പുത്രസ്‌നേഹം അന്ധമാകരുത്

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 മാർച്ച് 26, 1442 ശഅബാൻ 23

സമ്പത്തുകൊണ്ടും പുത്രഭാഗ്യംകൊണ്ടും അനുഗൃഹീതനായിരുന്നു പോക്കര്‍ ഹാജി. പാരമ്പര്യമായി കിട്ടിയ ഏക്കറുകള്‍ പരന്നുകിടക്കുന്ന കൃഷിഭൂമി, നാട്ടിലെ പ്രമാണി, ധാരാളം സേവകന്‍മാര്‍, തലയാട്ടിനിന്ന് മറുത്തൊരഭിപ്രായവും പറയാത്ത ശിങ്കിടികള്‍, പോരാത്തതിന് ഈ സമ്പത്തിനെല്ലാം അനന്തരാവകാശിയായി ഏകമകനും...

ഒരു വ്യക്തിക്ക് അഹങ്കാരിയായി മാറാനാകുമോ എന്നറിയാനുള്ള എല്ലാ പരീക്ഷണങ്ങളും ഒന്നിച്ച് വന്നിരിക്കുന്നു. പോക്കര്‍ ഹാജി എല്ലാ അര്‍ഥത്തിലും തന്റെ കഴിവിലും സമ്പത്തിലും പാരമ്പര്യത്തിലും പുത്രസൗഭാഗ്യത്തിലും അല്‍പം അഹങ്കരിച്ചു.

കാസിം പോക്കര്‍ ഹാജിയുടെ അയല്‍വാസിയും സാമ്പത്തിക നിലയില്‍ ശരാശരിക്കാരനുമായിരുന്നു, മൂന്ന് പെണ്‍കുട്ടികളുടെ പിതാവും. ദൈവഭക്തനായിരുന്ന കാസിമിനെ കാണുമ്പോഴെല്ലാം പോക്കര്‍ ഹാജി ഒന്നു ‘കുത്തി സംസാരിക്കും.’ തന്റെ സൗഭാഗ്യങ്ങളും ഏകമകനായതിനാലുള്ള ഭാവിഭദ്രതയും ഒക്കെത്തന്നെ വിഷയം. വീണ്ടും വീണ്ടും പെണ്‍കുട്ടികള്‍ ജനിക്കുന്ന കാസിമിന് ഒരുപദേശവും; ‘ഇനിയും കാത്തിരിക്കണ്ട, അങ്ങട്ട് നിര്‍ത്തിക്കളാ...’ എത്രയോ കഥകളില്‍ വിരിഞ്ഞ ഈ ഭാവന നമുക്കുചുറ്റും ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന യാഥാര്‍ഥ്യമാണ്.

മനുഷ്യന് നല്‍കപ്പെടുന്ന അനുഗ്രഹങ്ങളിലെ അതിശ്രേഷഠമായ ഒന്നാണ് സന്താന സൗഭാഗ്യം. ഓരോ അനുഗ്രഹത്തിനും കൂടുതല്‍ കൂടുതല്‍ നന്ദി കാണിക്കേണ്ട മനുഷ്യന്‍ വഴിതെറ്റാതിരിക്കാന്‍ അതീവ ശ്രദ്ധ കാണിക്കേണ്ടതും ഇതില്‍ തന്നെ.

ആണ്‍കുട്ടികളെ സൗഭാഗ്യത്തിന്റെ അടയാളമായി കണക്കാക്കിയത് ചരിത്രകാലം മുതല്‍ നമുക്ക് വായിക്കാനാവും. എന്നാല്‍ അത് തെറ്റായ ധാരണയാണെന്നും എല്ലാ മക്കളെയും ഒരുപോലെ കാണാന്‍ പഠിപ്പിക്കുകയും പാകപ്പെടുത്തുകയുമാണ് ഇസ്‌ലാം ചെയ്തത്.

ചരിത്രത്തില്‍ കഴിഞ്ഞുപോയ പല അഹങ്കാരികളുടെയും കഥ പറയുന്ന ക്വുര്‍ആന്‍ അവര്‍ അഹങ്കരിക്കാന്‍ ന്യായമായി കണ്ടിരുന്ന കാരണങ്ങളിലൊന്ന് ആണ്‍മക്കളും അവരുടെ സ്വാധീനവലയവുമായിരുന്നു എന്ന് കാണാനാകും. പുതിയ കാലത്ത് പുതിയ രൂപത്തിലും ഭാവത്തിലും അതേ അഹങ്കാരത്തിന്റെ ഡിജിറ്റല്‍ പതിപ്പുകള്‍ നമുക്ക് ചുറ്റും കാണാനാവുമെന്നതില്‍ തര്‍ക്കമില്ല. അത്തരം അഹന്തയുടെ ചിന്തയില്‍നിന്നും വര്‍ത്തമാനത്തില്‍നിന്നും മാറിനില്‍ക്കാനായാല്‍ നമുക്ക് വിജയിക്കാനാകും, തീര്‍ച്ച. അനന്തരസ്വത്ത് ഓഹരി വെക്കുന്നിടത്ത് എല്ലാവര്‍ക്കുമുള്ള ഓഹരികള്‍ പറഞ്ഞ ശേഷം ക്വുര്‍ആന്‍ നടത്തുന്ന പ്രസ്താവന ഏറെ ശ്രദ്ധേയമാണ്: ‘നിങ്ങളുടെ പിതാക്കള്‍, മക്കള്‍ എന്നിവരില്‍ ആരാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉപകാരിയാവുക എന്നത് നിങ്ങള്‍ക്കറിയില്ല തന്നെ.’

‘‘നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക’’ (ക്വുര്‍ആന്‍ 8:28).

മക്കളെ അനുഗ്രഹമായി കാണുന്നതോടൊപ്പം പരീക്ഷണമായിക്കൂടി കണ്ട് വിജയത്തിന്റെ വഴിയന്വേഷിക്കാന്‍ നാം തയ്യാറാവുക.