കാണരുത്, ആ കാഴ്ചകൾ

നബീൽ പയ്യോളി

2022 ജൂൺ 11, 1442 ദുൽഖഅദ 10

എവിടെയും സിസിടിവിയാണ്! എവിടെ പോയാലും അവ നമ്മെ ഒപ്പിയെടുക്കുന്നുണ്ട്. സുരക്ഷയാണ് ക്യാമറക്കണ്ണുകൾ എന്നതിൽ തർക്കമില്ല. വീടുകളിലും സ്ഥാപനങ്ങളിലും ക്യാമറകൾ ഉണ്ടെന്ന മുന്നറിയിപ്പ് ബോർഡുകൾ കാണുമ്പോൾ കൂടുതൽ സൂക്ഷ്മത പുലർത്താനും അബദ്ധങ്ങളും കള്ളത്തരങ്ങളും ചെയ്യാതിരിക്കാനും എല്ലാവരും ജാഗ്രത കാണിക്കും. കുറ്റകൃത്യങ്ങളും അപകടങ്ങളുമൊക്കെ തെളിയിക്കാൻ ക്യാമറകൾ വലിയ രീതിയിൽ സഹായകമാവുന്നുണ്ട്. വീട്ടുകാർക്കും സ്ഥാപന ഉടമകൾക്കും ക്യാമറയുണ്ടല്ലോ എന്ന ആശ്വാസം നൽകുന്ന സുരക്ഷിതബോധം ചെറുതല്ല.

എന്നാൽ ഇത്തരം ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നതെല്ലാം കാണേണ്ടവയും കാണിക്കേണ്ടവയുമല്ല. ഹൃദയത്തിൽ മുറിവുണ്ടാക്കുന്ന, കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചകളും സിസിടിവികളിൽ പതിയാറുണ്ട്. അവ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിന് വലിയ ആവേശമാണ് പലർക്കും. നിമിഷനേരം കൊണ്ട് അവ ആയിരങ്ങളിലേക്ക് എത്തും. അപകടങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും അടക്കം മനസ്സിനെ മരവിപ്പിക്കുന്ന, വികാരങ്ങളെ വൃണപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങൾ ഉത്തരത്തിൽ നമ്മുടെ മൊബൈലിലേക്കും എത്താറുണ്ട്. അവ ആവർത്തിച്ചുകണ്ട് സ്വന്തം മനസ്സിനെ ക്രമേണ നിർവികാരതയിലേക്ക് തള്ളിവിടുകയാണ് നാം ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

കുറ്റകൃത്യങ്ങളും തിന്മകളും നിരന്തരം കണ്ട് അതിനോട് താദാത്മ്യം പ്രാപിക്കുന്നതും അവ നമ്മെ വേദനിപ്പിക്കാത്ത രീതിയിൽ മനസ്സ് പാകപ്പെടുന്നതും നാം ഭയപ്പെടേണ്ടതുതന്നെയാണ്. കുട്ടികളടക്കം കുടുംബാംഗങ്ങളെല്ലാം ഇത്തരം ദൃശ്യങ്ങൾ കാണാൻ നമ്മൾ കാരണക്കാരാവാറുണ്ട് പലപ്പോഴും. ഇളം തലമുറയുടെ മനസ്സുകളിൽ അതുണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ അറിയാത്തതുകൊണ്ടാണോ നാം അങ്ങനെ ചെയ്യുന്നത്? അതിനെക്കുറിച്ച് ആ നിലയിൽ ആലോചിക്കാത്തതുകൊണ്ടാവും ചിലപ്പോൾ.

ഉപകാരമുള്ളത് മാത്രം കാണുകയും കാണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അനാവശ്യങ്ങൾ കാണുന്നതിൽനിന്നും കാണിക്കുന്നതിൽനിന്നും പ്രചരിപ്പിക്കുന്നതിൽനിന്നുമെല്ലാം വിട്ടുനിൽക്കുക. അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ചവറുകൾ എറിയപ്പെടുന്ന മാലിന്യകേന്ദ്രങ്ങളിലാവരുത് നമ്മുടെ സാമൂഹിക മാധ്യമ ഇടങ്ങളും മനസ്സും. നന്മയുടെ പ്രചാരകരാവുക, തിന്മകളിൽനിന്ന് വിട്ടുനിൽക്കുക.