തലവെട്ടും മാധ്യമ കഥയും

വി.വി. ബഷീര്‍, വടകര

2021 ജനുവരി 01, 1442 ജുമാദല്‍ അവ്വല്‍ 27

വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു ദുല്‍ഹി ജ്ജ മാസത്തിലെ തുടക്കം. ജിദ്ദയില്‍ ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഹജ്ജ് കാരവന്റെ  ക്ലറിക്കല്‍ ചുമതല വഹിക്കുന്ന സമയം. സൗദി അറേബ്യയിലെ ഹായിലില്‍ മലയാളം ന്യൂസ് പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നുമുണ്ട്. സന്ധ്യാസമയത്ത് ഒരു ഫോണ്‍ കോള്‍ വന്നു. ഒരു മലയാളിക്ക് നാളെ വധശിക്ഷ എന്നായിരുന്നു സുഹൃത്ത് വിളിച്ചുപറഞ്ഞത്! എന്തിനാണ് എന്ന എന്റെ ചോദ്യത്തിന് മദീനയില്‍ പ്രവേശിച്ചതിന് എന്ന് സുഹൃത്ത് മറുപടിയും പറഞ്ഞു !

ഹായിലിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ നേഴ്‌സായ യുവതി പ്രസവിച്ചുകിടക്കുന്നു. അവളുടെ ഭര്‍ത്താവ് ജിദ്ദയില്‍നിന്നും ഹായിലിലേക്ക് യാത്ര തിരിച്ചു. സ്വദേശിയുടെ ടാക്‌സിയില്‍ കയറിയ ടിയാന്‍ മദീന വഴിയാണ് പോകുന്നത് എന്ന് അറിഞ്ഞിരുന്നില്ല. അറബി ഭാഷയില്‍ തീരെ പരിചയമില്ലാത്തത് ഏറെ പ്രയാസപ്പെടുത്തി. എങ്കിലും യാത്രാ മധ്യെ കണ്ട ബോര്‍ഡുകള്‍ അദ്ദേഹത്തെ ആശങ്കപ്പെടുത്തി.

ചെക്ക് പോസ്റ്റ് എത്താറായി. ഏതാനും വാരയകലെ പരിശോധനാ സ്ഥലം കാണുന്നുണ്ട്. ഡ്രൈവര്‍ എല്ലാവരോടും അവരവരുടെ ഇക്വാമ (റസിഡന്‍ഷ്യല്‍ പെര്‍മിഷന്‍) എടുക്കാന്‍ ആവശ്യപ്പെട്ടു. മറ്റു യാത്രക്കാരോടൊപ്പമുള്ള ടിയാന്‍ തന്റെ ഇക്വാമയും എടുത്ത് നല്‍കി. ഡ്രൈവര്‍ അയാളെ ഒന്ന് ശരിക്കും നോക്കി. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ചു. തലയാട്ടി മറുപടി നല്‍കി. ഈ വഴി അമുസ്‌ലിംകള്‍ക്ക് പ്രവേശനം ഇല്ല. ഇത് തിരു ഹറമിലേക്കുള്ള വഴിയാണ്. ചെക്ക് പോസ്റ്റിലെ ക്യൂവില്‍ നിന്ന വാഹനത്തില്‍നിന്നും അയാളെ ഇറക്കി.

വേവലാതിയും വെപ്രാളവും അദ്ദേഹത്തെ ശ്വാസം മുട്ടിച്ചു! ധൈര്യം സംഭരിച്ച് അദ്ദേഹം മുന്നോട്ട് നടന്നു. പരിശോധകര്‍ അദ്ദേഹത്തെ തടഞ്ഞുവച്ചു. എങ്ങനെ ഇവിടെയെത്തി എന്ന ചോദ്യത്തിന് തന്നെ ക്കൊണ്ട് കഴിയുന്ന വിധം മറുപടി പറഞ്ഞു. യാത്രയുടെ ലക്ഷ്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. അദ്ദേഹത്തെ പോലീസ് വാഹനത്തില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി!

