നരകം അകന്നുതന്നെ നിൽക്കട്ടെ!

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2022 ജൂലായ് 23, 1442 ദുൽഹിജ്ജ 23

ഒരിക്കൽ നബി(സ) പറഞ്ഞു: “അല്ലാഹു നരകത്തെ സൃഷ്ടിച്ചു. എന്നിട്ട് ജിബ്‌രീലിനോട് അവിടം പോയി കാണാൻ പറഞ്ഞു. ജിബ്‌രീൽ നരകത്തിനടുത്തേക്ക് പോയി. അതിനു മുന്നിൽ ഒരു മറയുണ്ടായിരുന്നു. ജിബ്‌രീൽ തിരികെ വന്ന് അവിടം മറയിട്ടിരിക്കുന്നു എന്ന് റബ്ബിനെ അറിയിച്ചു. അല്ലാഹു ഒന്നുകൂടി പോകാൻ പറഞ്ഞു. ഇത്തവണ മറ കടന്ന് നരകലോകത്തിന്റെ ഭീകരമായ അവസ്ഥകളിലേക്ക് ജിബ്‌രീലിന് പോകാനായി. അവയുടെ ഭയാനകത തിരിച്ചറിഞ്ഞ ജിബ്‌രീൽ തിരികെ വന്ന് നൽകിയ മറുപടി ഇപ്രകാരമായിരുന്നു: ‘അല്ലാഹുവാണെ സത്യം; നരകത്തിന്റെ ഒരു അംശം ഭൂമിയിലുള്ള മനുഷ്യൻ അനുഭവിച്ചാൽ പിന്നെ ഒരാളും നരകത്തിലേക്കെത്തും വിധമുള്ള പ്രവർത്തനങ്ങൾ ചെയ്യില്ല, ഉറപ്പ്’’ (ഹദീസ്).

ആ നരകലോകം പൂർണാർഥത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ഊഹിക്കാനാവുന്നതിലും വലിയ ഭയാനകതയും ഭീകരതയും കഠിനമായ ശിക്ഷയും അവശേഷിക്കുന്ന ലോകം.

ഏറ്റവും ചെറിയ ശിക്ഷ നബി ﷺ  വിശദീകരിച്ചുതന്നിട്ടുണ്ട്. അഗ്‌നികൊണ്ടുളള രണ്ട് ചെരുപ്പുകൾ ധരിപ്പിക്കലാണത്. അവ ധരിക്കുന്നതോടെ ശരീരത്തിലൂടെ പടർന്നുകയറുന്ന അഗ്‌നിയുടെ കാഠിന്യം കാരണം അയാളുടെ തലച്ചോറ് പോലും ഉരുകിയൊലിച്ചുപോകും! അത്രയും ഭീകരമായ അവസ്ഥ!

നബി ﷺ  മറ്റൊരിക്കൽ പറഞ്ഞുതന്നു: ‘എനിക്ക് ഒരു കല്ല് നരകത്തിന്റെ അടിത്തട്ടിൽ പതിക്കുന്ന ശബ്ദം അല്ലാഹു കേൾപ്പിച്ചുതന്നു, എഴുപത് വർഷം മുമ്പ് നരകത്തിലേക്ക് വീണ കല്ലായിരുന്നു അത്.’

നരകലോകത്തിന്റെ ആഴം എത്ര ദൈർഘ്യമുള്ളതായിരിക്കും! പലപ്പോഴും എല്ലാ വിഷമങ്ങളിൽനിന്നും വേദനകളിൽനിന്നുമുള്ള അവസാനമായി മരണത്തെ കാണുന്നവരുണ്ട്. നിസ്സഹായതയുടെ അവസാന വാക്ക് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ, മരണത്തെ സ്വയം തിരഞ്ഞെടുക്കരുത് എന്ന് മതം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. നരകലോകത്തിലെ അതീവ നിസ്സഹായതയെ കുറിച്ച് പറയുന്നിടത്ത് ക്വുർആൻ ഈ രൂപത്തിലുള്ള പരാമർശം നടത്തിയത് കാണാം: ‘മരണം എല്ലാ ഭാഗത്തുനിന്നും കടന്നുവരും; എന്നാലോ അവർ മരിക്കുകയുമില്ല.’

വല്ലാത്ത ലോകം! വെറുതെ ഭയപ്പെടുത്താനാണോ മതം നരകലോകത്തെ കുറിച്ച് പറഞ്ഞുതരുന്നത്? അല്ല; മനുഷ്യർ സൂക്ഷ്മത പുലർത്തി ജീവിക്കാനാണ്. റോഡരികിൽ ട്രാഫിക്ക് സിഗ്‌നലുകൾക്കൊപ്പം അപകടം പറ്റാതിരിക്കാനുള്ള മുന്നറിയിപ്പുകൾ കണ്ടിട്ടില്ലേ? അവ എന്തിനാണ്? നാം സുരക്ഷിതരായിരിക്കാൻ വേണ്ടി മാത്രം. മനുഷ്യൻ സുരക്ഷിതനായി സ്വർഗലോകത്തെത്തണം എന്ന മതത്തിന്റെ താൽ പര്യം നാം തിരിച്ചറിയുക.

രക്ഷപ്പെടണം നമുക്ക്. രക്ഷപ്പെടാനുള്ള വഴി വളരെ വ്യക്തമാണ്. ആ വഴിയിലൂടെ തെറ്റാതെ സഞ്ചരിച്ചാൽ നാം വിജയികളുടെ പട്ടികയിലുണ്ടാകും, തീർച്ച. നന്മകളിൽ യാതൊന്നിനെയും നിസ്സാരമായി കാണാതിരിക്കുക. ഏതാണ് സ്വർഗലോകത്ത് നമ്മെ കൊണ്ടെത്തിക്കുക എന്ന് നമുക്കറിയില്ലല്ലോ.