ആരാണ് സൗഭാഗ്യവാൻ

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 ജൂൺ 18, 1442 ദുൽഖഅദ 17

ബസ് സ്റ്റാന്റിലെ കാർ പാർക്കിംഗ് ഏരിയയിൽ ആ ലക്ഷ്വറി കാർ അതിവേഗം ബ്രെയ്ക്കിലമർന്ന് നിന്നു. നേർത്ത കൂളിംഗ് പേപ്പറൊട്ടിച്ച കാറിന്റെ മുൻസീറ്റിലിരുന്ന സ്ത്രീ അൽപം വിഷാദം കലർന്ന കണ്ണോടെ പുറത്തേക്ക് നോക്കി.

സ്റ്റാന്റിന്റെ മൂലയിലെ തൂണിൽ ചാരിനിൽക്കുന്ന സ്ത്രീയിലാണ് അവളുടെ കണ്ണുകളുടക്കിയത്. ഒരു കുഞ്ഞിനെ ഒക്കത്തെടുത്ത്, മൂത്ത കുട്ടിയുടെ കൈയും പിടിച്ച് തനിക്ക് കയറാനുള്ള ബസും കാത്ത് നിൽക്കുന്ന അയൽസംസ്ഥാനക്കാരിയായ വനിത.

കാറിലിരുന്ന് അവൾ ചിന്തിച്ചു; എത്ര സൗഭാഗ്യവതിയാണവൾ! അൽപം ക്ലേശം സഹിക്കുന്നതൊഴിച്ചാൽ സ്വതന്ത്രമായി ചിന്തിക്കാനും പോകാനും ജീവിക്കാനും കഴിയുന്നവൾ. മറ്റൊരാളുടെയും അടിമയായി ജീവിക്കേണ്ട ഗതികേടില്ലാത്തവൾ. പണത്തെക്കാളും പദവികളെക്കാളും സൗകര്യങ്ങളെക്കാളും എത്രയോ മനസ്സുഖമുണ്ടാകില്ലേ ആ ജീവിതത്തിന്?

ഇതേസമയം ബസ് സ്റ്റാന്റിൽ നിൽക്കുന്ന തമിഴ് വനിത ആ കാറ് ശ്രദ്ധിച്ചു. ലക്ഷങ്ങൾ വിലവരുന്ന ലക്ഷ്വറി കാറിന്റെ മുൻസീറ്റിലിരിക്കുന്ന ഭാര്യയും ഭർത്താവും. എ.സി പ്രവർത്തിക്കുന്നതിനാൽ സൈഡ് വിൻഡോ താഴ്ത്തിയിട്ടില്ല. അൽപം ചൂടോ, ചെറിയ പൊടി പടലമോ ഏൽക്കാത്ത സുഖസുന്ദരമായ യാത്ര! ആഗ്രഹിക്കുന്നത് കഴിക്കാൻ, ഇഷ്ടമുള്ളത്രയും ദൂരം താണ്ടാൻ, കൊതിക്കുന്നതെല്ലാം അനുഭവിക്കാൻ പണമൊരു പ്രശ്‌നമാവാത്ത ജീവിതം. ഹൊ, ഇതല്ലേ യഥാർഥത്തിൽ സൗഭാഗ്യം! അവൾ അത്മഗതം ചെയ്തു.

സത്യത്തിൽ ആ കാറിലിരിക്കുന്ന ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുകൂടി പിരിയാൻ തീരുമാനിച്ചവരാണ്. അവളെ വീട്ടിലേക്ക് ബസ് കയറ്റിവിടാൻ വന്നതാണയാൾ. അവളാകട്ടെ കാലങ്ങളായി സമ്പന്നതക്ക് നടുവിൽ അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്റെ ഉച്ചസ്ഥായിയിലും.

ജീവിതം പലപ്പോഴുമിങ്ങനെയാണ്. നാം കാണുന്നതൊന്ന്, അനുഭവിക്കുന്നത് മറ്റൊന്ന്. പക്ഷേ, പലപ്പോഴും അതിലേക്ക് നമ്മുടെ ചിന്തകളെത്താറില്ല എന്നുമാത്രം. അക്കരപ്പച്ചയിലാണ് നമ്മുടെ ജീവിതവും ചിന്തയും മിക്കപ്പോഴും അഭിരമിക്കാറുള്ളത്. മനുഷ്യനെന്ന നിലയ്ക്കുള്ള പരിമിതിയാണതെന്ന് തിരിച്ചറിയുന്നവൻ വിജയിച്ചു. മനസ്സിനെ അതിമോഹങ്ങളുടെ വലയത്തിൽനിന്ന് രക്ഷിക്കാൻ നബി ﷺ  പഠിപ്പിച്ച പാഠം എത്ര മഹോന്നതം: ‘നീ നിന്നെക്കാൾ താഴെയുള്ളവരിലേക്ക് നോക്കുക, നിന്നെക്കാൾ മുകളിലുള്ളവരിലേക്ക് നോക്കാതിരിക്കുക, നിനക്ക് നൽകപ്പെട്ട ദൈവികാനുഗ്രഹങ്ങളോടുള്ള മതിപ്പ് കുറയാതിരിക്കാൻ അവ നിന്നെ പ്രേരിപ്പിക്കും.’

‘സമ്പത്തിന്റെയും ധനത്തിന്റെയും വർധനവല്ല സൗഭാഗ്യം; മനസ്സിന്റെ ഐശ്വര്യമാണ് സൗഭാഗ്യം’ (നബിവചനം).