നമുക്ക് സമയമില്ല.

പകൽ വന്നുപോയ തെറ്റുകൾ പൊറുക്കാനായി രാത്രി കാത്തിരിക്കുന്ന റബ്ബ്, രാത്രി വന്നുപോയ പിഴവുകൾ പരിഹരിച്ചുതരാനായി പകൽ തയ്യാറുള്ള നാഥൻ! വിശ്വാസിയുടെ മുമ്പിൽ സമാശ്വാസമല്ലാതെ മറ്റെന്താണ്?

മരണം ക്ഷണിക്കാതെ വന്നെത്തുന്ന അതിഥിയെ പോലെ നമുക്കരികിലെത്താനിരിക്കുന്നു. ഇനിയും കാത്തുനിൽക്കാൻ സമയമുണ്ടോ നമുക്ക്? ഇല്ല, ഒരിക്കലുമില്ല! മനസ്സറിഞ്ഞ്, ഹൃദയുരുകി, കണ്ണുകൾ നിറഞ്ഞ്, കണ്ഠമിടറി റബ്ബിലേക്ക് മടങ്ങാൻ...പാപങ്ങളിലേക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കാൻ നമുക്കാവണം, നമുക്കേ അതിനാവൂ.