കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ധനമോഹം

ടി.കെ അശ്‌റഫ്

2022 ഏപ്രിൽ 02, 1442 റമദാൻ 01

ഉറങ്ങിക്കിടക്കുകയായിരുന്ന മകനെയും മരുമകളെയും രണ്ടു പേരമക്കളെയും റൂമിനകത്തേക്ക് പെട്രോള്‍ കുപ്പികള്‍ കത്തിച്ചെറിഞ്ഞ് അതിക്രൂരമായി ചുട്ടുകൊന്ന സംഭവം ഞെട്ടലുളവാക്കുന്നതാണ്. സ്വത്തു തര്‍ക്കത്തിലെ വൈരാഗ്യത്തെ തുടര്‍ന്നാണത്രെ പിതാവ് മകനെയും കുടുംബത്തെയും നിഷ്‌ക്കരുണം കത്തിച്ചത്!

കുടുംബ ബന്ധത്തിന് ഇസ്‌ലാം നല്‍കുന്ന പവിത്രത മനസ്സിലാക്കിയ ഒരാള്‍ക്ക് ഇങ്ങനെയൊരു കടുംകൈ ചെയ്യാന്‍ കഴിയില്ല. ഇസ്‌ലാമിനെപോലെ കുടുംബ ബന്ധങ്ങളുടെ മഹത്ത്വവും ബന്ധങ്ങള്‍ ചേര്‍ക്കേണ്ടതിന്റെ അനിവാര്യതയും ബന്ധങ്ങള്‍ മുറിക്കുന്നതിലെ കുറ്റവും വിശദമാക്കിയ മറ്റൊരു മതവും ദര്‍ശനവും കാണാന്‍ സാധ്യമല്ല.

അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യില്‍ നിന്നുദ്ധരിക്കുന്നു. ഒരാള്‍ പറഞ്ഞു: ‘‘പ്രവാചകരേ! സ്വര്‍ഗത്തിലേക്കെന്നെ അടുപ്പിക്കുന്നതും നരകത്തില്‍നിന്നെന്നെ അകറ്റുന്നതുമായ ഒരു പ്രവര്‍ത്തനത്തെ കുറിച്ചു പറഞ്ഞുതരിക.’’ പ്രവാചകന്‍ ﷺ പറഞ്ഞു: ‘‘നീ അല്ലാഹുവിനെ ആരാധിക്കുക. അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം നിലനിര്‍ത്തുകയും സകാത്തു കൊടുക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ചെയ്യുക’’ (ബുഖാരി, മുസ്‌ലിം).

ബന്ധം ചേര്‍ക്കുന്നവരെ പുകഴ്ത്തികൊണ്ട് അല്ലാഹു പറഞ്ഞിരിക്കുന്നു: ‘‘കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍’’ (റഅ്ദ്: 21).

ഇസ്‌ലാം ഇണക്കത്തിന്റെ മതമാണ്. നന്മയുടെയും കാരുണ്യത്തിന്റെയും മതമാണ്. അത് ബന്ധം ചേര്‍ക്കാന്‍ കല്‍പിക്കുകയും ബന്ധം മുറിക്കുന്നത് വിരോധിക്കുകയും ചെയ്യുന്നു. ബന്ധം ചേര്‍ക്കുന്നതിന്റെ പ്രാധാന്യം ഉള്‍കൊളളാത്ത, അതിനെ പരിഗണിക്കാത്ത ഭൂമുഖത്തുള്ള സര്‍വ വ്യവസ്ഥിതികള്‍ക്കും വിരുദ്ധമായി മുസ്‌ലിം സമൂഹത്തെ പരസ്പരം ബന്ധപ്പെട്ടവരും ഇണക്കമുള്ളവരും കാരുണ്യം കാണിക്കുന്നവരും ആക്കി മാറ്റാന്‍ ഇസ്‌ലാമിന് സാധിക്കുന്നു.

എന്നാല്‍ ഇസ്‌ലാമിനെ മനസ്സിലാക്കാത്ത മുസ്‌ലിം നാമധാരികള്‍ അവരുടെ മതവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്‌ലാമിനെ അപമാനിക്കുകയാണ് ചെയ്യുന്നത്. തൊടുപുഴയിലെ കൊലയാളിക്ക് മാനസിക വൈകല്യം ഉള്ളതായി പറയപ്പെടുന്നില്ല. 79 വയസ്സ് പ്രായമായ ഈ പ്രതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ വയസ്സാകുംതോറും ആയുസ്സിനോടും സമ്പത്തിനോടുമുള്ള താല്‍പര്യം വര്‍ധിക്കുമെന്ന പ്രവാചകവചനം ഓര്‍മവരികയാണ്.

സ്വത്ത് ഭാഗം വയ്ക്കുന്നിടത്തുള്ള നിയമനിര്‍ദേശങ്ങളെ സംബന്ധിച്ച് യാതൊരു ബോധവും ഇല്ലാത്തവരാണ് സമുദായത്തിലെ മഹാഭൂരിപക്ഷവും. ബോധമുള്ളവര്‍ തന്നെ കൗശലത്തിലൂടെ മറ്റുള്ളവരെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുക്കുന്ന പ്രവണതയും വ്യാപകമാണ്. പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നതിന് ഉപാധിവച്ച് അവരുടെ മരണത്തിനു മുമ്പുതന്നെ സ്വത്ത് ഓഹരി വയ്ക്കാന്‍ ശാഠ്യം പിടിക്കുന്ന മക്കള്‍ വര്‍ധിച്ചുവരികയാണ്. അങ്ങനെ സ്വത്ത് ലഭിച്ചാലാകട്ടെ, മാതാപിതാക്കള്‍ വഴിയാധാരമാക്കപ്പെടുന്ന സംഭവങ്ങളും ഒറ്റപ്പെട്ടതല്ല. മക്കള്‍ക്കിടയില്‍ നീതി പാലിക്കാതെ സ്വത്ത് ഭാഗം വയ്ക്കുന്നതിന്റെ പേരില്‍ അവര്‍ക്കിടയില്‍ പകയുടെ വിത്ത് വിതക്കുന്ന മാതാപിതാക്കളും ഇല്ലാതില്ല.

തൊട്ടടുത്ത പ്രദേശത്ത് പുതിയ വീടുവച്ച് അതിലേക്ക് തന്റെ മകനും കുടുംബവും മാറാനിരിക്കുന്നത് തടയാന്‍ ലക്ഷ്യംവെച്ചാണ് പിതാവ് ആസൂത്രിതമായി ഇവരെ ചുട്ടെരിക്കാന്‍ തീരുമാനിച്ചതെന്ന് അറിയുമ്പോള്‍ എന്താണ് ഈ ‘മനുഷ്യനെ’ നയിക്കുന്ന വികാരമെന്ന് അറിയല്‍ അനിവാര്യമാണ്.

ഇത്തരം സംഭവങ്ങള്‍ സമൂഹ ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കേണ്ടതുണ്ട്. ബോധവത്കരണം നടത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ സമ്പത്തിന്റെ പേരില്‍ അഗ്‌നിപര്‍വത സമാനമായി മാറിയ പല കുടുംബങ്ങളും ഇനിയും പൊട്ടിത്തെറിക്കുന്നത് നാം കാണേണ്ടിവരും. സര്‍ക്കാരും മതസംഘടനകളും മഹല്ലുകളും കുടുംബങ്ങളും വിവിധ സമുദായങ്ങളുമെല്ലാം ഇക്കാര്യം ഗൗരവത്തിലെടുക്കണം.