പലിശയാല്‍ മുറിപ്പെടുന്നവര്‍

ഇബ്‌നു അലി എടത്തനാട്ടുകര

2022 ഫെബ്രുവരി 26, 1442 റജബ്  25

ചെറിയ അഞ്ചക്ക തുക കടം വാങ്ങി എന്നത് നേരാണ്. പകുതിയോളം തിരികെ അടച്ചിട്ടുമുണ്ട്. എന്നാല്‍ പിന്നീടൊരിക്കലും കാശ് കടം വാങ്ങിയിട്ടില്ല. പക്ഷേ, 10 ലക്ഷത്തിനു മേല്‍ പണം തിരികെ കൊടുക്കാനുണ്ട് എന്ന് കാണിച്ചാണ് കോടതിയില്‍ എനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. ലക്ഷം രൂപയൊന്നും എന്റെ ജീവിതത്തില്‍ ഞാന്‍ കൈകൊണ്ട് തൊട്ടിട്ടില്ല സാറേ...’ എന്റെ മുന്നിലിരുന്ന് ആ സ്ത്രീ  തേങ്ങി.

കറുത്തിരുണ്ട് അല്‍പം തടിച്ച ശരീര പ്രകൃതിയുള്ള, നിറംമങ്ങിയ സാരിയുടുത്ത അവര്‍ പിന്നാക്ക വിഭാഗത്തില്‍ പെട്ടതാണെന്നു പറഞ്ഞു. പണം കടം കൊടുക്കാന്‍ ലൈസന്‍സ് ഉള്ള സ്ഥാപനത്തില്‍നിന്ന് ചെറിയ തുക ലോണെടുത്തത് മോളുടെ കല്യാണം വരുത്തിയ കടം വീട്ടാനായിരുന്നു.

കുറച്ച് തിരികെ അടച്ചു. അതിന് രശീതിയൊന്നും കിട്ടിയില്ല. നിയമം അനുശാസിക്കുന്നതില്‍ കൂടുതല്‍ പലിശ വാങ്ങുന്നത് കൂടിയാവാം കാരണം. അനധികൃതമായി ജാമ്യമായി വാങ്ങിയ, ഒപ്പിട്ട, തുകയെഴുതാത്ത ചെക്ക് ലീഫില്‍ വന്‍ തുക എഴുതി ബാങ്കിലേക്ക് അയച്ച് അത് കാശില്ലാത്ത കാരണം മടക്കി. അതിന്റെ പുറത്താണ് കേസ് കൊടുത്തിരിക്കുന്നത്. കോടതിയില്‍നിന്ന് ജാമ്യമെടുത്തു കൊടുത്ത വക്കീലിന് ഫീസ് പോലും മുഴുവന്‍ കൊടുത്തിട്ടില്ല. പിന്നീട് അതുമായി ബന്ധപ്പെട്ട് അവര്‍ കൊടുത്ത പോലീസ് കേസുമായി ബന്ധപ്പെട്ട ഹിയറിങ്ങിനാണ് എന്റെ മുന്നില്‍ ഇരിക്കുന്നത്; സ്ഥാപനത്തിന്റെ ലൈസന്‍സ് കൊടുത്ത ഓഫീസ് എന്ന നിലയില്‍. അവരെ ഭര്‍ത്താവ് മുമ്പേ ഉപേക്ഷിച്ചതാണ്. അയല്‍ വീട്ടില്‍ അടുക്കള ജോലിക്കും മറ്റും പോയി കിട്ടുന്ന ചെറു തുകകൊണ്ടാണ് രണ്ടു മക്കളെ വളര്‍ത്തിയത്. മൂത്ത മകള്‍ ഡിഗ്രി കഴിഞ്ഞു. ചേച്ചി പഠിക്കട്ടെ എന്ന് പറഞ്ഞ് മകന്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച് ചില്ലറ ജോലികള്‍ക്ക് പോയിത്തുടങ്ങി.

മൂത്ത മകളെ കല്യാണം കഴിച്ചു കൊടുത്തൂ. എന്നാല്‍ മുഴുക്കുടിയനായ മരുമകന്‍ മകളുടെ ജീവന്‍ അപകടത്തില്‍ പെടുത്തുകയും മാനം വില്‍ക്കുകയും ചെയ്യും എന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ മകളോട് തിരികെ വരാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ അവള്‍ സ്വന്തം വീട്ടിലാണ്. ഡിവോഴ്‌സുമായി ബന്ധപ്പെട്ട കേസ് നടന്നുകൊണ്ടിരിക്കുന്നു.

ഇതെല്ലാം ഞാന്‍ ചോദിക്കാതെ തന്നെ അവര്‍ പറയുകയാണുണ്ടായത്. ആദ്യമായി കാണുന്ന എന്നോട് പോലും ഇത് പറയുന്നത് അല്‍പം ആശ്വാസം കിട്ടും എന്ന് കരുതിക്കൂടി ആയിരിക്കണം. ഇടക്ക് അവരുടെ ശബ്ദം ഇടറി, നിറഞ്ഞ കണ്ണുകള്‍ തുടച്ചു...

ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തി വായിച്ചു കേള്‍പ്പിച്ച്, ഒപ്പിടുവിച്ച്  രേഖകള്‍ പരിശോധിച്ചു. പിന്നെ കുറച്ചുനേരം കൂടി അവരെ കേട്ടു, ആശ്വസിപ്പിച്ചു. അല്ലാതെ എന്ത് ചെയ്യാന്‍. നേരം ഉച്ചയോട് അടുക്കുന്നു. വീട്ടിലേക്ക് ബസ്സില്‍ കുറച്ച് ദൂരം പോകാനുണ്ടവര്‍ക്ക്. ചായ കുടിച്ച് പോയാല്‍ മതി എന്നു പറഞ്ഞ് ബസ്സിന് കൂടിയുള്ള ചെറു തുക കൊടുത്താണ് അവരെ യാത്രയാക്കിയത്. പലിശയുടെ ‘ബ്ലേഡ്’ എത്ര ജീവിതങ്ങളെയാണ് കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുന്നത്! എത്രയാളുകളെയാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ടുള്ളത്!  

ജാബിര്‍(റ) പറയുന്നു: ‘‘പലിശ തിന്നുന്നവനെയും അത് തീറ്റുന്നവനെയും അതിന്റെ ഇരു സാക്ഷികളെയും അതിന്റെ എഴുത്തുകാരെയും നബി ﷺ ശപിച്ചിരിക്കുന്നു. അവരെല്ലാം സമമാണെന്നും അവിടുന്ന് പറഞ്ഞിരിക്കുന്നു’’ (ബുഖാരി, മുസ്‌ലിം).