തയ്യാറെടുപ്പാണ് പ്രധാനം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 മെയ് 28, 1442 ശവ്വാൽ 26

രാജാവ് വിളംബംരം ചെയ്തു: ‘എന്റെ സുന്ദരിയായ മകളുടെ വിവാഹം തീരുമാനിക്കാൻ പോകുന്നു. പതിവിന് വിപരീതമായി രാജ്യത്തെ ഏതൊരു ചെറുപ്പക്കാരനും മകളെ വിവാഹം കഴിക്കാൻ യോഗ്യതയുണ്ട്. ഒരൊറ്റ നിബന്ധനമാത്രം; ഞാൻ ഒരു മത്സരം നടത്തും. അതിൽ വിജയിച്ചാൽ അവന്ന് രാജകുമാരി സ്വന്തം.’

മത്സരദിവസം വന്നെത്തി. രാജ്യത്തെ ചെറുതും വലുതുമായ ശ്രേണിയിൽപെട്ട ചെറുപ്പക്കാരുടെ വലിയകൂട്ടം തന്നെ അവിടെയെത്തി. കാരണം അതിസുന്ദരിയായ രാജകുമാരിയുടെ ഭർത്താവെന്ന പദവിക്ക് പുറമെ അടുത്ത രാജാവാകാനുമുള്ള അപൂർവ അവസരമാണത്.

മത്സരം ലളിതമായിരുന്നു; വലിയ ഗ്രൗണ്ടിന്റെ മധ്യത്തിൽ ഒരു വലിയ തടിക്കഷ്ണം വെച്ചിട്ടുണ്ട്. ഒറ്റവെട്ടുകൊണ്ട് അത് രണ്ടായി പിളർത്തി മാറ്റണം.

തലയെടുപ്പുള്ള വീരശൂരൻമാർ മത്സരക്കളത്തിലേക്കിറങ്ങി. തങ്ങൾക്കായി തയ്യാറാക്കിവെച്ച മഴു കൊണ്ട് മരത്തടിയിൽ ആഞ്ഞുകൊത്തി. ഇപ്പോൾ പിളർന്ന് മാറുമെന്ന് കരുതിയിരുന്നവർക്കൊക്കെ തെറ്റി. മരത്തടി അതുപോലെതന്നെ കിടന്നു.

മത്സരം മുന്നോട്ടു പോയി. വിധികർത്താക്കൾ ഓരോരുത്തർക്കായി അവസരം നൽകികൊണ്ടിരുന്നു. ഏറെ കഴിഞ്ഞാണ് ആ ചെറുപ്പക്കാരന്റെ ഊഴമെത്തുന്നത്. കാണാൻ സുമുഖൻ, എന്നാൽ നേരത്തെ മത്സരിച്ചുപോയ വീരൻമാരെ വെച്ചുനോക്കുമ്പോൾ ഇയാൾ തോൽക്കുമെന്ന് എല്ലാവർക്കും തോന്നി.

മത്സരം തുടങ്ങാനായി വിസിൽ മുഴങ്ങി. അയാൾ മുന്നോട്ട് വന്നു മഴുവെടുത്തു. മഴുവിലേക്ക് സൂക്ഷിച്ച് നോക്കി വിശദമായി പരിശോധിച്ചു. മഴുവിന്റെ പിടിയുമായുള്ള ബലം ഒരു മരക്കഷ്ണമെടുത്ത് ഒന്നുകൂടി ഉറപ്പിച്ചു. മൂർച്ചയുള്ള ഭാഗത്ത് വിരലോടിച്ച് മൂർച്ച ഉറപ്പുവരുത്തി.

എന്നിട്ട് തടിക്കഷ്ണത്തിനടുത്തേക്ക് നടന്നു. തടിക്കഷ്ണത്തിനു ചുറ്റും ഒരാവർത്തി വലംവെച്ച് സൂക്ഷ്മപരിശോധന നടത്തി. രണ്ടടി പിറകിലേക്കു നിന്ന് ആ തടിക്കഷ്ണം ഒന്നു തിരിച്ചിട്ടു. എന്നിട്ട് അടിയിൽ ഒരു ചെറിയ പൂളുവെച്ച് തടി അൽപം ഉയർത്തിവെച്ചു. ശേഷം ഇളകുന്നില്ല എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. എന്നിട്ട് മഴുവിനടുത്തെത്തി. മഴുവിന്റെ പിടി തന്റെ തോളിലിട്ട മുണ്ടുകൊണ്ട് നന്നായി തുടച്ചു. വിയർപ്പുകണങ്ങൾ ഇല്ല എന്നുറപ്പിച്ചു.

ശേഷം തന്റെ അരയിൽ ആ മുണ്ടുകൊണ്ട് വരിഞ്ഞു മുറുക്കി വസ്ത്രം അഴിയില്ല എന്ന് ഉറപ്പു വരുത്തി. ആൾക്കൂട്ടത്തോടൊപ്പം രാജാവും ഇയാളുടെ സൂക്ഷ്മതയോടെയുള്ള നീക്കങ്ങൾ സാകൂതം വീക്ഷിക്കുകയാണ്.

അയാൾ കൂജയിൽനിന്ന് അൽപം വെള്ളം കുടിച്ച് മരത്തടി ലക്ഷ്യമാക്കി നീങ്ങി. തടിക്കടുത്തുനിന്ന് ഇരുകരങ്ങളും ഉയർത്തി മഴുകൊണ്ട് ആഞ്ഞു വെട്ടാനൊരുങ്ങിയപ്പോൾ രാജാവ് ഉറക്കെ വിളിച്ചുപറഞ്ഞു: ‘മതി, നീ വിജയിച്ചിരിക്കുന്നു. എന്റെ മകളും രാജ്യവും നിന്റെ കൈയിൽ ഭദ്രമായിരിക്കും.’

ഈ കഥ പറഞ്ഞുതരുന്നത് ജീവിതത്തിലെ ഏതൊരു വിജയത്തിനും മുന്നൊരുക്കം അതിപ്രധാനമാണ് എന്നാണ്. ജീവിതമാകുന്ന ഈ വലിയ പരീക്ഷത്തിൽ പരലോകവിജയമാകുന്ന ലക്ഷ്യത്തിൽ സ്വർഗമാകുന്ന വിലമതിക്കാനാവാത്ത സമ്മാനത്തിനായി നാം എത്രമാത്രം ഒരുങ്ങണം! ‘മത്സരിക്കുന്നവർ അതിനുവേണ്ടി മത്സരിക്കട്ടെ’ എന്നാണല്ലോ ക്വുർആൻ പറഞ്ഞിട്ടുള്ളത്.