ഞാന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍...!

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 ഫെബ്രുവരി 26, 1442 റജബ്  25

അത് എനിക്കെത്ര സന്തോഷമുള്ള ദിവസമായിരുന്നെന്നോ! ലോകത്തെ ഏതൊരു കുഞ്ഞും ഏറ്റവുമധികം സന്തോഷിക്കുന്ന ദിവസമതായിരിക്കും എന്നെനിക്കുറപ്പുണ്ട്.

ഉമ്മയുടെ വയറ്റിനുള്ളിലെ ആ ഇരുട്ടറയില്‍ ഒരു മാംസക്കഷ്ണമായി ഒട്ടിപ്പിടിച്ചു കിടന്ന എനിക്ക് എന്റെ നാഥന്റെ കാരുണ്യമായി ജീവന്‍ നല്‍കപ്പെട്ട ദിവസം!

എന്റെ സൃഷ്ടിപ്പ് തുടങ്ങിയിട്ട് നാല്‍പത്തിരണ്ട് ദിവസം പൂര്‍ത്തിയായ അന്ന് പതിയെ ഞാന്‍ ഉമ്മയുടെ വയറ്റിനുള്ളില്‍ ഒന്നിളകി! ഉമ്മയതറിഞ്ഞോ ആവോ?

അന്നുമുതല്‍ ഞാന്‍ സന്തോഷിച്ചു തുടങ്ങുകയായിരുന്നു. എന്റെ ഉമ്മ ചെയ്യുന്നതും ഉപ്പ പറയുന്നതും വ്യക്തമായി എനിക്ക് ഗ്രഹിക്കാനാവുമായിരുന്നില്ലെങ്കിലും എല്ലാത്തിന്റെയും ഒരു ഫീല്‍ എനിക്ക് കിട്ടിത്തുടങ്ങിയിരുന്നു.

പക്ഷേ, അന്നാണത് സംഭവിച്ചത്... പകലാണോ രാത്രിയാണോ എന്നെനിക്കുറപ്പിച്ചു പറയാനാവില്ലല്ലോ. എനിക്കെപ്പോഴും ഇരുട്ട് തന്നെയായായിരുന്നല്ലോ...!

ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ ഉമ്മയുടെ ഗര്‍ഭാശയഭിത്തിയില്‍ അള്ളിപ്പിടിച്ച് കിടന്നിരുന്ന എന്റെ നേരെ ഒന്നുരണ്ട് സര്‍ജിക്കല്‍ കത്തികള്‍ നീണ്ടുവന്നത്... ഇരുട്ടിലും അവയുടെ മൂര്‍ച്ചയേറിയ സാമീപ്യം ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് അവയില്‍നിന്ന് ഒാടിയൊളിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, എനിക്കതിനാവുമായിരുന്നില്ലല്ലോ! എനിക്ക് ഉറക്കെ വാവിട്ടുകരയണമെന്നുണ്ടായിരുന്നു. പക്ഷേ, ഞാന്‍ അശക്തനായിരുന്നല്ലോ!

ഞാനെന്റെ സര്‍വ ശക്തിയുമെടുത്ത് എന്റെ വീടായ ഗര്‍ഭാശയത്തിന്റെ ഭിത്തിയില്‍ ആഞ്ഞുചവിട്ടിയിരുന്നു. പക്ഷേ, അനസ്‌തേഷ്യയുടെ പാതിമയക്കത്തിലായ ഉമ്മാ, നിങ്ങളതറിഞ്ഞിട്ടുണ്ടാവില്ല...

എനിക്ക് ചെയ്യാനാവുമായിരുന്നത് എന്റെ ദുര്‍ബലമായ കുഞ്ഞുകരങ്ങള്‍കൊണ്ട് ആവുംവിധം പ്രതിരോധിക്കലായിരുന്നു. ഞാനാ കത്തിയെ ഇരുകരങ്ങളും ചേര്‍ത്ത് പിടിച്ചുവച്ചു!

നിമിഷങ്ങള്‍ക്കകം എന്റെ ഇരുകരങ്ങളും യുദ്ധക്കളത്തിലെന്നപോലെ മുറിഞ്ഞുവീണു. പിന്നെയും പിന്നെയും പലതവണ ആ കത്തി എന്നിലേക്ക് നീണ്ടു നീണ്ടു വന്നു. ലോകത്തൊരാളും ഒരു കുഞ്ഞിനോടും ചെയ്യാത്തത്ര അതിക്രൂരമായി അവ തുണ്ടംതുണ്ടമാക്കി എന്നെ അരിഞ്ഞെടുത്തു.

