ജനസംഖ്യാവർധനവും അനാവശ്യവിവാദങ്ങളും

ടി.കെ അശ്‌റഫ്

2022 ഒക്ടോബർ 22, 1444 റബീഉൽ അവ്വൽ 25

രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്നും അത് പരിഹരിക്കാൻ ജനസംഖ്യാനിയന്ത്രണം വേണമെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ഈയിടെ ആഹ്വാനം ചെയ്യുകയുണ്ടായി. ഹിന്ദുക്കൾ സമീപഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്നും മുസ്‌ലിംകളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്നുമുള്ള അടിസ്ഥാനരഹിതമായ പ്രചാരണം നേരത്തെ നടത്തിവരുന്നതിന്റെ തുടർച്ചയാണിത്. മതാടിസ്ഥാനത്തിൽ ജനസംഖ്യാനിയന്ത്രണം നടപ്പിലാക്കാൻ നിയമനിർമാണം വേണമെന്നതാണ് പുതിയ ആവശ്യം! ഇത് അങ്ങേയറ്റം വിഷലിപ്തവും ഇരുതല മൂർച്ചയുള്ളതുമാണ്.

‘ആനമുട്ട താഴെ വീണാൽ പൊട്ടുമോ’ എന്ന് ചോദിച്ചാൽ പൊട്ടുമെന്നും ഇല്ലെന്നുമുള്ള ചർച്ച നടക്കുകയും ‘ആന മുട്ടയിടുമോ’ എന്ന ചോദ്യം ആരും ചോദിക്കാതിരിക്കുകയും ചെയ്യുന്നത് സത്യത്തെ അവഗണിക്കലാണല്ലോ. ആന മുട്ടയിടുമെന്ന അസത്യത്തിന് ജനമനസ്സിൽ ഇടം ലഭിച്ചു എന്നതാണ് ഈ ചർച്ചയുടെ ബാക്കിപത്രം. ഇതുപോലെ മുസ്‌ലിം ജനസംഖ്യ കൂടുന്നു, ഹിന്ദു ജനസംഖ്യ കുറയുന്നു എന്ന് പറയുമ്പോഴേക്കും അതിന്റെ കണക്കുദ്ധരിച്ചുള്ള മറുപടിയിലേക്കാണ് നാം വേഗം ശ്രദ്ധിക്കുന്നത്. ഇന്ത്യാരാജ്യത്ത് പൗരത്വമുള്ള ഏതെങ്കിലുമൊരു ജനവിഭാഗത്തിന്റെ എണ്ണം കൂടിയാൽ എന്താണ് പ്രശ്‌നം എന്ന അടിസ്ഥാന ചോദ്യത്തിലേക്ക് പലരും കടന്നുപോകാറില്ല.

എല്ലാ മതവിഭാഗങ്ങളും സ്‌നേഹവും സഹിഷ്ണുതയുമാണ് വിഭാവനം ചെയ്യുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും ഈ നാട്ടിലെ പൗരന്മാരാണ്. ആരും ആർക്കും ശത്രുക്കളല്ല. ഒരാളും മറ്റൊരാളുടെ വർധനവിൽ ആശങ്കപ്പെടേണ്ടതുമില്ല. നമ്മുടെ പ്രതിജ്ഞയിൽ ചൊല്ലുന്നതുപോലെ ഇന്ത്യക്കാരെല്ലാം പരസ്പരം സഹോദരീ സഹോദരങ്ങളാണ്. അതിനിടയിൽ വിഭാഗീയത കുത്തിവെക്കുന്ന പ്രസ്താവനക്ക് കണക്കുദ്ധരിച്ച് മറുപടി പറയും മുമ്പ്, ഏതൊരു സമുദായവും ഇവിടെ ജീവിച്ചാൽ എന്താണ് പ്രശ്‌നം എന്ന മർമപ്രധാനമായ ചോദ്യത്തിലേക്ക് ചർച്ചയെ തിരിച്ചുവിടണം.

പിന്നെ, പരമത വിദ്വേഷം ഊതിക്കത്തിച്ച് അപരനെ ശത്രുവായി പ്രതിഷ്ഠിച്ചുകൊണ്ട് വേട്ടയാടുന്നത് ഏതു മതത്തിന്റെ പേരിലായാലും അത്തരക്കാരെ മഹാഭൂരിപക്ഷമുള്ള സമാധാനവാദികൾ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അതല്ലാതെ ആ സമുദായംതന്നെ നിലനിന്നുകൂടാ എന്ന നിലപാട് മനുഷ്യത്വ വിരുദ്ധമാണ്.

മുസ്‌ലിം ജനസംഖ്യ വർധിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട 2019-21ലെ ദേശീയ കുടുംബാരോഗ്യ സർവേയുടെ കണക്കുകൾ പ്രകാരം ഹിന്ദു മുസ്‌ലിം/സമുദായങ്ങളിലെ പ്രത്യുൽപാദന നിരക്ക് യഥാക്രമം 1.9ഉം 2.3ഉം ആണ്. വ്യത്യാസം വെറും 0.4 മാത്രമാണ്. മുസ്‌ലിം സമുദായത്തിൽ 2015-16ൽ ഇത് 2.6 ആയിരുന്നു. 1992-93ൽ 4.4 ആയിരുന്നു. 20 വർഷങ്ങൾക്കിടെ 41.2 ശതമാനത്തിന്റെ കുറവാണ് ഹിന്ദു സമുദായത്തിൽ ഉണ്ടായതെങ്കിൽ മുസ്‌ലിംകൾക്കിടയിൽ 46.5 ശതമാനമാണ് കുറവുണ്ടായത്. സെൻസസ് കണക്കുപ്രകാരം ഹിന്ദു ജനസംഖ്യാവർധനയിൽ 3.1 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാൽ മുസ്‌ലിം ജനസംഖ്യാവർധനവിൽ 4.7 ശതമാനം ഇടിവാണ് ഉണ്ടായത്.

ഇനി ഈ കണക്ക് അടുത്ത സെൻസസിൽ മാറിമറിഞ്ഞാലും (മുസ്‌ലിം ശതമാനം കൂടിയാലും) അതിനെ പ്രശ്‌നവൽക്കരിക്കേണ്ടതില്ലെന്ന നിലപാടായിരിക്കണം മതേതര മുന്നണികൾ സ്വീകരിക്കേണ്ടത്. മുസ്‌ലിം ഭരണാധികാരികൾ നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ചിട്ടും അവർ രാജ്യത്തെ മുസ്‌ലിം രാഷ്ട്രമാക്കിയില്ലെന്ന യാഥാർഥ്യത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഏതെങ്കിലും മതവിഭാഗത്തിന്റെ എണ്ണം വർധിക്കുന്നത് അപരാധമാണെന്ന പൊതുബോധനിർമിതിയിലേക്ക് ചർച്ച പോകരുത്. ജനസംഖ്യാ നിയന്ത്രണം കണിശമായി നടപ്പിലാക്കിയ ചൈനക്ക് അത് ഉപേക്ഷിച്ച് കൂടുതൽ കുട്ടികൾ ജനിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യം എന്തായിരുന്നു എന്ന് പഠിക്കാൻ നാം തയ്യാറാകണം.