ഏലസ്സ് പൊട്ടിച്ചെറിഞ്ഞവർ

സഹ്‌റ സുല്ലമിയ്യ

2022 ഏപ്രിൽ 23, 1442 റമദാൻ 21

പ്രസവാവധി കഴിഞ്ഞു സ്‌കൂളിൽ പോകേണ്ട സമയം ഏകദേശം അടുത്തു. ചെറിയ കുഞ്ഞിനെ വീട്ടിലാക്കി പോയിത്തുടങ്ങണം. സ്‌കൂൾ പതിനഞ്ച് കിലോമീറ്ററിനുള്ളിലാണെങ്കിലും അങ്ങോട്ട് ബസ് വളരെ കുറവാണ്. 9:05നുള്ള ബസിന് പോകണം. വൈകുന്നേരം 4:30ന് സ്‌കൂൾ വിട്ടാലും ഏകദേശം 6 മണിയോടെയാണ് വീട്ടിലെത്തുക. വീട്ടിൽ സഹായത്തിന് ആളുണ്ടെങ്കിലും ചെറിയ കുഞ്ഞിനെ വീട്ടിലാക്കി ഉമ്മയെപ്പോലെ നോക്കാൻ ഒരാളെ അന്വേഷിച്ചപ്പോൾ അന്ന് വീട്ടിൽ സഹായത്തിനുള്ള കുട്ടിതന്നെ അവളുടെ കുടുംബത്തിലെ പ്രായമുള്ള ഒരാളെക്കുറിച്ച് പറഞ്ഞു. നന്നായി അധ്വാനിച്ച് ജീവിച്ച ആളായിരുന്നു. പക്ഷേ, ഇപ്പോൾ നടുവേദന കാരണം ജോലിക്ക് പോകാൻ സാധിക്കുന്നില്ല. എന്നാലും കുട്ടിയെ നോക്കാൻ പറ്റും. അങ്ങനെ അവരെ വിളിച്ചു. അവർ വന്നു. സന്തോഷമായി. കുട്ടി അവരുമായി പെട്ടെന്നിണങ്ങി. പിന്നെ അവന് അവരെത്തന്നെ മതി. പാൽ കുടിക്കാൻ മാത്രം എന്നെ മതി.

സ്‌കൂളിൽ പോയിത്തുടങ്ങി. യാതൊരു ബുദ്ധിമുട്ടുമില്ല. എല്ലാം അവർ ഭംഗിയായി നോക്കും. രണ്ടു മൂന്നു മാസം കഴിഞ്ഞു. അന്ന് വീടിനടുത്ത് പള്ളിയില്ലായിരുന്നു. ഞങ്ങളെല്ലാം നമസ്‌കാരസമയം പ്രത്യേകം തീരുമാനിച്ച് ഞങ്ങളുടെ നമസ്‌കാരറൂമിൽ ജമാഅത്തായി നമസ്‌കരിക്കും. ഇവരും നേരത്തെ തന്നെ എത്തും. ഒരുദിവസം നമസ്‌കാരശേഷം അവർ നമസ്‌കാരക്കുപ്പായം അഴിച്ചപ്പോഴാണ് ഞാനത് കണ്ടത്. ഞെട്ടിപ്പോയി! തീരെ പ്രതീക്ഷിക്കാത്ത കാഴ്ച...അവരുടെ അരയിൽ ഒരു ഏലസ്സ്! ഞങ്ങളുടെ വീട്ടിൽ ഒരു ഏലസ്സ് കെട്ടിയ ആൾ...! എന്തു ചെയ്യണം? അവരോട് കാര്യം പറഞ്ഞു മനസ്സിലാക്കാൻ തീരുമാനിച്ചു. പക്ഷേ, പെട്ടെന്ന് ഇബ്‌ലീസ് മനസ്സിൽ കയറി എന്നോട് മന്ത്രിച്ചു: ‘കുട്ടിയെ നോക്കാൻ നല്ല ആളെ കിട്ടിയതാണ്. ഇപ്പോൾ ഇത് പറഞ്ഞാൽ അവർ പോകും. നീ ബുദ്ധിമുട്ടും...!’ഒരു നിമിഷം ചിന്തിച്ചു. ഇല്ല! ഞാൻ അവരോട് പറയും. അവരെ ഈ വിപത്തിൽനിന്നും രക്ഷിക്കൽ എന്റെ കടമയാണ്. കൃത്യമായി നമസ്‌കരിക്കുന്ന, ക്വുർആൻ ഓതുന്ന അവരുടെ കർമങ്ങൾ നിഷ്ഫലമാകുന്ന ഏലസ്സിന്റെ ഗൗരവം അവരെ ബോധിപ്പിക്കണം. ശിർക്കിൽനിന്ന് അവരെ രക്ഷിക്കണം.