എന്റെ മരണം ഉറപ്പു വരുത്തിയിട്ടേ അത് വിശ്രമിച്ചുള്ളൂ. മരിച്ചു രക്തത്തില്‍ കുളിച്ചു കിടന്നപ്പോഴും ഞാനെന്റെ ഉമ്മയെ കെട്ടിപ്പിടിച്ചിരുന്നു എന്നാണെന്റെ ഓര്‍മ!.

പ്രിയ ഉമ്മയും ഉപ്പയും അറിയാന്‍... ഞാനിപ്പോള്‍ എന്റെ നാഥന്റെ അടുക്കല്‍ തിരിച്ചെത്തി. ഭൂമിയെ കുറിച്ച് അറിയുംതോറും അങ്ങോട്ടു പോരേണ്ടിയിരുന്നില്ല എന്ന് തോന്നാറുണ്ട്. എന്നാലും എന്തിനായിരുന്നു എന്നെ ഇത്ര ക്രൂരമായി നിങ്ങള്‍ കൊന്നുകളഞ്ഞത്?

ഞാനെന്തു തെറ്റാണ് നിങ്ങളോട് ചെയ്തത്? ഞാനിത് ചോദിക്കാനായി കാത്തിരിക്കുകയാണ്; എന്റെ റബ്ബ് എനിക്ക് അതിനവസരം തരുന്ന ദിനത്തിനായി കാതോര്‍ത്തുകൊണ്ട്.

ഭൂമിയിലെ ഓരോ വിശേഷവും അറിയുമ്പോള്‍ ഞാനെന്നെ ചേര്‍ത്തുവച്ച് ചിന്തിക്കും. ഈയടുത്ത് കാശ്മീരിലെ കഠ്‌വയിലെ പെണ്‍കുട്ടി മൃഗീയമായി കൊല ചെയ്യപ്പെട്ടപ്പോള്‍ സമരം നടത്തിയവരില്‍ നിങ്ങളുമുണ്ടായിരുന്നില്ലേ? ചെറിയ കുട്ടികള്‍ ആക്രമിക്കപ്പെടുമ്പോള്‍ നിങ്ങള്‍ രണ്ടുപേരും രോഷംകൊള്ളുന്നത് ഞാന്‍ കാണാറുണ്ട്. അപ്പോള്‍ ഞാനോര്‍ക്കും എന്റെ കാര്യത്തില്‍ നിങ്ങളെന്താണ് ചെയ്തതെന്ന്.

ഒരു മാതാവും പിതാവും ചെയ്യാന്‍ പാടില്ലാത്തതല്ലേ ആ ഡോക്ടറെകൊണ്ട് നിങ്ങളെന്നെ ചെയ്യിച്ചത്? ഞാന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ വീട്ടില്‍ ഇപ്പോഴെന്തൊരു രസമായിരിക്കുമല്ലേ!

ജ്യേഷ്ഠന്‍ കൂടെ കളിക്കാനാരുമില്ലാതെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ പുറത്തേക്ക് നോക്കി വിഷാദനായി നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ഓടിച്ചെന്ന് അവനോടൊപ്പം കളിക്കാന്‍ തോന്നാറുണ്ട്.  

പക്ഷേ, നിങ്ങളെനിക്ക് അവസരം തന്നില്ലല്ലോ! നിങ്ങള്‍ അവനെയുംകൊണ്ട് പാര്‍ക്കിലും മാളിലും കടല്‍ക്കരയിലുമൊക്കെ പോകുമ്പോള്‍ ഞാനെന്തു മാത്രം സങ്കടപ്പെട്ടിട്ടുണ്ടെന്നോ!

ഞാന്‍ കാത്തിരിക്കുകയാണ്; എന്റെ നാഥന്‍ എനിക്ക് അവസരം തരുന്നതിനായി. ഞാന്‍ നിങ്ങളോട് ചോദിച്ചിരിക്കും; എന്തിനാണ് നിങ്ങളെന്നെ കൊന്നതെന്ന്. പട്ടിണിയാകുമെന്നതായിരുന്നോ നിങ്ങളുടെ ഭയം?

