ഏലസ്സ് പൊട്ടിച്ചെറിഞ്ഞവര്‍

സഹ്‌റ സുല്ലമിയ്യ

2022 മെയ് 07, 1442 ശവ്വാൽ 06

(ഭാഗം: 02)

2018 മെയ് 31ന് സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചു. വിരമിക്കുന്നതിനു മുമ്പുതന്നെ അടുത്ത വര്‍ഷം മുതല്‍ ചുങ്കത്തറ നജാത്തുല്‍അനാം കോളേജ് വിമന്‍സ് കോളേജ് ആക്കുകയാണെന്നും പ്രിന്‍സിപ്പലായി ചാര്‍ജെടുക്കണമെന്നും പറഞ്ഞിരുന്നു. ഒരു വര്‍ഷം വിശ്രമിച്ചാലോ എന്നാലോചിച്ചു... പിന്നെ തീരുമാനിച്ചു; വേണ്ട. ഈ തിരക്കിട്ട ജീവിതം തന്നെയാണ് ഹരം.

ജൂണ്‍ ഒന്നിനുതന്നെ കോളേജില്‍ പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. ദീര്‍ഘകാലം എല്‍പി, യുപി ക്ലാസ്സുകളില്‍ അറബിക് മാത്രം പഠിപ്പിച്ചു. അധികം റഫര്‍ ചെയ്യേണ്ടതോ മറ്റോ ആവശ്യമില്ലാത്തതിനാല്‍ കൂടുതലൊന്നും ഭാഷ പുരോഗതിപ്പെടുത്താനുള്ള മാര്‍ഗം സ്വീകരിച്ചില്ല. ധാരാളമായി കിതാബുകള്‍ വായിച്ചിട്ടില്ല. എന്നാലും പല പ്രോഗ്രാമുകളിലും പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതുകൊണ്ട് പറ്റെ അറിവു മുരടിച്ചിട്ടില്ല. കോളേജില്‍ പോയാല്‍ ക്വുര്‍ആന്‍, ഹദീസ് എന്നിവ പഠിപ്പിക്കാന്‍ അവസരം ലഭിക്കും, അതിലൂടെ എനിക്കും പഠിക്കാം, അറബി ഗ്രന്ഥങ്ങളുമായി ബന്ധം സ്ഥാപിക്കാം എന്നൊക്കെ ചിന്തിച്ചു.

കോളേജ് ആരംഭിച്ചു. പ്രിലിമിനറി ഒന്നാംവര്‍ഷത്തിന് ചേരാന്‍ ധാരാളം കുട്ടികള്‍ വന്നു. ചില കുട്ടികള്‍ അറബി ഭാഷയില്‍ വളരെ പിന്നിലാണ്. ക്വുര്‍ആന്‍ പാരായണവും നന്നായി വശമില്ല. മതകാര്യങ്ങളിലും വളരെ പിന്നിലാണ്. കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി. പ്രിലിമിനറിക്ക് മുമ്പ് ഒരു വര്‍ഷം അറബിഭാഷയും ക്വുര്‍ആന്‍ പാരായണവും മറ്റും പഠിപ്പിക്കാന്‍ പ്രത്യേക ക്ലാസ്സ് കൊടുക്കാന്‍ തീരുമാനിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മതം. അതിനായി പ്രത്യേകം ക്ലാസ്സും സിലബസ്സും തയ്യാറാക്കി. ക്വുര്‍ആന്‍ സൂറത്തുല്‍ അഅ്‌ലമുതല്‍ അന്നാസ്‌വരെ അര്‍ഥസഹിതം മനഃപാഠമാക്കണം.

ക്വുര്‍ആന്‍ ഞാന്‍ ഏറ്റെടുത്തു. ആദ്യദിവസങ്ങളില്‍ സൂറതുന്നാസ് അവര്‍ക്ക് വിശദമായി പഠിപ്പിച്ചു. പിന്നെ സൂറത്തുല്‍ ഫലക്വ് എടുത്തു തുടങ്ങി. ഓരോ വചനവും വിശദമായി പഠിപ്പിച്ചു കൊടുത്തു. ‘കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും’ എന്ന സൂക്തം ഓതി അര്‍ഥം പറഞ്ഞ് വിശദീകരിച്ചുകൊടുത്തു. കെട്ടുകളില്‍ ഊതുന്നതിന്റെയും ഊതിക്കെട്ടിയ ഏലസ്സ് ധരിക്കുന്നതിന്റെയും ഗൗരവം വിവരിച്ചുകൊടുത്തു.

ആരെങ്കിലും ഏലസ്സ് കെട്ടിയാല്‍ അവന്‍ ശിര്‍ക്കാണ് ചെയ്തത്. എന്താണ് ശിര്‍ക്ക്, എങ്ങനെയാണ് ശിര്‍ക്കാവുന്നത് എന്നെല്ലാം വിവരിച്ചുകൊടുത്തു. നബി ﷺ യുടെ സദസ്സില്‍ വന്ന എല്ലാവരോടും നബി സംസാരിച്ചതും ബൈഅത്ത് ചെയ്തതും ഒരാളോട് മാത്രം സംസാരിക്കാത്തതും... അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഏലസ്സ് ഉള്ളതും അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു അസുഖം വന്നപ്പോള്‍ കെട്ടിയതാണെന്ന് അദ്ദേഹം നബിയോട് പറഞ്ഞതും ‘അത് അഴിച്ചുവെക്കുക, അത് ശരീരത്തിലുള്ള കാലത്തോളം ബലഹീനത വര്‍ധിക്കുകയല്ലാതെ ഇല്ല’ എന്ന് പറഞ്ഞതുമായ സംഭവം വിവരിച്ചുകൊടുത്തു.

