ചേര്‍ത്തുപിടിക്കുന്നതിലെ സുരക്ഷിതത്വം

ഇബ്‌നു അലി എടത്തനാട്ടുകര

2022 ഏപ്രിൽ 09, 1442 റമദാൻ 07

കൈകള്‍ കോര്‍ത്തുപിടിച്ച് നടക്കുന്നത് കാണാന്‍ നല്ല ചേലാണ്. അവര്‍ തമ്മിലുള്ള രസതന്ത്രം കാഴ്ചക്കാര്‍ക്ക് പെെട്ടന്ന് പിടികിട്ടും. ചെറിയ ക്ലാസ്സുകളിലേക്ക്, തന്നെക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകുന്ന എൽ.പി സ്‌കൂളിലെ കുട്ടികളെ കാണാറുണ്ട്. മുതിര്‍ന്ന ഒരാളുടെ ഉത്തരവാദിത്തത്തോടെയാണ് കരുതലോടെയുള്ള ആ കോര്‍ത്തുപിടിക്കല്‍. ചില കുരുന്നുകളെ ഓരോ കൈയും ഓരോരുത്തര്‍ അരുമയോടെ പിടിച്ച് കൊണ്ടുപോകുന്നതും ആ കുരുന്നുകള്‍ അത് ആസ്വദിക്കുന്നതും രസകരമായ കാഴ്ചയാണ്. അനിയനോ അനിയത്തിയോ, അയല്‍പക്കത്തെ ‘ശ്രദ്ധിക്കണം’ എന്ന് പ്രത്യേകം ചുമതലപ്പെടുത്തിയ കുട്ടിയോ മറ്റോ ആകാം ഒപ്പമുള്ളത്.

റോഡിലൂടെ കൂടെ നടന്നുപോകുന്ന ചെറിയ മക്കളുടെ കൈ ബലമായി പിടിക്കുന്ന മാതാക്കളുടെ ശ്രദ്ധ എപ്പോഴും കാണാം. അശ്രദ്ധമായി, പലതും കണ്ടും ചോദിച്ചും നീങ്ങുന്ന കുട്ടികള്‍ എങ്ങാനും കൈവിട്ടു പോയി അപകടം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത സദാ അവരില്‍ കാണാം. കുറച്ച് മുതിര്‍ന്ന ആണ്‍കുട്ടികള്‍ ആണെങ്കില്‍ പരസ്പരം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതിനെക്കാള്‍ തോളില്‍ പിടിച്ചുള്ള നടപ്പാണ് കൂടുതല്‍ കാണാറ്. കൂട്ടുകാരന്റെ ചുമലില്‍ തന്റെ ഭാരംകൂടി ചെലുത്തി ഉച്ചത്തില്‍ പറഞ്ഞും കളിയാക്കിയുമുള്ള നടപ്പ് കാണുമ്പോള്‍ കാണുന്നവര്‍ക്ക് പോലും ആ ഊര്‍ജം പകര്‍ന്നുകിട്ടും.

പെണ്‍കുട്ടികള്‍ വിരലുകള്‍ ചേര്‍ത്ത് സൗഹൃദത്തിന്റെ ബന്ധനം തീര്‍ത്ത് സംസാരത്തില്‍ മുഴുകി അങ്ങനെ നടന്നുനീങ്ങും. റോഡിലൂടെയാണ് അലസസഞ്ചാരം എന്നുപോലും ഓര്‍ക്കാതെ പരന്ന് നിറഞ്ഞു നടക്കും. സ്‌കൂള്‍ തുടങ്ങുന്ന നേരവും വിടുന്ന നേരവും പാതയിലൂടെയുള്ള ഈ സ്വയം മറന്നുള്ള പ്രയാണം വാഹനമോടിക്കുന്നവര്‍ക്ക് പ്രയാസം ഉണ്ടാക്കാറുണ്ട് എന്നത് വെറും വര്‍ത്തമാനമല്ല.