അവിടെവച്ചുതന്നെ അവരോട് പറഞ്ഞു: “ഇത്രയും ദിവസം ഞങ്ങളുടെ കൂടെ നിന്നിട്ടും ഞാൻ കാണാത്ത ഒന്ന് ഇന്ന് എന്റെ കണ്ണിൽപെട്ടു. നിങ്ങളുടെ അരയിൽ ഏലസ്സ് ഉണ്ടല്ലേ...? നിങ്ങൾ എന്തിനാണ് അത് കെട്ടിയത്? രോഗം തരുന്നതും മാറ്റുന്നതും അല്ലാഹുവാണ്. മാറ്റാനുള്ള കഴിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. ഏലസ്സ് കെട്ടിത്തന്നയാൾക്കോ ഏലസ്സിനോ രോഗം മാറ്റാനുള്ള കഴിവുണ്ടെന്ന് വിശ്വസിച്ചാൽ അത് അല്ലാഹുവിൽ പങ്കുചേർക്കലാണ്... ശിർക്കാണ്. ശിർക്ക് ഒരിക്കലും അല്ലാഹു പൊറുക്കില്ല. ശിർക്ക് ചെയ്തവൻ ശാശ്വതമായ നരകത്തിലായിരിക്കും. ഇത് അരയിലുള്ള അവസ്ഥയിൽ മരണപ്പെട്ടാൽ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കില്ല. എല്ലാ കർമങ്ങളും നഷ്ടപ്പെടും...’’

അവർ പറഞ്ഞു: “എനിക്ക് മാറാത്ത നടുവേദന വന്നു. പല ചികിത്സയും നടത്തി. ഒരു രക്ഷയും ഇല്ല. അവസാനം എന്റെ ഒരു കൂട്ടുകാരി എന്നെയും കൊണ്ട് ഒരു സ്ഥലംവരെ പോയി. അവിടുന്ന് കെട്ടിത്തന്നതാണ്.’’ “എന്നിട്ട് നിങ്ങൾക്ക് അസുഖത്തിന് വല്ല മാറ്റവും ഉണ്ടായോ?’’ “ഒരു മാറ്റവും ഉണ്ടായിട്ടില്ല. അന്ന് കെട്ടി, പിന്നെ അത് ഊരിയില്ല എന്നുമാത്രം.’’

നീണ്ട സംസാരത്തിനൊടുവിൽ സംഗതിയുടെ ഗൗരവം മനസ്സിലായ ഉടനെ നിസ്‌കാരപ്പായയിൽ ഇരുന്നുതന്നെ അവർ അത് പൊട്ടിച്ചു. ഞാൻ ചോദിച്ചു: “നിങ്ങൾക്കെന്തു തോന്നുന്നു? വല്ല ബേജാറും പ്രയാസവും ഉണ്ടോ?’’ അവർ പറഞ്ഞു: “ഒരിക്കലുമില്ല! മനസ്സിനും ശരീരത്തിനും എന്തോ ഭാരം നീങ്ങിയ ആശ്വാസം.’’ അവർ എത്ര പെട്ടെന്ന് സത്യം മനസ്സിലാക്കി പ്രവർത്തനത്തിൽ കൊണ്ടുവന്നു.

അന്ന് ചുങ്കത്തറ കോളേജിൽ ഹോസ്റ്റൽ ഇല്ലാത്തതിനാൽ ദൂരക്കാരായ ആറോളം കുട്ടികളും അധ്യാപികമാരും ഞങ്ങളുടെ വീട്ടിലായിരുന്നു താമസം. അവരുടെ മേൽനോട്ടവും കാര്യങ്ങളും ഒരു വാർഡനെ പോലെ, ഉമ്മയെ പോലെ അവർ നടത്തി...ഞങ്ങളെല്ലാവരും അവരെ ‘എളാമ’ എന്ന് വിളിച്ചു. അയൽവാസികൾക്കും ബന്ധുക്കൾക്കും കുടുംബക്കാർക്കും അവർ എളാമയായിരുന്നു. ഏതാനും വർഷം മുമ്പ് അവർ മരിച്ചു. അല്ലാഹു അവരുടെ ക്വബ്ർ വിശാലമാക്കി കൊടുക്കട്ടെ-ആമീൻ.