ബില്ലാടിക്ക് സാർ, പശിക്ക്ത്

സലാം സുറുമ എടത്തനാട്ടുകര

2022 ജൂലായ് 23, 1442 ദുൽഹിജ്ജ 23

“...പട്ടിണിയുള്ള നാളിൽ ഭക്ഷണം കൊടുക്കുക. കുടുംബബന്ധമുള്ള അനാഥയ്ക്ക്. അല്ലെങ്കിൽ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്’’- (ക്വുർആൻ 90: 14-16)

ബില്ലാടിക്ക് സാർ...ബില്ലാടിക്ക് സാർ...’ ഒന്നാം ക്ലാസ്സുകാരുടെ കോറസായുള്ള വാചകങ്ങൾ കേട്ട് ഒന്നും മനസ്സിലാകാതെ ഞാൻ പകച്ചു നിന്നു. 25 വർഷങ്ങൾക്ക് മുൻപ് ഒരു ഗോത്രവർഗമേഖലയിലെ പ്രൈമറി സ്‌കൂളിലുണ്ടായ അനുഭവം ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു.

എനിക്ക് ഒന്നും മനസ്സിലായില്ല എന്ന് അവർക്ക് തോന്നിയപ്പോൾ, ഒരു വിരുതൻ മുന്നോട്ടുവന്ന് ‘ബില്ലാടിക്ക് സാർ, ബില്ലാടിക്ക് സർ, പശിക്ക്ത്’ എന്ന് വയറ്റിൽ തൊട്ടുകൊണ്ട് പറഞ്ഞപ്പോൾ എനിക്ക് കാര്യം ഏറെക്കുറെ മനസ്സിലായി. അടുത്ത ക്ലാസ്സിലെ അധ്യാപകനെ കൂട്ടിക്കൊണ്ടുവന്ന് അവരുമായി സംസാരിപ്പിച്ചപ്പോഴാണ് കാര്യങ്ങൾ പൂർണമായും ബോധ്യമായത്.

ഉച്ചക്ക് ഒരു മണി ആകുമ്പോൾ ഓഫീസിൽ നിന്നും ബെൽ നീട്ടിയടിച്ചാൽ ഉച്ചക്കഞ്ഞി വിളമ്പുമെന്ന് ജൂൺ മാസത്തിൽ പുതുതായി സ്‌കൂളിൽ എത്തിയ ഒന്നാം ക്ലാസ്സുകാർക്ക് അറിയാം. നാല് പീരിയഡ് കഴിഞ്ഞാലേ ഉച്ചക്കുള്ള നീട്ടിയടിക്കുന്ന ബെൽ ഉണ്ടാകൂ എന്നൊന്നും അറിയാത്തവരാണ് അവർ. ഇന്റർവെൽ കഴിഞ്ഞ് മുന്നാം പീരിയഡ് അവസാനിക്കാറായപ്പോഴേക്കും ബെൽ നീട്ടിയടിക്കാനാണ് അവരുടെ ഗോത്ര ഭാഷയും മലയാളവും കൂട്ടിക്കലർത്തി എന്നോട് ആവശ്യപ്പെട്ടത്. കുറച്ച് സമയംകൂടി കഴിഞ്ഞാൽ ഉച്ചക്കഞ്ഞി വിളമ്പാനുള്ള ബെൽ അടിക്കും എന്നു പറഞ്ഞ് അവരെ സമാധാനിപ്പിച്ചുവെങ്കിലും വിശക്കുന്ന വയറുകൾക്ക് അത് വല്ലാതെ ബോധിച്ചിതായി തോന്നിയില്ല.

രാവിലെ വെറുംവയറ്റിലോ അല്ലെങ്കിൽ കട്ടൻചായ മാത്രമോ കുടിച്ച് സ്‌കൂളിലെത്തുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട ഒട്ടുമിക്ക വിദ്യാർഥികൾക്കും അക്കാലത്ത് സ്‌കൂളിലെ ഉച്ചക്കഞ്ഞി വലിയ അനു ഗ്രഹമായിരുന്നു. അവധി ദിനങ്ങളെ അങ്ങേയറ്റം വെറുക്കുന്ന ഇക്കൂട്ടർക്ക്, സ്‌കൂളിൽ നിന്ന് ലഭിക്കുന്ന കഞ്ഞിയും ചെറുപയറുകറിയും സദ്യ തന്നെയാണ്. ഉച്ചക്കഞ്ഞി മാത്രം പ്രതീക്ഷിച്ച് സ്‌കൂളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം അന്ന് ഏറെയായിരുന്നു.

ഒരു ജീവിയുടെ ജീവൻ നിലനിർത്താൻ ആവശ്യമായ അളവിലും താഴെയുള്ള കലോറി ഊർജ ഉപഭോഗത്തിലെ ഗുരുതരമായ കുറവിനെയാണ് ‘പട്ടിണി’ എന്ന വാക്ക് അർഥമാക്കുന്നത്. പോഷകാഹാരക്കുറവിന്റെ ഏറ്റവും തീവ്രമായ രൂപമാണിത്. ലോകമെമ്പാടുമുള്ള 820 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും പട്ടിണിയിലാണെന്ന് യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പട്ടിണി വ്യാപകമായിരിക്കെതന്നെ, അമിതവണ്ണവും എല്ലാ പ്രദേശങ്ങളിലും വർധിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂൾ പ്രായമുള്ള 338 ദശലക്ഷം കുട്ടികളും കൗമാരക്കാരും അമിതഭാരം അനുഭവിക്കുന്നു!

ഏറെക്കുറെ എല്ലാ മേഖലകളിലും കാര്യമായ പുരോഗതി കൈവരിച്ച ശേഷവും ഭക്ഷണം ലഭ്യമല്ലാത്ത ആളുകളുടെ എണ്ണം ലോകത്ത് കൂടിവരികയാണെന്നത് ആശങ്കയുളവാക്കുന്നതാണ്.

വർഷങ്ങൾക്ക് ശേഷം, ഗോത്രവർഗത്തിൽപെട്ട വിദ്യാർഥികൾക്ക് സർക്കാർ തന്നെ സ്‌കൂളിൽ പ്രാതൽ സൗകര്യം ഏർപ്പെടുത്തിയപ്പോഴും, ചോറും സാമ്പാറും ഉപ്പേരിയും പപ്പടവും അച്ചാറും അടങ്ങുന്ന വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം സ്‌കൂളിലെ കുട്ടികൾക്ക് വിളമ്പുമ്പോഴും, ഇടക്കെങ്കിലും എനിക്ക് ഒന്നാം ക്ലാസ്സുകാരുടെ ആ വാചകങ്ങൾ മനസ്സിൽ ഓടിയെത്തും. ‘ബില്ലാടിക്ക് സാർ…ബില്ലാടിക്ക് സാർ. പശിക്ക്ത്.’