കാരുണ്യമുള്ളവരാകാം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 ആഗസ്റ്റ് 13, 1442 മുഹർറം 14

പരമകാരുണ്യവാനും കരുണാവാരിധിയുമായവൻ’’ (ക്വുർആൻ 1:3). അല്ലാഹുവിന്റെ ഏറ്റവും മനോഹരമായ വിശേഷണങ്ങളാണിവ! ‘കാരുണ്യം,’ മനുഷ്യന് എന്നും അതീവ സംതൃപ്തി നൽകുന്ന പദം. ഓരോ മനുഷ്യനും അവന്റെ ‘മനുഷ്യൻ’ എന്ന അവസ്ഥയുടെ പൂർണതയിലെത്തുന്നത് അവനിൽ ‘കാരുണ്യം’ എന്ന ഘടകം അതിന്റെ മുഴുഭാവത്തോടെ പ്രസരിച്ച് നിൽക്കുമ്പോഴാണ്.

ഇവിടെ അല്ലാഹുവിന്റെ കാരുണ്യമാണ് വിഷയം. പ്രപഞ്ചത്തിൽ നാം കാണുന്ന സകല കാരുണ്യത്തിന്റെയും ഉറവിടം അല്ലാഹുവിന്റെ അടുക്കൽനിന്നുള്ളതത്രെ.

തള്ളക്കോഴി ശത്രുവിൽനിന്ന് കുഞ്ഞിക്കോഴികളെ തന്റെ ചിറകിലൊളിപ്പിച്ച് സംരക്ഷിക്കുന്നതും, തന്റെ അമ്മിഞ്ഞ നുകരുന്ന കുഞ്ഞിനോട് മാതൃഹൃദയത്തിന് തോന്നുന്ന കാരുണ്യവും തുടങ്ങി കാരുണ്യത്തിന്റെ മൂർത്തനിമിഷങ്ങളായി നമ്മുടെ മനസ്സിൽ വരുന്ന കാര്യങ്ങളെന്തെല്ലാമുണ്ടോ അതെല്ലാം ദൈവിക കാരുണ്യത്തിന്റെ ഭാഗമത്രെ!

നബി ﷺ  പറഞ്ഞുതന്നു: “അല്ലാഹു കാരുണ്യത്തെ നൂറ് ഭാഗമായി ഭാഗിച്ചിരിക്കുന്നു. അതിൽ ഒരംശം മാത്രമാണ് അവൻ ഭൂമിയിൽ വച്ചിട്ടുള്ളത്. ബാക്കി തൊണ്ണൂറ്റി ഒമ്പത് ഭാഗവും അവൻ പരലോകത്തേക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നു!’’

ഹാ, എത്ര മഹോന്നതം! നാം ദർശിക്കുന്ന സകല കാരുണ്യങ്ങളും ആ ഒരു ശതമാനത്തിന്റെ ഭാഗമാണെങ്കിൽ ബാക്കിയുള്ള കാരുണ്യം എത്ര മഹത്തരമായിരിക്കും! അതെ, ആ കാരുണ്യത്തിന്റെ അങ്ങേയറ്റമാണ് സ്വർഗം. ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു ഹൃദയത്തിനും ഭാവനയിൽ സങ്കൽപിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അതിമഹത്തായ കാരുണ്യഭവനം.

ആ സ്വർഗലോകത്തിലേക്ക് മനുഷ്യരെ ആനയിക്കാനായി പ്രവാചകൻമാരെ നിയോഗിച്ചും വിശുദ്ധ ഗ്രന്ഥങ്ങൾ വഴിയും അല്ലാഹു മനുഷ്യരോട് കാരുണ്യം ചെയ്തിരിക്കുന്നു. അതിൽ അവസാനത്തെ ദൂതനാണ് മുഹമ്മദ് നബി ﷺ , അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ.

‘അല്ലാഹു അവന്റെ സ്വന്തത്തിന് കാരുണ്യം എന്നത് ബാധ്യതയായി രേഖപ്പെടുത്തിയിരിക്കുന്നു’ (ക്വുർആൻ 6:12).

മനുഷ്യൻ ഈ കാരുണ്യത്തിന്റെ ഒരംശം ഏറ്റെടുത്ത് ചുറ്റുപാടുകളോട് കരുണയുള്ളവരായി മാറുക എന്നതാണ് മതം നൽകുന്ന സന്ദേശം. നമുക്ക് കരുണയുള്ളവരായി മാറാം;

മാതാപിതാക്കളോട്, കുടുംബത്തോട്, കുട്ടികളോട്, പ്രായമുള്ളവരോട്, ദരിദ്രരോട്, അനാഥകളോട്, വിധവകളോട്, രോഗികളോട്, അഗതികളോട്, പക്ഷിമൃഗാദികളോട്, സസ്യലതാദികളോട്, പുഴകളോട്, അരുവികളോട്....അങ്ങനെയങ്ങനെ എല്ലാറ്റിനോടും...