മാതാവിനെക്കാള്‍ വലുപ്പം വെച്ചാലും പെണ്‍മക്കള്‍ അവരുടെ കൈകള്‍ ചുമ്മാ ചേര്‍ത്തുപിടിച്ച് സുരക്ഷയനുഭവിക്കുന്ന കാഴ്ച മാതൃത്വത്തോട് ചേര്‍ന്നുനില്‍ക്കാനുള്ള വെമ്പല്‍ കാണിക്കുന്നു. എന്നാല്‍ മാതാക്കളും അതില്‍ ഒരു സുരക്ഷ അനുഭവിക്കുന്നുണ്ട് എന്ന് തോന്നും. പിതാക്കളുടെ കൂടെ മുതിര്‍ന്ന ആണ്‍മക്കള്‍ ഇത്തിരി അകലം പാലിച്ചാണ് നടക്കാറെങ്കിലും ഗൗരവമായ കാര്യങ്ങല്‍ ചര്‍ച്ചചെയ്യുന്ന പോലെ കാണാറുണ്ട്. എന്നാല്‍ പെണ്‍കുട്ടികളാകട്ടെ ബലമായി പിതാവിന്റെ കൈകളുടെ മേല്‍ഭാഗത്ത് പിടിച്ചു നടക്കുന്നതാണ് കാണാറ്. പിതാക്കള്‍ തിരിച്ചും ശ്രദ്ധിക്കും.

പ്രായമായ മാതാപിതാക്കളാണെങ്കില്‍ മക്കള്‍ തികച്ചും ഉത്തരവാദിത്തമുള്ള മുതിര്‍ന്നവരായി - ചെറിയ കുട്ടികള്‍ ആണെങ്കില്‍ പോലും- മാറാറുണ്ട്. റോഡ് മുറിച്ചുകടക്കാനും വാഹനത്തില്‍ കേറ്റാനും ഒക്കെ അവര്‍ കാണിക്കുന്ന സൂക്ഷ്മത ശ്രദ്ധേയമാണ്. നവ വധൂവരന്മാരാണെങ്കില്‍ പിന്നെ പറയാനുമില്ല. കൈകോര്‍ക്കലിനപ്പുറം അപരനിലേക്ക് ചാഞ്ഞ്, ചേര്‍ന്ന് സ്ഥലകാലബോധം പോലും ഇല്ലാതെ നടക്കുന്നത് അവരുടെ സ്‌നേഹബന്ധമല്ലാതെ മറ്റൊന്നുമല്ല ഓര്‍മിപ്പിക്കുന്നത്.

ചേര്‍ത്തുപിടിക്കാന്‍ ഒരാള്‍ ഉണ്ടാവുക എന്നത് ഒരാശ്വാസമാണ്, അതിനപ്പുറം ഭാഗ്യം കൂടിയാണ്, പ്രത്യേകിച്ച് പ്രയാസഘട്ടങ്ങളില്‍. മനസ്സുകൊണ്ട് ചേര്‍ത്തുപിടിക്കുന്ന ഒരാളോട് സങ്കടങ്ങള്‍ തുറന്നുപറയുമ്പോള്‍ കണ്ണ് നിറയും, എന്നാല്‍ അത് ദുഃഖത്തെ ഒരുപാട് ലഘൂകരിക്കും. പങ്കുവയ്ക്കുമ്പോഴാകട്ടെ, സന്തോഷത്തിന്റെ അളവ് കൂടുന്നതായിട്ടാണ് കാണാറുള്ളത്.

അപ്പോള്‍, എല്ലാ ആവശ്യങ്ങളും തുറന്നു പറയാന്‍, എന്തും ആവശ്യപ്പെടാന്‍, ഖേദിച്ചു മടങ്ങാന്‍, ഭരമേല്‍പിക്കാന്‍ സര്‍വശക്തനായ ഒരു സ്രഷ്ടാവ് സദാ നമ്മുടെ കൂടെയുണ്ട് എന്ന ചിന്ത എത്രമേല്‍ ആശ്വാസവും സന്തോഷദായകവുമാണ്!