പടച്ച റബ്ബ് പറഞ്ഞത് നിങ്ങള്‍ കേട്ടില്ലായിരുന്നോ? ഈ ലോകത്ത് അവന്‍ സൃഷ്ടിക്കുന്ന ഏതൊരുജീവിക്കും ഉപജീവനത്തിനുള്ള വഴിയും അവന്‍ നിശ്ചയിച്ചിട്ടുണ്ടെന്നത്. എന്നിട്ടുമെന്തേ നിങ്ങളെനിക്ക് ജീവിക്കാനൊരവസരം നല്‍കാതിരുന്നത്?

നബിയുടെ മുന്നില്‍ കുനിഞ്ഞ ശിരസ്സുമായി മുഖമുയര്‍ത്താനാകാതിരുന്ന ആ സ്വഹാബിയുടെ കഥ എത്രതവണ നിങ്ങള്‍ കേട്ടതാണ്! ദുരഭിമാന സംരക്ഷണത്തിനു വേണ്ടി മകളെയുംകൊണ്ട് താഴ്‌വാരത്തേക്ക് പോയ അയാള്‍ മണ്‍വെട്ടികൊണ്ട് കുഴിയെടുത്തുകൊണ്ടിരുന്നു.

ഇടക്ക് ക്ഷീണിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിരുന്ന് വിയര്‍പ്പ് തുടച്ചുകൊടുത്തുകൊണ്ട് മകള്‍ ചോദിച്ചുകൊണ്ടിരുന്നത്രെ: 'ബാപ്പാ, എന്തിനാണീ കുഴി? ആര്‍ക്കുവേണ്ടിയാണ് അങ്ങ് ഈ കഷ്ടപ്പെടുന്നത്?' അവളുടെ മുഖത്തേക്ക് നോക്കാനോ മറുപടി പറയാനോ അയാള്‍ക്കാവുമായിരുന്നില്ല.

പൂര്‍ത്തിയായ വലിയ കുഴിയില്‍ അവളെ ഇറക്കി നിര്‍ത്തി കണ്ണടച്ചുകൊണ്ട് അവള്‍ക്കു മീതെ മണ്ണ് കോരിയിടുമ്പോള്‍ പോലും ആ കുഞ്ഞ് കരഞ്ഞ് ചോദിച്ചത് എന്തിനാണുപ്പാ ഇത് എന്നായിരുന്നുവത്രെ! അത്രക്ക് വിശ്വാസമാണ് ഒരോ മകള്‍ക്കും തന്റെ രക്ഷിതാക്കളെ; അവര്‍ തങ്ങളെ ഉപദ്രവിക്കില്ല എന്നതില്‍!

മകളുടെ കരിച്ചിലിനു മുകളിലേക്ക് മണ്ണിട്ടുമൂടിയ അയാള്‍ക്ക് പിന്നീട് മുസ്‌ലിമായതിന് ശേഷം പ്രവാചകന്റെ മുഖത്തേക്ക് നോക്കാന്‍ പോലുമാവാത്തവിധം മുഖം കുനിച്ച് ജീവിക്കേണ്ടിവന്നു. കാരണം ക്വുര്‍ആനിന്റെ ഈ വാക്കുകള്‍ തന്നെ:

‘ജീവനോടെ കുഴിച്ചുമൂടപ്പെട്ട ഓരോ കുഞ്ഞും ചോദിക്കും, എന്ത് കുറ്റത്തിനായിരുന്നു ഞാന്‍ കൊല്ലപ്പെട്ടതെന്ന്' (ക്വുര്‍ആന്‍).

ഇതു തന്നെയല്ലേ പൊന്നുപ്പാ നിങ്ങളെന്നോടും ചെയ്തത്? ഞാന്‍ കൂടിയുണ്ടായിരുന്നെങ്കില്‍ എത്ര സന്തോഷമുണ്ടാകുമായിരുന്നു നമ്മുടെ കുടുംബത്തില്‍...

(ഇന്ത്യയില്‍ മാത്രം ഒരു മിനുട്ടില്‍ ഒരു പെണ്‍കുട്ടി ഭ്രൂണഹത്യയാല്‍ കൊല്ലപ്പെടുന്നു എന്നാണ് കണക്ക്)