ലഹരി: വേണം വേരറുക്കുന്ന ഇടപെടൽ

ടി.കെ അശ്‌റഫ്

2022 ഒക്ടോബർ 29, 1444 റബീഉൽ ആഖിർ 03

കേരളത്തിൽ വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ഭരണ-പ്രതിപക്ഷ ഐക്യത്തോടെ ഒരു സമര മുന്നണിതന്നെ തുറന്നിരിക്കുകയാണ്. മയക്കുമരുന്നിനെതിരെ സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും പങ്കാളിത്തത്തോടെ ഒരു മാസം നീളുന്ന പ്രചാരണ പരിപാടിയാണ് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളത്.

ഇതിന്റെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ ലഹരിക്കെതിരെ ജീവൻ മരണ പോരാട്ടം തന്നെയാണ് വർത്തമാനകാലം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ എല്ലാവരുടെയും പിന്തുണയുണ്ടാകണം. രാഷ്ട്രീയ, മത, സാമൂഹിക പ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും പല ഘട്ടങ്ങളിലായി നടത്തിവരുന്നതാണ് ലഹരിക്കെതിരെയുള്ള ബോധവൽക്കരണം. സർക്കാർ സംവിധാനങ്ങൾകൂടി ഇതിന് മുൻകൈയെടുക്കുമ്പോൾ സർവതലങ്ങളെയും യോജിപ്പിച്ച് ലഹരിയെ പിടിച്ചുകെട്ടാൻ ഒരു പരിധിവരെ നമുക്ക് സാധിച്ചേക്കും.

എന്നാൽ പൂർണമായി ലക്ഷ്യം കാണണമെങ്കിൽ ഈ പോരാട്ടത്തിൽ ആത്മാർഥത കൈവിടാതിരിക്കണം. രഹസ്യമായി ലഹരി ഉപയോഗിക്കുന്നവർ സമരമുഖത്ത് പരസ്യമായി പ്രത്യക്ഷപ്പെട്ടതുകൊണ്ട് വലിയ പ്രയോജനമില്ല. സർക്കാറിന്റെ ‘മദ്യവർജനം’ എന്ന നയത്തിൽനിന്ന് മാറി വ്യാജനെന്നോ ഒറിജിനലെന്നോ ഭേദമില്ലാതെ മദ്യം മുഴുവനായും ‘നിരോധിക്കുക’ എന്ന നിലപാട് സ്വീകരിക്കണം.

ഒരു ഭാഗത്ത് സിന്തറ്റിക് ലഹരിക്കെതിരെ വല വിരിക്കുകയും മറുഭാഗത്ത് മദ്യശാലകൾ ഉദാരമായി അനുവദിക്കുകയും ചെയ്യുന്നത് വിരോധാഭാസമാണ്. മദ്യത്തിനെതിരെ രംഗത്തിറങ്ങുന്ന വിദ്യാർഥി സംഘടനകൾ തന്നെ, സ്വതന്ത്ര ചിന്തക്ക് തിരികൊളുത്തി തോന്നിയതുപോലെ ജീവിക്കാനുള്ള വഴിവെട്ടിക്കൊടുക്കുന്നത് അവസാനിപ്പിക്കണം.

ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച് അതിൽ അഭിരമിക്കുകയും ശേഷം പെൺകുട്ടികളിൽ ലഹരി വ്യാപിക്കുന്നതിൽ സങ്കടപ്പെടുകയും ചെയ്യുന്നതിൽ എന്ത് അർഥമാണുള്ളത്?

ലഹരി ഉപയോഗിക്കാനായി കൃത്രിമാഘോഷങ്ങളും ഡിജെ പാർട്ടികളും വിനോദയാത്രകളും യഥേഷ്ടം സംഘടിപ്പിക്കുകയും പിന്നീട് മയക്കുമരുന്ന് വ്യാപനത്തിന്റെ തോത് വർധിക്കുന്നുവെന്ന് ആശങ്കപ്പെടുകയും ചെയ്യുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളത്?

സോഷ്യൽ ഡ്രിങ്കിങ് എന്ന ഓമനപ്പേരിട്ട് ഒരു ഭാഗത്ത് മദ്യത്തിന് മാന്യതയുടെ പരിവേഷം നൽകുകയും മറുഭാഗത്ത് അതിന്റെ കെടുതികളിൽ പരിഭവിക്കുകയും ചെയ്യുന്നതിൽ എന്ത് സത്യസന്ധതയാണുള്ളത്? കോടിക്കണക്കിന് രൂപയുടെ ഹെറോയിൻ കടൽവഴി കൊണ്ടുവരുന്ന വൻകുറ്റവാളികളെ കണ്ടില്ലെന്ന് നടിക്കുകയും ചെറുകിട വിൽപനക്കാരെ മാത്രം തുറുങ്കിലടക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് ലഹരിയുടെ വേരറുക്കാൻ സാധിക്കുക? മദ്യവരുമാനത്തിന്റേയും തൊഴിലാളി പ്രശ്‌നത്തിന്റെയും പേരു പറഞ്ഞ് മദ്യം യഥേഷ്ടം ലഭ്യമാക്കുകയും മദ്യത്തിന്റെ കെടുതി കാരണമുള്ള നഷ്ടത്തിന്റെ കണക്കെടുക്കാതിരിക്കുകയും ചെയ്യുന്നത് ശരിയായ നിലപാടാണോ?

വീടുകളിലും ഗ്രന്ഥശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും ‘ലഹരിവിരുദ്ധ ദീപം’ തെളിക്കാനുള്ള ആഹ്വാനം ചെയ്ത സർക്കാർ; എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മദ്യം അടക്കമുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ആരും ഇല്ലാതിരിക്കാനാണ് ആഹ്വാനം ചെയ്യേണ്ടത്.