ഫോൺവിളിയിൽ വഴിമാറിയ ജീവിതം

ഇബ്‌നു അലി എടത്തനാട്ടുകര

2022 ആഗസ്റ്റ് 13, 1442 മുഹർറം 14

കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോൺവിളി വന്നത്. ഉടനെ മടങ്ങിയെത്താം എന്നു പറഞ്ഞാണ് ഫ്‌ളാറ്റിൽനിന്ന് ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞും തിരികെ കാണാഞ്ഞ് ഫോൺ വിളിച്ചുനോക്കി; സ്വിച്ച് ഓഫ്...!

ഭാര്യയും രണ്ട് പിഞ്ചുമക്കളും കാത്തിരുന്നു. മണിക്കൂറുകൾ, ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ... വിവരമൊന്നും കിട്ടിയില്ല. ഔദ്യോഗിക അന്വേഷണങ്ങളും എവിടെയും എത്തിയില്ല.

വിദേശത്ത് മോശമല്ലാത്ത ജോലി. കൂടെ ഭാര്യയും രണ്ട് പെൺകുട്ടികളും. അധികം അകലെയല്ലാതെ താമസം. ജീവിതം സുന്ദര സുരഭിലമായി ഒഴുകിയിരുന്നു. ഒറ്റ ഫോൺവിളിയിലാണ് ജീവിതം വഴിമാറിയത്.

കാത്തിരിപ്പിന് അറ്റം കാണാത്തതുകൊണ്ട് കൂട്ടുകാരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ഉള്ളതുകൊണ്ട് ഉഷാറായി ജീവിച്ചുപോരുകയായിരുന്നു. സമ്പാദ്യം പൂജ്യം. കൈവിട്ടുപോയ ഭർത്താവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. ചാനലുകളിൽ വാർത്ത വന്നു. മലയാളി സേവന സംഘടനകളും ശ്രമിച്ചു. ഫലം കിട്ടിയില്ല എന്ന് മാത്രം.

നാട്ടിൽ സ്വന്തമായി വീടോ മറ്റോ ഇല്ല. പിതാവിന്റെ സ്ഥലത്ത് ഒരു ചെറിയ ഷെഡ് കെട്ടി. സീനിയർ സിറ്റിസൺ ആയ പിതാവ് പെട്രോൾ പമ്പിൽ ജോലി ചെയ്തു കിട്ടുന്നതിൽനിന്ന് ഒരു പങ്ക് കൊടുക്കും. ജീവിതം ഇഴഞ്ഞുനീങ്ങി.

വിവരം അറിഞ്ഞ സാമൂഹ്യസേവകനായ

സുഹൃത്ത് ഭക്ഷണത്തിന് പ്രതിമാസം സഹായം നൽകിയിരുന്നു. കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധി അതും മുടക്കിയിട്ട് കുറച്ച് കാലമായി. മക്കൾ മുതിർന്നു. മൂത്ത മകളെ കല്യാണം കഴിച്ചു കൊടുത്തു. ഇളയവൾ പഠിക്കുന്നു.

തോരാതെ പെയ്യുന്ന മഴ ഷെഡിനെയും വെറുതെ വിട്ടില്ല. പാർക്കാൻ പറ്റാതെയാകുന്നു. നാട്ടിലെ ഒരു മനുഷ്യസ്‌നേഹി മൂന്ന് സെന്റ് സ്ഥലം നൽകി. അതിൽ തറയും കെട്ടിക്കൊടുത്തൂ. അതിലൊരു ചെറു വീട് കെട്ടണം. അവർക്കും മോൾക്കും പേടി കൂടാതെ, നനയാതെ, വെയിൽ കൊള്ളാതെ താമസിക്കാൻ വഴികണ്ടെത്താൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് സുഹൃത്ത് ഫോൺ വിളിച്ചു. എന്ത് ചെയ്യും?

അതിനിടെ അവരുടെ പിതാവും രോഗബാധിതനായി. ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. വല്ലാത്തൊരു ജീവിതം...! പത്ത് കൊല്ലം മുമ്പ് ഒരു ഫോൺ വിളിക്ക് പിന്നാലെ അപ്രത്യക്ഷനായ ആൾ ഒരുനാൾ വരും എന്ന പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ല അവർ. ചോർച്ച തീരാത്ത കുടിലിൽ ഇനിയും പെയ്തു തോരാത്ത കണ്ണീരുമായി അവർ കാത്തിരിപ്പ് തുടരുന്നു.

എത്ര പെട്ടെന്നാണ് ജീവിതം കീഴ്‌മേൽ മറിയുന്നത്! ഉറ്റവരുടെ വേർപാടോ രോഗമോ അപകടമോ നാം ആഗ്രഹിക്കാത്ത, ഒട്ടും നിനയ്ക്കാത്ത മറ്റെന്തെങ്കിലുമോ ജീവിതത്തിലേക്ക് ചാടിവീണ് എല്ലാം തകിടം മറിച്ചേക്കും. ഇന്നനുഭവിക്കുന്ന സുഖസൗകര്യങ്ങൾക്ക് ആയുസ്സ് എത്ര എന്ന് സ്രഷ്ടാവിനല്ലാതെ മറ്റാർക്കറിയാം! അഹങ്കാരം ഒട്ടുമേ വേണ്ട. വിനയാന്വിതരാവുക, പറ്റുന്ന സഹായം അപരർക്ക് ചെയ്യാൻ ശ്രമിക്കുക. വിശ്വാസത്തോടെയും സ്രഷ്ടാവിൽനിന്നുള്ള പ്രതിഫലം കാംക്ഷിച്ചുമാണെങ്കിൽ ആ സഹായം നിഷ്ഫലമാകില്ല.