തുണയാവുക

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര  

2022 ഫെബ്രുവരി 05, 1442 റജബ്  03

‘‘താഴ്ചയ്ക്ക് ഉയര്‍ച്ചയും

വീഴ്ചയ്ക്ക് വിജയവും

ഉണ്ടെന്ന തിരിച്ചറിവ്

അവരുടെ ദാമ്പത്യം

സന്തുഷ്ടമാക്കി...!''

(മലയാള കവിതയില്‍നിന്ന്)

മലയാളത്തിലെ മനോഹരമായ രണ്ട് പദങ്ങളാണ് ‘ഇണ'യും ‘തുണ'യും.   ‘ഇണ' എന്ന പദം ഓരോ മനുഷ്യനെയും ഓര്‍മിപ്പിക്കുന്നത് തന്റെ ജീവിത പങ്കാളിയെക്കുറിച്ച് തന്നെയാണ്.

ജീവിതമാകുന്ന സാഗരത്തിലെ നുരയും പതയും, വെയിലും മഴയും, കാറും കോളും, പകലും രാത്രിയും,  ഉപ്പും മധുരവും, കോപവും ശാന്തതയും ഒരുമിച്ചനുഭവിക്കുന്ന, അക്ഷരാര്‍ഥത്തില്‍ ഒരു മെയ്യും ഒരു മനസ്സുമായിത്തീരുന്ന പങ്കാളികള്‍.

അതീവ അത്ഭുതം തന്നെയാണ് പ്രപഞ്ചത്തിലെ ഇണ സങ്കല്‍പം; വിശിഷ്യാ മനുഷ്യരുടേത്!

വ്യത്യസ്ത സാമൂഹ്യ സാഹചര്യത്തില്‍ വര്‍ഷങ്ങളോളം ജീവിച്ച് ഒരു പ്രഭാതത്തില്‍ പൊടുന്നനെ ഒരു പുരുഷന്റെ ഇണയായി കയറിവന്നവളാണ് ഭാര്യ; തിരിച്ചും അങ്ങനെത്തന്നെ.

പിന്നീട് സംഭവിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങളാണ്. ആ രണ്ട് വ്യത്യസ്ത വ്യക്തികള്‍ തമ്മില്‍ പറഞ്ഞറിയിക്കാനാവാത്തവിധം അടുക്കുന്നു. ഒരു ശരീരമാകുന്നു; ഒരേ ചിന്ത പോലുമായിത്തീരുന്നു!

കഴിഞ്ഞ വര്‍ഷം എന്നെ ഏറെ അതിശയിപ്പിച്ച ഒരു വാര്‍ത്തയായിരുന്നു അത്.; കൊല്ലം ജില്ലയിലെ ഒരു ആത്മസുഹൃത്തിന്റെ ഭാര്യാമാതാവും പിതാവും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെടുകയുണ്ടായി. എത്രയോ സമാന വാര്‍ത്തകള്‍ നാം കേള്‍ക്കുന്നുണ്ട്. മരണത്തില്‍ പോലും വേര്‍പിരിയാനാകാത്ത വിധം അടുത്തവര്‍ എന്നു തോന്നിപ്പോകും വിധത്തില്‍!

എങ്ങനെ അത്യത്ഭുതകരമായ ഈ ഹൃദയ, ശരീര സംയോജനം നടക്കുന്നു എന്നത് ക്വുര്‍ആന്‍ പറയുന്നുണ്ട്.

‘‘ഇണകളോടിണങ്ങി ജീവിച്ച് മനശ്ശാന്തി ലഭിക്കാനായി നിങ്ങളുടെ വര്‍ഗത്തില്‍നിന്നുതന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു. അങ്ങനെ നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രേമബന്ധവും കാരുണ്യവുമുണ്ടാക്കി. ഇതെല്ലാം അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെടുന്നു. ചിന്തിക്കുന്ന സമുഹത്തിന് ഇതില്‍ പല പാഠങ്ങളുമുണ്ട്''    (ക്വുര്‍ആന്‍ 30:21).

അല്ലാഹു നിശ്ചയിച്ചുതന്ന ഈ പ്രേമബന്ധം നിലനിര്‍ത്താന്‍ ഇണകള്‍ പരസ്പരം ബോധപൂര്‍വമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്.

നബിജീവിതത്തില്‍ എത്രയോ മാതൃക നമുക്ക് ദര്‍ശിക്കാനാകും.

ഭാര്യയോടൊപ്പം ഓട്ടമത്സരം നടത്തിയ മാതൃകാ ഭര്‍ത്താവ്!

തമാശകള്‍ പറഞ്ഞ് ചിരിച്ച ജീവിത സായാഹ്നങ്ങള്‍,

ചെറിയ കുശുമ്പുകളെ സ്‌നേഹം കൊണ്ട് കീഴടക്കിയ നിമിഷങ്ങള്‍,

അനുവദിക്കപ്പെട്ട വിനോദങ്ങള്‍ കാണാന്‍ ഇണക്കുകൂടി അവസരം നല്‍കിയ പ്രവാചകന്‍,

ഓരോ യാത്രയിലും തന്റെ പങ്കാളിയെകൂടി കൂടെക്കൂട്ടിയ സ്‌നേഹനിധി,

അടുക്കളയില്‍ സഹായിയായി മാറിയ ഭരണാധികാരി,

സന്തോഷത്തിലും സന്താപത്തിലും ചേര്‍ന്നുനിന്ന സ്‌നേഹ സാന്നിധ്യം,

ലൈംഗികജീവിതം സംതൃപ്തിയോടെ അനുഭവിച്ച ഇണ...

ഇങ്ങനെ എന്തെല്ലാം...!

ഇണയോട് കരുതലുണ്ടാകുന്നതിന് നമ്മുടെ നിതാന്ത ശ്രദ്ധയിലുണ്ടാകേണ്ട ചില കാര്യങ്ങള്‍ പറയട്ടെ:

പരസ്പരം തിരിച്ചറിയുക,

ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കുക.

വ്യക്തിത്വത്തെ അംഗീകരിക്കുക,

പരസ്പരം പുകഴ്‌ത്തുക.

നന്മ, ഉയര്‍ച്ച എന്നിവയില്‍ അഭിനന്ദിക്കുക.

തിന്മ, വീഴ്ച എന്നിവ രഹസ്യമായി തിരുത്തുക.

ഒന്നിച്ച് യാത്ര ചെയ്യുക,

ഭക്ഷണം പങ്കിടുക.

തമാശകള്‍ പറഞ്ഞ് ചിരിക്കുക,

പരസ്പരം സഹകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള മാനസിക വിശാലത കാണിക്കുക,

സ്‌നേഹ നിര്‍മലമായ ലൈംഗികബന്ധം കാത്തുസൂക്ഷിക്കുക,

പരസ്പരം ത്യാഗം ചെയ്യാന്‍ സന്നദ്ധരാവുക,

അന്യോന്യം സഹായിക്കുക,

സ്‌നേഹത്തിന്റെ ബാഹ്യമായ അടയാളങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ മുഷിപ്പ് കാണാതിരിക്കുക.

മലയാളത്തിന്റെ പ്രിയ കവി വൈലോപ്പിള്ളിയുടെ ഒരുവരി കൂടി:

‘‘വരിക സഖീ

അരികത്തു ചേര്‍ന്നു നില്‍ക്കൂ

പഴയൊരാ മന്ത്രം സ്മരിക്ക നാം

അന്യോന്യം ഊന്നു

വടികളായ് നില്‍ക്കാം

ഹാ! സഫലമീ യാത്ര...''