മഴക്കാലത്തെ വറുതികൾ

ഇബ്‌നു അലി എടത്തനാട്ടുകര

2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16

മഴനൂലുകൾ പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നു. വെളിച്ചത്തിന് തെളിച്ചം കുറവുണ്ട്. തോരാതെ പെയ്യുന്ന മഴയും ഇരുണ്ട കാലാവസ്ഥയും പണ്ട് ദാരിദ്ര്യത്തിന്റെ കൂടി സൂചകമായിരുന്നു. പാതവക്കിൽനിന്ന് താളൂം തവരയും ഒടിച്ചു ‘പടുകൂട്ടാൻ’ വെച്ച് കുടുംബത്തിലെ പട്ടിണി മാറ്റിയിരുന്ന കാലം പഴയതലമുറ മറന്നിട്ടു ണ്ടാവില്ല. പുതുതലമുറ അങ്ങനെയൊരു കാലമോ എന്ന് അതിശയപ്പെടുകയും ചെയ്‌തേക്കും.

ഇന്ന് മഴക്കാലം പട്ടിണിക്കാരാക്കുന്നവരുണ്ടോ എന്ന് ചിന്തിച്ചാൽ ഇല്ല എന്ന് ഒരുപക്ഷേ തോന്നിയേ ക്കാം. എന്നാൽ അത്തരക്കാരുണ്ട് എന്ന് സാമൂഹ്യസേവന രംഗത്ത് ഇടപെടുന്നവർക്ക് അറിയാം.

പച്ചക്കറിയും കപ്പയും പഴവും വിറ്റ് ജീവസന്ധാരണം നടത്തുന്ന, റോഡരികിലെ കൊച്ചു കച്ചവടക്കാർക്ക് ചിലപ്പോൾ മഴ വില്ലനാണ്. നനയാതെ നിൽക്കാൻ ഇടമില്ല എന്നതാണ് ഒരു പ്രശ്‌നം. മഴയത്ത് ആരും വാങ്ങാൻ മടിക്കും എന്നത് മറ്റൊന്ന്. അപ്പോൾ മഴയ്‌ക്കൊപ്പം പട്ടിണിയും അരിച്ചെത്തുന്നു...

ഓഫീസിൽ പോകുന്ന എന്നും കാണുന്ന ഇത്തരമൊരു കച്ചവടക്കാരൻ ഉണ്ട്. നടപ്പാതയിൽ ചെറിയൊരു മേശ വെച്ച് അതിലാണ് സാധനങ്ങൾ വെക്കുന്നത്. മേശയുടെ ഒരുഭാഗത്തേക്ക് അയാൾ മാറി നിന്നില്ലെങ്കിൽ വഴി ബ്ലോക്കാകും. അയാൾ ആരോടും സാധനം വേണോ എന്ന് വിളിച്ച് ചോദിച്ച് ശല്യപ്പെടുത്താറില്ല. അരികിലൂടെ കടന്നുപോകുന്ന എല്ലാവരുടെ മുഖത്തേക്കും അയാൾ കണ്ണുകൾ പായിക്കും, അത്ര മാത്രം!

മഴ അയാളുടെയും താളം തെറ്റിച്ചിരിക്കുന്നു. ഒരു കുടചൂടി നിന്നാൽ പോലും വഴി മുടങ്ങും; അത്ര മേൽ ഇടുങ്ങിയതാണ് നടവഴി. തുള്ളി മുറിയാതെ പെയ്യുന്ന മഴയിൽ മേശയുടെ ഒരു ഭാഗത്ത് നിൽപ്പും ഇരിപ്പുമല്ലാത്ത ഒരവസ്ഥയിൽ അയാളെ കാണാം; അയാളെപ്പോലെ കാലപ്പഴക്കം കൊണ്ട് ദ്രവിച്ച ഒരു മഴക്കോട്ട് ധരിച്ചുകൊണ്ട്. മുന്നിലൂടെ കടന്നുപോകുന്ന ഓരോരുത്തരുടെ മുഖത്തും അയാളുടെ കണ്ണുകളെത്തും. ഒന്നും വാങ്ങുന്നില്ലേ എന്ന ദയനീയത അതിൽ ഉണ്ടാകും. ചുളിഞ്ഞ മുഖവും കുണ്ടിൽ ആഴ്ന്ന നയനങ്ങളും അയാൾ അനുഭവിക്കുന്ന പ്രയാസങ്ങൾ വിളിച്ചോതും.

ജീവിതം ഇങ്ങനെയൊക്കെയാണ്. ഉള്ളവരുടെയും ഇല്ലാത്തവരുടെയും ഒരു സമ്മിശ്ര സാന്നിധ്യം. അത് ആരുടെയും മേന്മയോ മോശമോ അല്ല. സ്രഷ്ടാവ് വിധിച്ചതെന്തോ അത് ലഭിക്കും. പ്രവർത്തിക്കലും പ്രാർഥിക്കലുമാണ് നമുക്ക് ചെയ്യാനുള്ളത്.

സഹായം ആവശ്യമുള്ളവർക്ക് അത് എത്തിക്കുമ്പോഴാണ് ഉള്ളവൻ യഥാർഥത്തിൽ മഹത്ത്വമുള്ളവനാകുന്നത്. സഹായം ആഗ്രഹിക്കുന്നവർ നമുക്ക് ചുറ്റിലും ഉണ്ട് എന്ന തിരിച്ചറിവാണ് പ്രധാനം.