വിധിയൊഴുകും വഴി

ഇബ്‌നു അലി, എടത്തനാട്ടുകര

2021 ജനുവരി 22, 1442 ജുമാദൽ ആഖിർ 19

രണ്ടുമാസം പ്രായമുള്ളപ്പോഴാണ് അവള്‍ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. കത്തിക്കുത്തേറ്റായിരുന്നു മരണം. പിതാവിെൻറ ബന്ധുവും നാട്ടിലെ പ്രമാണിയും തമ്മില്‍ കശപിശയുണ്ടായപ്പോള്‍ പ്രശ്നം തീര്‍ക്കാന്‍ ഇടപെട്ടതാണ്. വഴക്കിനിടയില്‍ പ്രമാണി കത്തി വീശി. കൊണ്ടത് പിതാവിനും. ദൂരെയുള്ള മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു.

രണ്ടുമണിക്കൂര്‍ നീണ്ട ഒരു കാർ‌ യാത്രയില്‍ പീസ് റേഡിയോയിലെ ഒരു സുഹൃത്താണ് ഈ കഥ പറഞ്ഞത്. എെൻറ ‘കാഴ്ച' കുറിപ്പുകള്‍ വായിക്കാറുള്ളതാവാം എന്നോട് ഇത് പങ്കുവയ്ക്കാന്‍ കാരണം.

പിന്നീട് തന്നെക്കാള്‍ മൂന്നുവയസ്സിന് മൂത്ത ഒരു സഹോദരിയും അവളും മാതാവും ജീവിതം തള്ളിനീക്കി. അവളും സഹോദരിയും അനാഥശാലയില്‍ താമസിച്ചു പഠിച്ചു. പത്താം ക്ലാസ്സ് പാസ്സായി.

വിധി അവളെ വീണ്ടും വീണ്ടും പരീക്ഷിച്ചു കൊണ്ടേയിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ മൂത്ത സഹോദരി ജീവിത പ്രാരാബ്ധം കൊണ്ടോ മറ്റോ മരണത്തെ സ്വയം തിരഞ്ഞെടുത്തു. അത് അവള്‍ക്ക് മറ്റൊരു ആഘാതമായി. എന്നാലും അവള്‍ ഡിഗ്രിക്ക് ചേര്‍ന്നു. പിന്നീട് ബി.എഡ് പാസ്സായി.

പിതാവിെൻറ കൊലയാളിക്ക് ശിക്ഷ കിട്ടിയില്ല. ബന്ധുക്കള്‍ കാശ് വാങ്ങി കേസ് ഒതുക്കിയത്രെ. അതില്‍നിന്ന് 3000 രൂപ അവളുടെ പേരില്‍ നിക്ഷേപിച്ചു. അവളന്ന് മൈനര്‍ ആയിരുന്നല്ലോ. എന്നാല്‍ വിധി കൊലയാളിയെ വെറുതെ വിട്ടില്ല. മലമുകളിലെ സ്വന്തം തോട്ടത്തില്‍നിന്ന് ജീപ്പ് ഓടിച്ച് മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് അത് ആഴത്തിലേക്ക് മറിഞ്ഞ് ആയാള്‍ക്ക് മരണം  സമ്മാനിച്ചു.

അസുഖക്കാരിയായ അവളുടെ മാതാവും വൈകാതെ മരണപ്പെട്ടു. അവളുടെ ഒരു കൂട്ടുകാരിയുടെ സഹോദരന്‍ അവളെ കല്യാണം കഴിച്ചു. അവ‌െൻറ മാതാവ് സഹോദരിമാരുടെ കല്യാണക്കാര്യം ആലോചിക്കുമ്പോള്‍ ആ അനാഥ മോളുടെ കാര്യവും ശ്രദ്ധിക്കണം എന്ന് അവനോട് പറഞ്ഞിരുന്നു. കോളേജിലെ വിദ്യാര്‍ഥി നേതാവായിരുന്നു അന്നവന്‍. താന്‍ വിവാഹം ചെയ്യാന്‍ ആലോചിക്കുന്ന സമയത്ത് അവള്‍ വിവാഹിതയായിട്ടില്ലെങ്കില്‍ അവളെ വിവാഹം ചെയ്യാന്‍ തയ്യാറാണ് എന്ന് മാതാവിന് അന്നത്തെ ആ കോളേജ് പയ്യന്‍ വാക്കുകൊടുത്തിരുന്നു.

ഒരു നാള്‍ അവള്‍ ബന്ധുവീട്ടില്‍ പോകാന്‍ ബസ്സ് കാത്തുനില്‍ക്കുമ്പോള്‍ പ്രായമുള്ള ഒരാള്‍ പരിചയപ്പെട്ടു. അവളുടെ പിതാവിെൻറ കൂട്ടുകാരനായിരുന്നു അദ്ദേഹം. പിതാവിെൻറ മരണകാരണമടക്കം ഉമ്മയിൽ നിന്നും അറിയാത്ത പലതും അവള്‍ അദ്ദേഹത്തിൽ നിന്ന് കേട്ടറിഞ്ഞു. ബസ് വരാന്‍ കാത്തുനിന്ന അരമണിക്കൂറോളം സമയം അയാള്‍ ഓര്‍മച്ചെപ്പില്‍ പരതി വാത്സല്യത്തോടെ പഴയ കാര്യങ്ങല്‍  ഒന്നൊന്നായി അവളുമായി പങ്കുവവച്ചു. പിതാവിെൻറ ലാളന പോയിട്ട് നേരില്‍ ഒന്നു കാണാന്‍ പോലും ഭാഗ്യം കിട്ടാത്ത അവള്‍ നിറകണ്ണുകളോടെ എല്ലാം കേട്ടിരുന്നു. വളരെ നല്ലവനായിരുന്നു ഉപ്പ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അവളുടെ കവിളില്‍ കണ്ണുനീര്‍ ചാലിട്ടു

ബസ്സില്‍ കേറിയിട്ടും തിരികെ വീട്ടില്‍ എത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ മനസ്സില്‍നിന്ന് പിതാവിനെക്കുറിച്ചുള്ള കഥകള്‍ മാഞ്ഞുപോയില്ല. ഊണിലും ഉറക്കത്തിലും അത് പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. അവളുടെ പേരില്‍ നിക്ഷേപിച്ച പണം അവള്‍ ദാനം ചെയ്തിരുന്നു. ആ ചോര പുരണ്ട പണം വേണ്ട എന്ന് മാതാവും പറഞ്ഞിരുന്നു.

ഇപ്പോള്‍ അവള്‍ അധ്യാപികയാണ്. സര്‍ക്കാര്‍ അധ്യാപകനായ ഭര്‍ത്താവിനും നാല് മക്കള്‍ക്കുമൊപ്പം ജീവിക്കുന്നു. എവിടെയാണ് ഇന്നവള്‍ എന്ന എെൻറ ചോദ്യത്തിന് സുഹൃത്ത് ചെറു ചിരിയോടെ മറുപടി പറഞ്ഞു: ‘നാല്‍പത്തിയൊന്നുകാരിയായ അവള്‍ എെൻറ പ്രിയപ്പെട്ട ഭാര്യയാണ്...!'