സഹായം കൊണ്ട് മുറിപ്പെടുത്തുന്നവർ

ഇബ്‌നു അലി എടത്തനാട്ടുകര

2022 ഡിസംബർ 31, 1444 ജുമാദുൽ ഉഖ്റാ 06

ഉച്ചനേരത്ത് ഒരു അതിഥിയെത്തി. പേരുകേട്ട ഒരു പണ്ഡിതന്റെ മകനാണെന്ന് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ പിതാവിനെ വായിച്ചിട്ടുണ്ട്. ജ്യേഷ്ഠനെ പരിചയവും ഉണ്ട്. പക്ഷേ, ഇദ്ദേഹത്തെ കേട്ടിട്ടില്ല. സർക്കാർ സർവീസിൽനിന്ന് ഉയർന്ന ഗസറ്റഡ് റാങ്കിൽനിന്ന് വിരമിച്ചു. സമീപ ജില്ലയിൽ താമസം. രണ്ട് ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്ത് തുടരുന്നുമുണ്ട്.

ഞാനും എഴുതും എന്ന് കേട്ടപ്പോൾ ചുമ്മാ പരിചയപ്പെടാൻ വന്നതാണ്. എന്റെ ബുക്ക് ‘ഓർമകളുടെ ഓലപ്പുരയിൽ’ സമ്മാനിച്ചു. നാടിന്റെ ചരിത്രവും സ്‌കൂൾ, കോളേജ് കാലത്തെ ദാരിദ്ര്യവും ആത്മകഥാംശവും ഒക്കെയുള്ള ഒന്നാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം അറിയാതെ ഓർമകളിലേക്ക് വീണുപോയി.

കലാലയ കാലത്തെ പ്രയാസങ്ങൾ സ്മരിച്ചു. മമ്പാട് കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ വരാൻ കാശ് തികയാതെ കിലോമീറ്ററുകൾ നടന്ന കാര്യം ഓർമിച്ചു. ഒരിക്കൽ ലീവിന് നാട്ടിലേക്ക് ബസ്സിൽ യാത്ര ചെയ്യാൻ കാശ് കുറച്ച് കമ്മി. ആയതിനാൽ ആദ്യം കുറച്ച് നടന്നു പിന്നെ ബസ്സ് പിടിക്കാം എന്ന് തീരുമാനിച്ചു. സഹപാഠിയുമൊന്നിച്ച്, അന്നത്തെ ഇരുമ്പ് ‘ട്രങ്ക് പെട്ടി’യും ചുമന്ന് നടക്കുമ്പോൾ ചായക്കടയിൽനിന്ന് ഇറച്ചിക്കറിയുടെ മണം! അതോടെ വിശപ്പ് മൂർച്ഛിച്ചു, മുന്നും പിന്നും നോക്കാതെ ഇരുവരും കടയിൽ കേറി, കഴിച്ചു. കാശ് പിന്നെയും കമ്മിയായി, അഥവാ നടത്തതിന്റെ ദൂരം പിന്നെയും കൂടി!

പഠനത്തിന് നാട്ടിൽ ചിലരുടെയൊക്കെ സഹായം ലഭിച്ചിട്ടുണ്ട്. അതിൽ ഇടക്ക് 10 രൂപ തന്നിരുന്ന ഒരാളെ ഒരിക്കലും മറക്കില്ല എന്നും പറഞ്ഞു. കാരണം മറ്റൊന്നുമല്ല; ആളെ കാണിച്ച് മാത്രമെ കാശ് നൽകൂ. ഒരിക്കൽ സഹായം തേടി ചെന്നപ്പോൾ പിന്നീട് ചെല്ലാൻ പറഞ്ഞു. കാരണം വേറൊന്നുമല്ല, അപ്പോൾ കാണികൾ ഉണ്ടായിരുന്നില്ല എന്നതുതന്നെ! വീണ്ടും ചെന്നപ്പോൾ 10 രൂപ നോട്ട് എടുത്ത് ചുരുട്ടി നാലാൾ കാൺകെ കൈയിൽ വെച്ചുകൊടുത്തു. മടങ്ങാൻ നേരം ‘നീ പഠിക്കുന്നില്ല, സിനിമ കണ്ട് നടക്കുകയാണ് എന്ന് കേട്ടല്ലോ’ എന്ന് പിൻവിളി!

സിനിമ കാണൽ പോയിട്ട് നാട്ടിലേക്ക് ബസ്സിനു പോലും കാശ് തികയാതെ നടന്ന് പോയിരുന്നത് ഓർമ വന്നു, രോഷവും സങ്കടവും അഭിമാനക്ഷതവും ഒക്കെയായി അവന്റെ നിയന്ത്രണം കൈവിട്ടുപോയി. അവൻ മടങ്ങിച്ചെന്നു, ‘ഇനിയൊരിക്കലും സഹായത്തിനു വേണ്ടി ഈ പടി ഞാൻ കടക്കില്ല’ എന്നു പ്രഖ്യാപിച്ചാണ് മടങ്ങിയത്. അത് പാലിക്കുകയും ചെയ്തു.

ആരെയെങ്കിലും സഹായിക്കുകയാണെങ്കിൽ അത് മറ്റാരും അറിയാതെ ചെയ്യണം എന്നത് ഇത് ഓർമപ്പെടുത്തുന്നു. ഓരോരുത്തർക്കും അഭിമാനമുണ്ട്, അത് പണക്കാരന് കൂടുതൽ, പണിക്കാരന് കുറവ് എന്നൊന്നുമില്ല.

ഉയർന്ന പോസ്റ്റിൽ ജോലി ചെയ്യുമ്പോഴും ഏറ്റവും താഴ്ന്ന റാങ്കിലുള്ള ജീവനക്കാരോട് പോലും അദ്ദേഹം മുന്നിലെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ച ശേഷം മാത്രമെ കാര്യം അന്വേഷിച്ചിരുന്നുള്ളൂ എന്ന് സൂചിപ്പിച്ചു.

ഒരാളെ എത്ര സഹായിച്ചാലും അത് നൽകുന്ന രീതി ശരിയ ല്ലെങ്കിൽ അതിലെ നന്മയുടെ അംശം ഇല്ലാതാക്കുക മാത്രമല്ല വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യും എന്നതാണ് സത്യം.