നമുക്കായ് ജനിച്ചവർ

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 ഏപ്രിൽ 30, 1442 റമദാൻ 28

മൂത്തമകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് അയാൾ വന്നിരിക്കുന്നത്.

“കുടുംബത്തിലെ ആദ്യവിവാഹമാണ്. അൽപം വലുതായിത്തന്നെ നടത്താമെന്ന് കരുതി. നിങ്ങളെല്ലാവരും തലേദിവസംതന്നെ വരണം.’’

അയാൾ പറഞ്ഞുനിർത്തി നേരെ നോക്കിയത് വീട്ടുകാരിയുടെ കൂടെ നിൽക്കുന്ന ബുദ്ധിമാന്ദ്യമുള്ള കുട്ടിയിലേക്കാണ്. അയാളുടെ മനസ്സ് വല്ലാതായി. സാരിത്തലപ്പുകൊണ്ട് പുറത്തേക്കു ചാടാനിരുന്ന കണ്ണുനീർതുള്ളികൾ തുടക്കാനായി വൃഥാ ഒരു ശ്രമം നടത്തി വീട്ടുകാരി പറഞ്ഞു: “ഞങ്ങളെല്ലാരും വന്നോളാം ഇക്കാക്കാ.’’ അതിന്റെ അർഥം അദ്ദേഹത്തിനും മനസ്സിലായിരുന്നു.

അന്ന് രാത്രി ഭക്ഷണം കഴിച്ചിരിക്കുമ്പോൾ ആ സ്ത്രീ തന്റെ ഭർത്താവിനോട് രാവിലെ നടന്ന കാര്യങ്ങൾ വിശദമായി പങ്കുവച്ചു. അവർ രണ്ടുപേരും ആലോചനയിലാണ്ടു. മൂന്നാമത്തെ കുട്ടിയാണിവൻ. ആദ്യത്തെ രണ്ടു മക്കളുമായി എവിടെയെല്ലാം പോയിരുന്നതാണ്. ഒരു ആഴ്ചയും ഷോപ്പിംഗില്ലാതെ കടന്നുപോയിരുന്നില്ല. കേരളത്തിനകത്തും പുറത്തും തങ്ങൾ പോകാത്ത വിനോദസഞ്ചാര കേന്ദങ്ങളുണ്ടോ എന്ന് സംശയമാണ്.

ഇപ്പോൾ പതിനഞ്ച് വർഷമായി; ഒന്നിച്ച് പുറത്ത് പോവുക എന്നത് അത്യപൂർവമാണ്. മകന് പതിനഞ്ച് വയസ്സായെങ്കിലും കഷ്ടി ആറുവയസ്സിന്റെ ബുദ്ധിവളർച്ച മാത്രം. ശരീരമോ ഇരുപതുകാരന്റെതും. ആൾക്കൂട്ടത്തെ അവന് പേടിയാണെന്ന് തോന്നുന്നു. ആൾക്കൂട്ടത്തിനിടയിൽ അവൻ പലപ്പോഴും അക്രമാസക്തി കാണിക്കുന്നു. അതാണ് തങ്ങളുടെ യാത്രക്ക് ഏറ്റവും വലിയ തടസ്സവും.

പിതാവ് സങ്കടത്തോടുകൂടി ഭാര്യയെ നോക്കിയപ്പോൾ അവർ പറഞ്ഞ ഒരു മറുപടിയുണ്ട്; ഒരു മാതാവിനു മാത്രം പറയാനാകുന്ന മറുപടി!

“നോക്കൂ, നമ്മളെന്തിനാണ് വിഷമിക്കുന്നത്? അല്ലാഹു നമ്മുടെ മോനെ സൃഷ്ടിക്കാനുദ്ദേശിച്ചപ്പോൾ അവന് ഏറ്റവും ഇഷ്ടമുള്ളവനായും അവന്റെ സ്വർഗത്തിൽ നിർബന്ധമായും ഇടം നേടുന്നവനായും തീരുമാനിച്ചിട്ടുണ്ടാകുമല്ലേ? അവനെ നോക്കാൻ നമ്മെയാണ് അല്ലാഹു തെരഞ്ഞെടുത്തത്. നമ്മുടെ മോനെ തത്ക്കാലത്തേക്ക് നമ്മെ ഏൽപിച്ചിരിക്കയല്ലേ അവൻ! നമ്മൾ അവനെ നല്ലപോലെ പരിചരിച്ച് റബ്ബിന് തിരികെ നൽകിയാൽ നാളെ നമ്മെ കാത്ത് അവൻ സ്വർഗ കവാടത്തിലുണ്ടാകും, തീർച്ച!’’

ആ ഉമ്മയുടെ ചിന്ത, ഭിന്നശേഷിക്കാരായി സൃഷ്ടിക്കപ്പെട്ട മുഴുവൻ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾക്കുണ്ടായാൽ ഈ ലോകം എത്ര സുന്ദരമായിരിക്കും! അത്തരം പരീക്ഷണങ്ങളിൽ പെട്ട കുടുംബങ്ങൾക്ക് അവ നൽകുന്ന ആശ്വാസമെത്രയായിരിക്കും!

“എന്നാൽ തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും’’ (ക്വുർആൻ 94:5,6).