കഥയുടെ ട്വിസ്റ്റ് ഇവിടെ നിന്നാണ്. സ്‌റ്റേഷനിലേക്ക് പോകും വഴി അദ്ദേഹം ഭാര്യയെ വിളിക്കുന്നു. തന്നെ അനുമതിയില്ലാത്ത സ്ഥലത്തേക്ക് പ്രവേശിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു എന്നു പറഞ്ഞു. ഭര്‍ത്താവിനെയും പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യയുടെ ചിന്തകള്‍ തന്റെ മൂന്ന് വര്‍ഷത്തെ സര്‍വീസിനുള്ളില്‍ ആരില്‍ നിന്നൊക്കെയോ കേട്ട കെട്ടുകഥകളിലേക്ക് യാത്രയായി. ഭാര്യ ഉടന്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്തു. ‘ചേട്ടന് നാളെ വധശിക്ഷ! കഴുത്ത് വെട്ടാന്‍ തീരുമാനമായി! ഉടനെ എന്തെങ്കിലും ചെയ്‌തേ പറ്റൂ! മണിക്കൂറുകള്‍ മാത്രം ബാക്കി...’ മകളുടെ ഫോണ്‍ കോള്‍ പിതാവിനെയും മാതാവിനെയും അക്ഷരാ ര്‍ഥത്തില്‍ ഞെട്ടിച്ചു. നാട്ടിലാകെ വാര്‍ത്ത പരന്നു. ‘മദീന ഹറം ഭാഗത്ത് പ്രവേശിച്ചതിന് മലയാളിക്ക് വധശിക്ഷ! മലയാള പത്രങ്ങള്‍ വന്‍ പ്രാധാന്യം നല്‍കി വാര്‍ത്ത പുറത്തുവിട്ടു’.  പരേതനായ ഇ.അഹമ്മദ് സാഹിബ് അന്ന് സൗദിയില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഫോണ്‍ കോളുകളുടെ പ്രവാഹം.

സൗദി നിയമം അറിയുന്നവര്‍ അങ്ങനെ സംഭവിക്കുകയില്ല എന്ന് പലരെയും പറഞ്ഞ് മനസ്സിലാക്കി. എനിക്കും ‘വധിക്കപ്പെടുന്ന’ ടിയാന്റെ ഭാര്യ ഫോണ്‍ ചെയ്തു. ഞാന്‍ സമാശ്വസിപ്പിച്ചു. നാട്ടില്‍ നടക്കുന്ന വാര്‍ത്താപുകിലുകളൊന്നും അവര്‍ പറഞ്ഞതുമില്ല. കാലത്ത് മൂന്ന് മണി. ഹജ്ജ് കാരവന്റെ പേപ്പര്‍വര്‍ക്ക് കഴിഞ്ഞ് ഒന്ന് വാര്‍ത്ത കേള്‍ക്കാനായി ഇരുന്നപ്പോഴാണ് മലയാള ചാനലില്‍ എഴുതിക്കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്; ‘മദീനയില്‍ പ്രവേശിച്ചതിന് ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ!’ കേരളത്തില്‍ നിന്നിറങ്ങുന്ന എല്ലാ പത്രങ്ങളുടെയും പ്രധാന തലക്കെട്ട് വധശിക്ഷ തന്നെ!

മദീനയില്‍ ഈ യുവാവിനെ പോലീസ് ചോദ്യം ചെയ്തു. പെര്‍മിറ്റ് കാലാവധി കഴിഞ്ഞിരുന്നതിനാല്‍ വിട്ടയക്കാന്‍ അല്‍പം താമസംവന്നു. അവര്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഭക്ഷണം നല്‍കി. ഹായിലി ലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. അങ്ങനെ അദ്ദേഹം  യാത്രയിലാണ്. ‘വധ വിധി’ അദ്ദേഹം അറിഞ്ഞില്ല.

യഥാര്‍ഥത്തില്‍ മലയാള മാധ്യമങ്ങള്‍ നിജസ്ഥിതിയറിയാതെ കഥയെഴുതുകയായിരുന്നു. നാട്ടില്‍ നടന്ന ഈ വാര്‍ത്തകള്‍ മദീനയിലെ ഒരു ഉദ്യോഗസ്ഥനുമായി പങ്കുവെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മാഫി മുശ്കില്‍, ഹിന്ദി മിസ്‌കീന്‍‘ (സാരമില്ല. ഇന്ത്യക്കാര്‍ പാവങ്ങളാണ്).