വിഭിന്നമായ കാരുണ്യം

ഇബ്‌നു അലി, എടത്തനാട്ടുകര

2022 ഡിസംബർ 24, 1444 ജുമാദുൽ ഊല 29

പേനകളെ ഏറെ ഇഷ്ടമാണ് അവന്; മോശമല്ലാത്ത ശേഖരവുമുണ്ട്. ആർക്കും അത് കൊടുക്കുന്നത് ഒട്ടും ഇഷ്ടമല്ലതാനും. ക്ലാസ്സിൽ ടീച്ചർ എന്തോ എഴുതാൻ അവന്റെ പേന വാങ്ങി, തിരികെ കൊടുക്കാൻ മറക്കുകയും ചെയ്തു. പ്രിയപ്പെട്ട നീല നിറമുള്ള പേന തിരികെ ചോദിക്കാനുള്ള ധൈര്യം അവന് ഇല്ലാതെ പോകുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ ഒരു ചെറു പട്ടണത്തിലാണ് അവൻ പഠിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സ്‌കൂൾ. സ്‌കൂൾ വിട്ട് വീട്ടിലെത്തി കുറെ കഴിഞ്ഞ് പിതാവ് എത്തിയപ്പോഴാണ് അവൻ പേനക്കഥ പറഞ്ഞത്. ‘പെന്ന്’ വേണമെന്ന വാശി തൂടങ്ങുകയും ചെയ്തു. സാരമില്ല, അടുത്തുള്ള കടയിൽനിന്ന് വാങ്ങാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

എന്നാൽ കടയിൽ അവന്റെ നഷ്ടപ്പെട്ട നീലപ്പേന പോലെ ഒന്നും ഇല്ല. വാശി കൂടിയപ്പോൾ 20 കിലോമീറ്റർ ദൂരേക്ക് അവനെ സ്‌കൂട്ടറിൽ കേറ്റി പട്ടണത്തിൽ എത്തി പേന വാങ്ങിക്കൊടുത്താണ് പ്രശ്‌നം പരിഹരിച്ചത്.

കല്യാണം കഴിഞ്ഞ്, അവന്റെ അനിയനും അനിയത്തിക്കുമൊക്കെ മക്കൾ പിറന്നിരുന്നു. മാനസിക വെല്ലുവിളിക്കൊപ്പം ശാരീരിക പരിമിതി കൂടി ഉള്ളതുകൊണ്ട് അവന് വീട്ടുകാർ തന്നെയായിരുന്നു പ്രിയപ്പെട്ട കൂട്ട്. ജനപ്രതിനിധിയും സ്ഥലത്തെ പ്രധാന കാരണവരും ഒന്നിലേറെ പള്ളികളുടെ പ്രസിഡന്റും ഒക്കെ ആയിരുന്ന വല്യുപ്പയായിരുന്നു അവന്റെ ബെസ്റ്റ് ഫ്രണ്ട്. പെട്ടെന്നൊരു ദേഹത്തളർച്ചയിൽ ആശുപത്രിയിൽ ആയ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞപ്പോൾ അവൻ ഏറെക്കുറെ ഏകാകിയായി. എല്ലാറ്റിനും ഒപ്പം ഉണ്ടായിരുന്ന, നാൽപത് കഴിഞ്ഞ അവനെ നാല് വയസ്സുകാരനെ എന്നപോലെ കൂടെ നിന്ന് പരിപാലിച്ച അവന്റെ പ്രിയപ്പെട്ട ഉമ്മയും താമസിയാതെ വിടപറഞ്ഞതോടെ അവൻ പൂർണമായി ഒറ്റപ്പെട്ടപോലെയായി.

സകല മനുഷ്യരെയും വീടുകളിലും പ്രയാസത്തിലും ദാരിദ്ര്യത്തിലും കെട്ടിയിട്ട കോവിഡ് കാലം അവന് കൂടുതൽ പ്രയാസമായി. ഒരിക്കൽ പിതാവിന്റെ സ്‌കൂട്ടറിനു പിന്നിൽ യാത്ര ചെയ്യവെ അവനൊരു തെരുവ് കച്ചവടക്കാരനെ കണ്ടു. പച്ചക്കപ്പ(മരച്ചീനി)യാണ് പെരുവെയിലിൽ നിലത്ത് കുത്തിയിരുന്ന് അയാൾ വിറ്റിരുന്നത്. തൂവെള്ള മുണ്ടും ഫുൾകൈ ഷർട്ടും തലക്കെട്ടും ഉള്ള താടിക്കാരനായിരുന്നു കച്ചവടക്കാരൻ. കോവിഡ് ജോലി നഷ്ടപ്പെടുത്തിയ മദ്‌റസ അധ്യാപകനായിരുന്നു അയാൾ. ആ കാഴ്ച അവന്റെ മനസ്സിനെ ഉലച്ചു.

അയാൾക്ക് വെയിലുകൊള്ളാതെ നിന്ന് വിൽക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് അവൻ വാപ്പയോട് പറഞ്ഞു. പണം അവൻ മുടക്കും, അവന് സർക്കാരിൽനിന്ന് കിട്ടിയ പെൻഷൻ ഒരുമിച്ചുകൂട്ടിയതിൽനിന്ന്! വെയിൽ തട്ടാതെ നിൽക്കാൻ പറ്റുന്ന തരത്തിൽ പൂള സൂക്ഷിച്ചുവെച്ച് വിൽക്കാൻ ഉതകുന്ന ഒരു നിർമിതി നാട്ടിലെ ഇൻഡസ്ട്രിയിൽനിന്ന് അവർ ചെയ്തുകൊടുത്തൂ, ഇരിക്കാൻ ഒരു സ്റ്റൂൾ അടക്കം.

വെയിലേറ്റ് വാടുന്ന ആ കാഴ്ച എത്രയോ പേർ കണ്ടിട്ടുണ്ടാകും. എന്നാൽ അതിൽ മനസ്സുനൊന്ത് അതിനൊരു പരിഹാരം ചെയ്യണം എന്ന ഉൾവിളി തോന്നിയത് മാനസിക വളർച്ചക്കുറവുള്ളവൻ എന്ന് സമൂഹം വിലയിരുത്തിയ ഒരുത്തനാണ്. എല്ലാം തികഞ്ഞവർ എന്ന് അഹങ്കരിക്കുന്ന നമ്മുടെ കണ്ണിൽ പെടാതെ പോയത്, ഒരു പേന പോലും കൊടുക്കാൻ ഇഷ്ടമില്ലാത്ത അവനെ അലട്ടിയെന്നത് അവനിലെ നന്മ. അവന്റെ അലിവിന്റെ വാർത്ത ചില പത്രങ്ങളിലും വന്നിരുന്നു. നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയായ ആ സുഹൃത്തിന് പ്രാർഥനകൾ...