ഓര്‍മയില്‍ ചില മേലധികാരികള്‍

ഇബ്‌നു അലി  

2022 ഫെബ്രുവരി 05, 1442 റജബ്  03

വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവങ്ങളാണ്. കരിപ്പൂരില്‍ സംസ്ഥാന ഹജ്ജ് ക്യാമ്പില്‍ വളണ്ടിയര്‍ സേവനത്തിനിടയില്‍ ഒരു സഹപ്രവര്‍ത്തകന്റെ ഫോൺ വിളിയെത്തി: ‘‘പഴയ ജില്ലാമേലധികാരിയും ബന്ധുവും ഇത്തവണ ഹജ്ജിന് പോകുന്നുണ്ട്. ഹജ്ജ് ക്യാമ്പില്‍ അവരെത്തും. പരിഗണിക്കണം.''

അദ്ദേഹത്തെ ക്യാമ്പില്‍ കണ്ടുമുട്ടി. റിട്ടയര്‍ ചെയ്തിട്ട് മൂന്നുവര്‍ഷം കഴിഞ്ഞെങ്കിലും പഴയ മേലധികാരി എന്ന നിലയില്‍തന്നെ പരിഗണിച്ചു. ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്തു.

അദ്ദേഹം റിട്ടയര്‍ ചെയ്യുന്നതിനു മുമ്പ് എന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു മേലൊപ്പിന് വേണ്ടി എറണാകുളത്ത് വെച്ച് അദ്ദേഹത്തെ സമീപിച്ചത് ഓര്‍മ വരാതിരുന്നില്ല. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്റെ സാന്നിധ്യവും ശുപാര്‍ശയുമുണ്ടായിട്ട് പോലും അദ്ദേഹമത് ചെയ്തുതന്നില്ല. മാത്രമല്ല അദ്ദേഹത്തിന് യാതൊരുവിധ നഷ്ടമോ പ്രശ്‌നമോ ഇല്ലാത്ത അക്കാര്യം ചെയ്തുതരാതിരിക്കാനുള്ള ന്യായങ്ങള്‍ നിരത്താനായി സമയമേറെ പാഴാക്കുകയും ചെയ്തു. വിമാനം കയറുന്ന ദിവസം എറണാകുളത്ത് എന്നെ കണ്ട കാര്യം നേരിയൊരു ജാള്യതയോടെ ഓര്‍മിപ്പിക്കുകയും െചയ്തു.

ഒരിക്കല്‍ ഒരു വനിത ജില്ലാമേലധികാരിയായെത്തി. നിര്‍ദിഷ്ട സമയത്തിനപ്പുറം കഠിനമായി ജോലി ചെയ്തിരുന്ന കീഴുദ്യോഗസ്ഥരെയടക്കം അവര്‍ ചീത്ത പറയും. അഭിമാനത്തിന് ക്ഷതമേല്‍ക്കുംവിധം പലതും പറയും. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കാന്‍ നടത്തിയിരുന്ന ഓഫീസ് സന്ദര്‍ശനങ്ങള്‍ പ്രവര്‍ത്തന മുരടിപ്പിനും നിരാശക്കും വഴിയൊരുക്കി. ചീത്ത കേട്ട് വനിതാജീവനക്കാരുടെ കണ്ണുകള്‍ നിറയും. ഒരു സ്ത്രീയില്‍ നിന്ന്, വിശിഷ്യാ വിശ്വാസിനിയിൽ നിന്ന് പ്രതീക്ഷിച്ച സൗമനസ്യം ലഭിക്കാതെ പോയപ്പോള്‍ സത്യത്തില്‍ മര്‍ദിതന്റെ പ്രാര്‍ഥനയെക്കുറിച്ച് ഓര്‍മവന്നു.

ഈ രണ്ട് മേലധികാരികള്‍ക്കും മുമ്പ് ഒരു മേലധികാരിയുണ്ടായിരുന്നു. വാക്കുകൊണ്ടോ നോക്കുകൊണ്ടോ പേന കൊണ്ടോ ആരെയും നോവിക്കാത്ത സാത്വികന്‍. ആദ്യം പറഞ്ഞ മേലധികാരി ഒപ്പിടാന്‍ മടിച്ചതു പോലുള്ള ഒരു ഔദ്യോഗിക രേഖ പാതയോരത്ത് നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റില്‍വെച്ച് ഒപ്പിട്ട് നല്‍കിയ ലളിതമനസ്‌കന്‍.

ആദ്യം പറഞ്ഞ ഉേദ്യാഗസ്ഥനെ ഓര്‍ക്കാതിരിക്കുകയും രണ്ടാമത്തെ മേലധികാരിയെക്കുറിച്ച് ഓര്‍മ വരുമ്പോള്‍ അതൃപ്തി നുരഞ്ഞുപൊന്തുകയും ചെയ്യുമ്പോള്‍ സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും പരിഗണനയുടെയും സമ്മിശ്രമായ, നല്ല വ്യക്തിത്വത്തിനുടമയായ േമലധികാരിയെ ഓര്‍ക്കാറുണ്ട്, നന്ദിയോടെ പലപ്പോഴും!

ഉദ്യോഗസ്ഥന്‍ തന്റെ ജോലി ആത്മാര്‍ഥതയോടും താല്‍പര്യത്തോടും നിര്‍വഹിച്ചാല്‍ ഇഹത്തിലും പരത്തിലും അവന് പ്രതിഫലം ലഭിക്കും. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കാംക്ഷിച്ച് താല്‍പര്യപൂര്‍വം ജോലിയെടുക്കുന്നവന്‍ തന്റെ ചുമതല നിറവേറ്റിയവനും ഭൗതികമായി ജോലിക്കുള്ള കൂലി അര്‍ഹിക്കുന്നവനും പാരത്രികലോകത്തെ പ്രതിഫലം നേടി വിജയിക്കുന്നവനുമായിത്തീരും. മനുഷ്യര്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്കുള്ള പ്രതിഫലവും കൂലിയും ഉണ്ടാകുന്നത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നതോടൊപ്പവും പ്രതിഫലേച്ഛയോടൊപ്പവുമാണ് എന്നാണ് ഇസ്‌ലാം അറിയിക്കുന്നത്.

സഹജീവികളോട്, സഹപ്രവര്‍ത്തകരോട്, കീഴുദ്യോഗസ്ഥരോട്... അങ്ങനെ എല്ലാവരോടും മാന്യമായി പെരുമാറുവാന്‍ നബി ﷺ യുടെ മാതൃക പിന്‍പറ്റി ജീവിക്കുന്നവര്‍ക്ക് എങ്ങനെയാണ് കഴിയാതിരിക്കുക?