രണ്ടാം ബെഞ്ചില്‍ അടുത്തടുത്തിരിക്കുന്ന മൂന്നു കുട്ടികള്‍. അവര്‍ക്ക് വല്ലാത്ത ബേജാറ്! ഒരുപാട് സംശയം. എല്ലാത്തിനും മറുപടി പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ എനിക്കു തോന്നിയത് അവരുടെ കുടുംബത്തിലും വീട്ടിലും ഏലസ്സ് കെട്ടിയവര്‍ ഉണ്ടാവുമെന്നാണ്. അവര്‍ വീണ്ടും വീണ്ടും ചോദിച്ചു മനസ്സിലാക്കിക്കൊണ്ടിരുന്നു.

അവസാനം ‘ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലേ’ എന്ന് ഒരു കുട്ടി എന്ന് ചോദിച്ചു.

‘ഇല്ല! ഏലസ്സ് കെട്ടിയവന്‍ ശിര്‍ക്കാണ് ചെയ്തത്. ശിര്‍ക്ക് ചെയ്തയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല’ എന്ന് പറഞ്ഞുകൊടുത്തു.

അവര്‍ വീണ്ടും ചോദിച്ചു: ‘കെട്ടിയാല്‍ എന്തു ചെയ്യണം?’

‘കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍, സത്യം മനസ്സിലായാല്‍ പിന്നെ അത് പൊട്ടിക്കണം’ എന്ന് പറഞ്ഞു.

അപ്പോള്‍ അതില്‍ ഒരു കുട്ടി പറഞ്ഞു: ‘എന്റെ അരയില്‍ ഏലസ്സുണ്ട്.’

അതുകേട്ടപ്പോള്‍ മറ്റു രണ്ടാളും പറഞ്ഞു: ‘ഞങ്ങളുടെ അരയിലും ഉണ്ട്. ഞങ്ങള്‍ എന്തു ചെയ്യണം?

‘പൊട്ടിച്ചെറിയണം’ ഞാന്‍ പറഞ്ഞു.

‘ഞങ്ങള്‍ റെഡിയാണ്. ഞങ്ങള്‍ക്ക് സത്യം ബോധ്യപ്പെട്ടു.’

പിന്നെ അവരുടെ ചോദ്യം: ‘ഇന്റര്‍വെല്‍ സമയത്ത് പൊട്ടിച്ചാല്‍ മതിയോ?’

ഞാന്‍ പറഞ്ഞു: ‘ഇപ്പോള്‍ത്തന്നെ പൊട്ടിക്കണം. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നറിയില്ല. പൊട്ടിക്കുന്നതിനുമുമ്പ് നിങ്ങള്‍ മരിച്ചാല്‍ എന്തു സംഭവിക്കും? പൊട്ടിക്കാന്‍ തീരുമാനിച്ചതുകൊണ്ട് നിങ്ങള്‍ കുറ്റത്തില്‍നിന്ന് രക്ഷപ്പെടും. പൊട്ടിച്ചാല്‍ അതിന്റെ പ്രതിഫലം കൂടി ലഭിക്കും.’

മൂന്നുപേരും വേഗം ബാത്‌റൂമില്‍ പോയി പൊട്ടിച്ചുകളഞ്ഞു. സന്തോഷത്തോടെ ചിരിച്ചു പുറത്തിറങ്ങി വന്നു.

‘ടീച്ചറേ...! വളരെ സന്തോഷം. എന്തെന്നില്ലാത്ത സമാധാനം...ആശ്വാസം.’

ഞാന്‍ ചോദിച്ചു: ‘നിങ്ങള്‍ എന്തിനാണ്, എപ്പോഴാണ് ഇത് കെട്ടിയത്?’

ഒരു കുട്ടി പറഞ്ഞു: ‘എനിക്ക് അത്ര ഓര്‍മയില്ല. ചെറുപ്പത്തില്‍ ഓരോ അസുഖങ്ങള്‍ വന്നപ്പോള്‍ കെട്ടിയതാണ്. ഓര്‍മ വെക്കുമ്പോള്‍ ഇത് അരയിലുണ്ട്. ഇത് പോയാല്‍ എന്തോ സംഭവിക്കും എന്നായിരുന്നു മനസ്സില്‍! ഇപ്പോള്‍ മനസ്സിലായി; ഇത് അരയില്‍ ഉള്ളിടത്തോളമാണ് എല്ലാം നഷ്ടമാവുക എന്ന്...’

ഇതുതന്നെയാണ് മറ്റു കുട്ടികള്‍ക്കും പറയാനുണ്ടായിരുന്നത്. ആ നിമിഷം എനിക്കുണ്ടായ സന്തോഷം വിവരണാതീതമായിരുന്നു.