ജീവിതത്തെ എങ്ങനെ ആസ്വാദ്യകരമാക്കാം?

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

2022 മാർച്ച് 19, 1442 ശഅബാൻ 16

എന്റെ പക്കല്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല’’ (ക്വുര്‍ആന്‍ 2:37).

മനുഷ്യന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവുമാണ്. ഭയമില്ലായ്മകൊണ്ട് സമാധാനവും ദുഖമില്ലായ്മകൊണ്ട് സന്തോഷവും ശാന്തിയും നേടിയെടുക്കാന്‍ നമുക്ക് സാധിക്കും. കൂടുതലായി ആശങ്കിച്ചും അസ്വസ്ഥരായും ജീവിക്കുന്നത് ബുദ്ധിയല്ല. കാരണം ജീവിതം അനുനിമിഷം തീര്‍ന്നുപോവുകയാണ്. കാത്തിരിക്കുന്ന സ്വസ്ഥതയും സമാധാനവും വരുന്നതിന്ന് മുമ്പ് ജീവിതം തീര്‍ന്നുപോകുമെന്നതാണ് പല മരണങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നത്.

ഇന്നലെ നമ്മള്‍ ജീവിച്ചുകഴിഞ്ഞു. നാളെ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ നാം ജീവിക്കും. എന്നാല്‍ നാം ജീവിച്ചിരിക്കുന്നത് ഈ നിമിഷത്തിലും സന്ദര്‍ഭത്തിലുമാണ്. അതിനാല്‍ ഈ നിമിഷത്തെ ആസ്വദിക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ ജീവിതാസ്വാദനത്തിന്റെ തലത്തിലേക്ക് നമ്മള്‍ എത്തിച്ചേരുന്നത്. ഈ നിമിഷത്തെ ആസ്വദിക്കുക എന്നാല്‍, ഓരോ നിമിഷത്തെയും ഏറ്റവും നന്മനിറഞ്ഞ പ്രവര്‍ത്തനംകൊണ്ട് ധന്യമാക്കലാണ്, അനുഭവിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കലാണ്. നന്മയുടെ തുലാസില്‍ കനംതൂങ്ങുന്നവയായി, വെളിച്ചമായിത്തീരണം നമ്മുടെ കര്‍മങ്ങള്‍. അത് ഇഹപര വിജയത്തിന്റെ നിദാനമാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. അത് വ്യക്തിപരമായും കുടുംബപരമായും സാമൂഹികമായുമുള്ള ബന്ധങ്ങളില്‍ വമ്പിച്ച മാറ്റം ഉണ്ടാക്കിത്തീര്‍ക്കും.

സച്ചരിതരായ മുന്‍ഗാമികള്‍ (സലഫുകള്‍) കൂടുതല്‍ അധ്വാനിച്ചത് ഇഖ്‌ലാസോടും (അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ച്, ആത്മാര്‍ഥമായി) ഇഹ്തിസാബോടും (അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച്) ഇഹ്‌സാനോടും (അല്ലാഹു എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട് എന്ന ബോധത്തോടെ) കര്‍മങ്ങള്‍ ചെയ്യാനാണ്. ഇത് മടി തൊട്ടുതീണ്ടാതെ കൂടുതല്‍ ഊര്‍ജസ്വലതയോടെ കര്‍മരംഗത്ത് മുന്നേറാന്‍ നമ്മെ പ്രാപ്തരാക്കും. ദുഃഖങ്ങളെ ക്ഷമകൊണ്ട് പ്രതിഫലമാക്കി, സംഭവിച്ച പാപങ്ങളില്‍ പശ്ചാതപിച്ച് കൂടുതല്‍ വിശുദ്ധരായിമാറി, അല്ലാഹുവിന്റെ വിധിയില്‍ ആശങ്കപ്പെടാതെ ജീവിക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം.

ഭക്ഷണത്തിന്റെ രുചിയും, വെള്ളത്തിന്റെ തണുപ്പും, പ്രവര്‍ത്തനങ്ങളിലെ ഉദ്ദേശവും മനസ്സാനിധ്യവും നമുക്ക് അനുഭവിക്കാന്‍ കഴിയണം. ജനാസയില്‍ പങ്കെടുത്ത വന്ന് രണ്ട് ഖീറാത്ത് പ്രതിഫലം ലഭിക്കുമെന്ന ഹദീഥ് കേട്ട സ്വഹാബി എനിക്ക് ഉദ്ദേശം വെക്കാന്‍ കഴിയാത്തതിനാല്‍ കര്‍മ്മത്തിന്റെ ഖീറാത്ത് ലഭിക്കാതെ പോകുമോ ? എന്ന് ചിന്തിച്ചുവെങ്കില്‍ പ്രതിഫലേച്ഛയുടെ പ്രാധാന്യം നാം തിരിച്ചറിയണം.

അല്ലാഹുവിനെ സ്മരിക്കല്‍, പ്രാര്‍ഥനകള്‍, നമസ്‌കാരങ്ങള്‍ എന്നിവയില്‍ മനസ്സാന്നിധ്യം ആവശ്യമാണ്. അതിന് മാനസികാധ്വാനം ആവശ്യമാണ്. പിശാചാണ് മാര്‍ഗദര്‍ശനത്തില്‍നിന്ന് പിഴപ്പിക്കുന്നത് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. കഴിഞ്ഞതിലുള്ള ദുഃഖവും വരാനിരിക്കുന്നതിലുള്ള ഭയവും ഹൃദയത്തിലിട്ടുതരുന്നത് ഇബ്‌ലീസാണ്. അവന്റെ കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവും റസൂലും  ﷺ  നിര്‍ദേശിച്ച മാര്‍ഗങ്ങള്‍ നാം സ്വീകരിച്ചേ മതിയാവൂ. ബിസ്മി ചൊല്ലല്‍, ശരണംതേടല്‍, ആയത്തുല്‍ കുര്‍സിയ്യും (അല്‍ബക്വറ 255), അല്‍ബക്വറ സൂറത്തിലെ അവസാനത്തെ രണ്ട് ആയത്തുകള്‍, പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള ദിക്‌റുകള്‍ എന്നിങ്ങനെയുള്ളവ പതിവായി ചെയ്യുമ്പോള്‍ വല്ലാത്തൊരു മനസ്സമാധാനം ലഭിക്കും. പൈശാചികത വിട്ടകലും. ഭയഭക്തി വര്‍ധിക്കും.