സിഗ്‌നൽ അവസരോചിതമായി കൊടുത്തില്ലെങ്കിൽ...

സലാം സുറുമ, എടത്തനാട്ടുകര

2022 ജൂൺ 04, 1442 ദുൽഖഅദ 03

എന്താടോ നിന്റെ മുഖത്ത് കണ്ണില്ലേ?’ വാഹനത്തിൽനിന്നും ഇറങ്ങിയപാടെ ഓട്ടോ ഡ്രൈവർ അലറി. പിറകിൽനിന്നും വന്ന കാറിലെ ഡ്രൈവറും യാത്രക്കാരും സാഹചര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഡ്രൈവർ തന്റെ അട്ടഹാസം തുടർന്നു: ‘തനിക്കെന്താ കാഴ്ചക്ക് തകരാറുണ്ടോ? ഞാൻ സിഗ്‌നൽ ഇട്ടത് കണ്ടില്ലേ? പിന്നെ എന്തിനാ എന്റെ വാഹനത്തിനു പിന്നിൽ ഇടിച്ചത്?’

നാട്ടുകാർ കൂടി. ഉച്ചത്തിൽ സംസാരിക്കുന്ന ഡ്രൈവറുടെ ഓട്ടോയുടെ പിന്നിൽ സാരമായ കേടുപാടു പറ്റിയിരിക്കുന്നു. പിന്നിൽ വന്ന കാറുകാരൻ വാഹനം ഇടിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഓട്ടോ ഡ്രൈവറുടെ ഉറക്കെയുള്ള സംസാരത്തിൽ അതെല്ലാം മുങ്ങിപ്പോയി. അപ്പോഴേക്കും കുറച്ചുകൂടി ആളുകൾ എത്തി. അവരെല്ലാം നാട്ടുകാരനായ ഓട്ടോക്കാരന്റെ കൂടെ കൂടി, അയാൾക്ക് അനുകൂലമായി സംസാരിക്കാൻ തുടങ്ങി. അന്യനാട്ടുകാരനായ കാറുകാരൻ, ഗത്യന്തരമില്ലാതെ നഷ്ടപരിഹാരം നൽകാം എന്ന് സമ്മതിച്ചു. വർക്ക്‌ഷോപ്പിലെ ബില്ല് അടച്ചുകൊള്ളാം എന്ന വ്യവസ്ഥയിൽ എല്ലാവരും പിരിഞ്ഞുപോയി.

മുമ്പിൽ പോയിരുന്ന ഓട്ടോക്കാരൻ സിഗ്‌നൽ നൽകാതെ പെട്ടെന്ന് വാഹനം വലത്തോട്ടുതിരിച്ച് ഇടറോഡിലൂടെ പോകാൻ ശ്രമിച്ചതാണ് അപകടകാരണമായതെന്ന് കാ ർഡ്രൈവർക്ക് നല്ല ഉറപ്പായിരുന്നു. പെട്ടെന്ന് വെട്ടിച്ചുപോകുന്നതിനിടെ വാഹനത്തിൽ ഇടിച്ച ഉടനെത്തന്നെ, ഓട്ടോയുടെ ഇന്റിഗേറ്റർ ഓൺ ചെയ്തുകൊണ്ടാണ് ഡ്രൈവർ വാഹനം സൈഡാക്കിയതെന്ന് കാറിൽ കൂടെയുള്ള സഹയാത്രികൻ ഓർത്തെടുത്ത് പറഞ്ഞു. എന്നാൽ അത് ആൾക്കൂട്ടത്തോട് വിശദീകരിക്കാൻ അവസരം ലഭിക്കാത്തതിനാൽ പ്രവാസിയായ അയാൾക്ക് സാമ്പത്തിക നഷ്ടത്തിനൊപ്പം സമയനഷ്ടവും വന്നു. ഉടനെത്തന്നെ ഗൾഫിലേക്ക് തിരിച്ചുപോകേണ്ടതിനാൽ കേസാക്കാൻ അയാൾക്ക് തൽപര്യവും ഇല്ലായിരുന്നു.

വളരെ മാന്യമായി വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് ചീത്തപ്പേരുണ്ടാക്കുന്ന ചുരുക്കം ചില ഡ്രൈവർമാർ നമുക്കിടയിലുണ്ട്. ഒരു സെക്കന്റ് സമയംകൊണ്ട്, തന്റെ കൈവിരലിനാൽ ഒരു സിഗ്‌നൽ ഇടാൻ മടികാണിക്കുന്ന ഇക്കൂട്ടർ എത്ര വലിയ അപകടമാണ് മറ്റുള്ളവർക്ക് വരുത്തിവയ്ക്കുന്നത്! ഇതുപോലെ മറ്റുള്ളവരെ പ്രശ്‌നത്തിലാക്കുന്ന മറ്റൊരുകൂട്ടർ കൂടിയുണ്ട്. റോഡിന്റെ ഏതെങ്കിലും വശത്തേക്ക് തിരിയുമ്പോൾ ഇട്ട സിഗ്‌നൽ, തിരിഞ്ഞുകഴിഞ്ഞാലും ഓഫ് ചെയ്യാൻ മറക്കുന്നവരാണ് ഇവർ. തൊട്ടുപിന്നാലെ വരുന്ന വാഹങ്ങൾ അയാൾ ഇപ്പോൾ തിരിയും എന്ന ധാരണയിൽ വേഗത കുറച്ച് അയാൾക്ക് പോകാൻ സാഹചര്യം ഒരുക്കിക്കൊടുക്കും. പക്ഷേ, വാഹനം തിരിയാതെ മുന്നോട്ടുതന്നെ കുതിക്കുമ്പോഴാണ് പുറകിലെ വാഹനത്തിലെ ഡ്രൈവർ തനിക്കു പറ്റിയ അമളി മനസ്സിലാക്കുക. ഇന്റിഗേറ്ററിന്റെ കൂടെ ബീപ് ശബ്ദം കൂടി ഉണ്ടാക്കുന്ന ബസറുകൾ ഫിറ്റ് ചെയ്താൽ ഈ മറവി ഇല്ലാതാക്കാം. ഒരു വശത്തേക്ക് വാഹനത്തിന്റെ സിഗ്‌നൽ ഇട്ട് മറുവശത്തേക്ക് കൂളായി വാഹനം തിരിക്കുന്ന അപൂർവം ചിലരും റോഡിലെ പ്രശ്‌നക്കാർതന്നെയാണ്.

വണ്ടി ഇടറോഡിലേക്ക് തിരിയുമ്പോഴും സൈഡാക്കുമ്പോഴും കൃത്യമായ സിഗ്‌നൽ നൽകണമെന്നത് ലേണിംഗ് ടെസ്റ്റ് സമയത്ത് എല്ലാവരും പഠിച്ചതാണ്. എന്നാൽ അത് പ്രാവർത്തികമാക്കാനുള്ള മടിയാണ് പലപ്പോഴും അപകടങ്ങൾ വരുത്തിവയ്ക്കുന്നത്. വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ സിഗ്‌നൽ ഇട്ട്, ഹോൺ അടിച്ച്, മുമ്പിലെ വാഹനത്തിന്റെ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തുകയാണെങ്കിൽ, വന്നേക്കാവുന്ന അപകടങ്ങൾ നമുക്ക് ഒഴിവാക്കാനായേക്കാം.