ഒറ്റപ്പെടൽ; ഒറ്റപ്പെടുത്തലും

ഇബ്‌നു അലി എടത്തനാട്ടുകര

2022 ജൂൺ 18, 1442 ദുൽഖഅദ 17

ഒറ്റപ്പെടുക എന്നത് വല്ലാത്തൊരു അനുഭവമാണ്. ബെല്ലും ബ്രേക്കും ആവശ്യത്തിന് മാത്രം ഉപയോഗിച്ച്, അതിവേഗതയിൽ ഓടിയിരുന്ന വാഹനം പെെട്ടന്നൊരു മൂലയിൽ ആയപോലെ. എന്നും തൊട്ടും തുടച്ചും മിനുക്കിയും പരിപാലിക്കപ്പെട്ടിരുന്ന വാഹനത്തെ രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടും പിന്നോട്ടും ഒന്ന് നീക്കിയിട്ടാൽ ആയി.

മനുഷ്യന്റെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. അപകടവും അസുഖവും പോലെ, ഒറ്റപ്പെടുത്തി മുറിയുടെ മൂലയിൽ കിടത്താൻ നിമിത്തങ്ങൾ നിരവധി. കച്ചവടം, സ്ഥാപനം, തൊഴിൽ തുടങ്ങിയ കാര്യങ്ങൾ താനില്ലെങ്കിൽ കൃത്യമായി നടക്കില്ലെന്ന് മേനി നടിച്ചിരുന്ന അയാൾ സംഗതികൾ കൂടുതൽ ഭംഗിയായി നടക്കുന്നത് അറിയുമ്പോൾ കൂടുതൽ ഒറ്റപ്പെടുന്നു. ആരും തന്റെ ഉപദേശം തേടുന്നില്ല എന്ന് മാത്രമല്ല അറിയിക്കുന്നുപോലുമില്ല. തന്റെ അഭിപ്രായത്തിനും ഉപദേശത്തിനും ശുപാർശക്കും വേണ്ടി കാത്തിരുന്ന ആളുകൾ ഒന്ന് ഫോൺ വിളിക്കുന്നുപോലുമില്ല എന്ന് മാത്രമല്ല, ഒരു വരി മെസ്സേജ് പോലും അയക്കുന്നില്ല. തനിക്കുശേഷം പ്രളയം എന്ന അഹങ്കാരത്തിന് വിള്ളലേൽക്കുന്നു.

ഡെങ്കി പനിയും മോട്ടോർ സൈക്കിൾ വീഴ്ചയും നൽകിയ, ആഴ്ചകൾ മാത്രം നീണ്ട വീട്ടുതടങ്കൽ നൽകിയ ഒറ്റപ്പെടൽ ഞാൻ ഇന്നും മറന്നിട്ടില്ല. മനുഷ്യൻ എത്ര നിസ്സാരൻ!

ഒറ്റപ്പെടുക എന്നതിനെക്കാൾ വേദനാജനകമാണ് ഒറ്റപ്പെടുത്തൽ. അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ ഒരാളുടെ കാര്യം സാന്ത്വന പ്രവർത്തകനാ യ സുഹൃത്ത് പങ്കുവച്ചത് ഓർക്കുന്നു.

മുറിയുടെ ഒരു മൂലയിൽ ഒതുങ്ങിയ അയാൾ സാന്ത്വന കൂട്ടുകാരുടെ വരവ് കാത്തിരിക്കുകയും അവരോടൊപ്പമുള്ള വർത്തമാനം ആസ്വദിക്കുകയും ചെയ്തിരുന്നു. അന്ന് എന്തോ അയാൾ മൗനിയായിരുന്നു. വിഷമം കണ്ട സുഹൃത്ത് മുറിയിൽനിന്ന് മറ്റുള്ളവരെ മാറ്റി അയാളെ തൊട്ടുതലോടി തലയിണയിൽ ചാരിയിരുത്തി. കൊച്ചുവർത്തമാനത്തിനിടെ സങ്കട ഹേതു അന്വേഷിച്ചു.

തുളുമ്പുന്ന കണ്ണുകളോടെ, ശേഷി നഷ്ടപ്പെടാത്ത ഒരു കൈകൊണ്ട് അയാൾ ജനാല തുറന്നു. പുറത്തെ പുതിയ മോട്ടാർ സൈക്കിൾ ചൂണ്ടിക്കാണിച്ചു. ‘മോൻ വാങ്ങിയത്’ എന്ന് പറഞ്ഞു. പുതിയ മോഡൽ തിളങ്ങുന്ന ബൈക്ക് കണ്ട സുഹൃത്ത്, മോൻ ബൈക്ക് വാങ്ങിയതിൽ സന്തോഷിക്കുകയല്ലേ വേണ്ടത് എന്ന് ചോദിച്ചു. മറുപടി നടുക്കുന്ന പോട്ടിക്കരച്ചിലായിരുന്നു.

‘വാങ്ങുന്നതിന് മുമ്പ് അവൻ എന്നോട് ഒരു വാക്ക് പറഞ്ഞില്ല. ചോദിച്ചാലും ‘വേണ്ട’ എന്ന് ഒരിക്കലും ഞാൻ പറയില്ലല്ലോ’ എന്നയാൾ വിലപിച്ചു. സുഹൃത്തിന് മറുപടിയില്ലായിരുന്നു. ഒറ്റപ്പെടുക എന്നതിനെക്കാൾ മാരകമാണ് ഒറ്റപ്പെടുത്തുന്നു എന്ന ചിന്ത.