പഠനയാത്രകൾ ഉന്മാദയാത്രകളായി മാറുമ്പോൾ

ടി.കെ അശ്‌റഫ്

2022 ഒക്ടോബർ 15, 1444 റബീഉൽ അവ്വൽ 18

വടക്കഞ്ചേരിയിൽ ഉണ്ടായ ടൂറിസ്റ്റ് ബസ് അപകടം വിദ്യാലയങ്ങളിൽനിന്ന് പുറപ്പെടുന്ന വിനോദയാത്രകളെ സംബന്ധിച്ച് ഒരു വീണ്ടുവിചാരത്തിന് ബന്ധപ്പെട്ടവരെയെല്ലാം നിർബന്ധിക്കുന്നുണ്ട്. ഈയിടെയായി പഠനയാത്ര എന്നത് സ്ഥലകാലബോധമില്ലാത്ത ഒരു ഉന്മാദയാത്ര എന്നതിലേക്ക് വ്യതിചലിച്ചിട്ടുണ്ടെന്ന യാഥാർഥ്യത്തെ നാം ഇനിയും കാണാതിരുന്നുകൂടാ.

മുൻകാലത്ത്, യാത്ര പ്ലാൻ ചെയ്യുമ്പോൾ യാത്ര പോകുന്ന വഴികളും പ്രധാന പാഠങ്ങൾ പകർന്നു തരുന്ന കാഴ്ചയിൽ ഉൾപ്പെടുത്തിയിരുന്നു. പാഠപുസ്തകവുമായി ചേർത്തായിരുന്നു സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ആസൂത്രണം ചെയ്തിരുന്നത്. പഠനവും വിനോദവും കോർത്തിണക്കിയായിരുന്നു യാത്ര. എന്നാൽ ഇന്ന്, പുറം കാഴ്ചകളിലൊന്നും ആർക്കും താൽപര്യമില്ല. ആൺപെൺ വ്യത്യാസമില്ലാതെ ഫോഗ് മൂടിയ അന്തരീക്ഷത്തിൽ കാതടപ്പിക്കുന്ന സംഗീത അകമ്പടിയോടെ പരസ്പരം വാരിപ്പുണരാനുള്ള കുറുക്കുവഴിയായി പഠനയാത്രകൾ പരിണമിച്ചിരിക്കുന്നു.

പുതിയകാലം എന്ന ‘ന്യായം’ പറഞ്ഞ് രക്ഷിതാക്കളും അധ്യാപകരും അതിന് മൗനാനുവാദം നൽകുകയും ചെയ്യുന്നു. പല കുട്ടികളും ലഹരിക്കും അവിഹിതബന്ധങ്ങൾക്കുംവരെ തുടക്കം കുറിക്കുന്നത് ഇത്തരം യാത്രകളിലൂടെയാണെന്നത് പരസ്യമായ രഹസ്യമാണ്.

വിനോദയാത്രകൾ പാക്കേജുകളായി മാറിയതോടെ പണസമ്പാദനത്തിനുള്ള മാർഗം മാത്രമായി പരിണമിച്ചിരിക്കുന്നു. പ്രകൃതിയിലെ നേരിട്ടുള്ള കാഴ്ചകൾക്കപ്പുറം കൃത്രിമമായി രൂപപ്പെടുത്തിയ ഫാന്റസി ദൃശ്യങ്ങളിൽ അഭിരമിക്കുന്നതാണ് പുതിയ ട്രെൻഡ്.

വടക്കഞ്ചേരി സംഭവത്തിൽ ബസ്സിലെ ആഡംബര ലൈറ്റുകളും കാതടപ്പിക്കുന്ന സംഗീതവും ബസ് പുറപ്പെട്ടിട്ടും രക്ഷിതാക്കൾക്ക് കേൾക്കാമായിരുന്നു എന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആഡംബര ടൂറിസ്റ്റ് ബസ്സുകളിലെ നിരോധിത ലേസർ ലൈറ്റുകളും അതിനൊപ്പം ഡിജെക്ക് സമാനമായ സംഗീതവും ഉന്മാദത്തിന്റെ അവസ്ഥയിൽ എത്തിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉന്മാദത്തിനൊപ്പം ഡ്രൈവറും ചേരുമ്പോഴാണ് ബസ്സിന് അമിതവേഗം കൈവരുന്നത് എന്നും ശാസ്ത്രീയ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വടക്കഞ്ചേരി അപകടത്തിലും ഇതുതന്നെയാണോ സംഭവിച്ചത് എന്ന കാര്യം അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.

ഡ്രൈവർമാരുടെ കാര്യക്ഷമതയും ഉറപ്പ് വരുത്തണം. ഒരു ദിവസത്തിൽ 12 മണിക്കൂറിൽ കൂടുതൽ വണ്ടിയോടിക്കാൻ അനുവദിക്കരുത്. മൂന്ന് മണിക്കൂർ കഴിയുമ്പോൾ ഡ്രൈവർക്ക് വിശ്രമിക്കാൻ സൗകര്യമുണ്ടാവണം. ലഹരി ഉപയോഗം ഇല്ലെന്ന് ഉറപ്പ് വരുത്തണം.

ടൂറിസ്റ്റ് ബസുകളെ ഡാൻസ് ഫ്ളോ റുകൾ ആക്കി മാറ്റരുതെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും നാലുമാസം മുമ്പ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രയോഗ തലത്തിൽ വരുത്താൻ ഇനിയും വൈകരുത്. വിദ്യാലയങ്ങളിൽനിന്ന് പുറപ്പെടേണ്ടത് പഠനയാത്രകളാകണം; ഉന്മാദയാത്രകൾ ആയിക്കൂടാ. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ വ്യക്തമായ മാർഗരേഖകൾ നൽകുകയും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

ഭാവിയുടെ വാഗ്ദാനങ്ങളായ ഇളംതലമുറ നാശത്തിലേക്ക് കൂപ്പുകുത്തുന്നത് കൈയും കെട്ടി നോക്കിനിന്നാൽ സംഭവിക്കാനിരിക്കുന്നത് വൻദുരന്തമാണ്. ‘ന്യൂ ജെൻ’ എന്നു പറഞ്ഞാൽ എന്തുനെറികേടും കാണിക്കാൻ അനുവാദമുള്ളവരാണ് എന്ന ധാരണ തിരുത്തിക്കൊടുക്കേണ്ടതുണ്ട്.