പ്രതിഫലനാളിന്റെ ഉടമസ്ഥൻ

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 ആഗസ്റ്റ് 20, 1442 മുഹർറം 21

പ്രതിഫലനാളിന്റെ ഉടമസ്ഥനായവൻ’’ (ക്വുർആൻ 1: 4).

വരാനിരിക്കുന്ന ഒരു ‘പ്രതിഫലനാൾ’- ഇസ്‌ലാം മനുഷ്യരാശിക്ക് നൽകുന്ന മുന്നറിയിപ്പും സന്തോഷവാർത്തയുമാണിത്. ഓരോ വിശ്വാസിക്കും ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും മറികടന്ന് അതിവേഗം മുന്നോട്ട് കുതിക്കാൻ പ്രേരണ നൽകുന്ന, സ്രഷ്ടാവ് അറിയിച്ചുതന്ന യാഥാർഥ്യം.

മല പോലെ മുന്നിൽ വന്ന് തടസ്സം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ ഏറ്റവും ലളിതമായി കൈകാര്യം ചെയ്യാനും ഏത് പരിഹാസങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും മുന്നിൽ നിവർന്നുനിൽക്കാനും തോന്നിപ്പിക്കുന്ന ഒന്നാണ് ‘പ്രതിഫലനാളി’ലുള്ള അടിയുറച്ച വിശ്വാസം. ഓരോ നന്മയും കൂടുതൽ ഊർജസ്വലതയോടെ നിർവഹിക്കുവാനും അരുതായ്മകളിൽനിന്ന് അകലം പാലിക്കുവാനും വിശ്വാസിയെ പ്രേരിപ്പിക്കുന്നു പ്രതിഫലനാളിനെക്കുറിച്ചുള്ള ചിന്ത.

അധികാരത്തിന്റെ ഹുങ്കിൽ മതവിശ്വാസങ്ങൾക്കുനേരെ ആക്രോശം നടത്തുന്ന പ്രവണത വർധിച്ച ഒരു കാലഘട്ടമാണിത്. ഓരോ മതവിശ്വാസിക്കും തനിക്ക് ഇഷ്ടമുള്ള വിശ്വാസമാർഗത്തിൽ ജീവിക്കാനാകാതെ വരുന്നത് ഊഹിക്കാനാവാത്ത മനഃപ്രയാസങ്ങൾക്കും സങ്കടങ്ങൾക്കും കാരണമാകുമെന്നതിൽ തർക്കമില്ല. കോവിഡ് മൂലം ആരാധനകൾ നിർവഹിക്കാൻ കഴിയാതെപോയ സമയത്ത് വിശ്വാസികൾ അനുഭവിച്ച മാനസിക സംഘർഷം ചെറുതല്ല.

അതിൽനിന്ന് മുക്തിനേടി പഴയ അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് മനുഷ്യർ സൃഷ്ടിക്കുന്ന ബോധപൂർവമായ ചില തടസ്സങ്ങൾ... ഹലാൽ വിവാദം, ലൗ ജിഹാദ്, ഹിജാബ്... അങ്ങനെ പലതും. ഇതരർക്ക് ഉപദ്രവമില്ലാത്ത ആചാരാനുഷ്ഠാനങ്ങളെ എതിർക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക...! ഇതുകൊണ്ടൊക്കെ ലക്ഷ്യമാക്കുന്നത് മാന്യമായി ജീവിക്കുന്നവരെ സങ്കടപ്പെടുത്തുക, ഭയപ്പെടുത്തുക എന്നതല്ലാതെ മറ്റെന്താണ്?

എന്നാൽ ഇത്തരം ആക്രമണങ്ങളെയെല്ലാം മറികടക്കാൻ വിശ്വാസിയുടെ മനസ്സിന് കരുത്തു പകരുന്ന ഒന്നത്രെ പ്രതിഫലനാളിലുള്ള വിശ്വാസം. വിശ്വാസിക്ക് അഭയം തേടാനുള്ള അഭയകേന്ദ്രം, അതത്രെ പ്രതിഫലനാളിന്റെ ഉടമസ്ഥൻ.

പ്രതിഫലനാൾ സമ്പൂർണമായി നീതി നടപ്പിലാക്കപ്പെടുന്ന ദിവസമാണ്. ഇഹലോകത്തെ സകല നന്മകൾക്കും തിന്മകൾക്കും അർഹിക്കുന്ന പ്രതിഫലം നൽകപ്പെടുന്ന ദിവസം!

“ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നീതിപൂർണമായ തുലാസുകൾ നാം സ്ഥാപിക്കുന്നതാണ്. അപ്പോൾ ഒരാളും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കർമം) ഒരു കടുകു മണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്. കണക്ക് നോക്കുവാൻ നാം തന്നെ മതി’’ (ക്വുർആൻ 21:47).

ചിന്തിക്കുക! ആരെങ്കിലും തന്റെ അധികാരത്തിന്റെ, സമ്പത്തിന്റെ, ആൾബലത്തിന്റെ, ശക്തിയുടെ പിൻബലത്തിൽ ഏതെങ്കിലുമൊരു സാധുവിന്റെ അവകാശം തട്ടിയെടുത്തിട്ടുണ്ടെങ്കിൽ, അഭിമാനത്തിന് ക്ഷതമേൽപിച്ചിട്ടുണ്ടെങ്കിൽ, ധനം കവർന്നെടുത്തിട്ടുണ്ടെങ്കിൽ പ്രതിഫലനാളിന്റെ ഉടമസ്ഥൻ വെറുതെ വിടില്ല. ആ ഓർമ നമ്മെ വിട്ടുമാറാതിരിക്കട്ടെ. നമ്മെ സമൂലമായി പരിവർത്തിപ്പിക്കാനും പ്രതിസന്ധികളുടെ കുത്തൊഴുക്കിൽ തടയണകെട്ടി പിടിച്ചു നിൽക്കാനുമുള്ള കരുത്ത് പ്രതിഫലനാളിലുള്ള വിശ്വാസം നമുക്ക് നൽകാതിരിക്കില്ല.