പണം സമ്പാദിക്കുന്ന വിദ്യാർഥികൾ

സലാം സുറുമ, എടത്തനാട്ടുകര

2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11

സാറേ, ഞാൻ സ്‌കൂളിൽ വന്നത് ഒരു ടൈം പാസിനാ.’’ ഏഴാം ക്ലാസ്സുകാരന്റെ വായിൽ ഒതുങ്ങാത്ത വാക്കുകൾ കേട്ട് ഞാൻ അന്ധാളിച്ചുപോയി! “ഞാൻ കളിക്കാനാ സ്‌കൂളിൽ വരുന്നത്. എനിക്ക് പരമാവധി ആസ്വദിക്കണം. അതിനുള്ളതൊക്കെ ഞാൻ ഇപ്പോൾതന്നെ സമ്പാദിക്കുന്നുണ്ട്.’’ അവൻ യാതൊരു കൂസലുമില്ലാതെ പറഞ്ഞു.

വർഷം 2006; പി.എസ്.സി. വഴി അധ്യാപകജോലി ലഭിച്ചിട്ട് രണ്ടു വർഷത്തോടടുക്കുന്നു. വീടിനടുത്തുള്ള ഹൈസ്‌കൂളിലേക്ക് ട്രാൻസ്ഫർ കിട്ടിയിട്ട് ഏതാനും ദിവസമെ ആയിട്ടുള്ളൂ. ക്ലാസ്സിൽ പോകുന്നതിനുള്ള ടൈം ടേബിൾ കിട്ടിയിട്ടില്ല. ഏതോ ഒരു ടീച്ചർ ലീവ് ആയതുകൊണ്ട് ഏഴാം ക്ലാസ്സിലേക്ക് സ്‌പെഷ്യൽ ഡ്യൂട്ടി കിട്ടി. ഇംഗ്ലീഷ് ആണ് പഠിപ്പിക്കേണ്ടത്.

പാഠഭാഗം വായിച്ച് വിശദീകരിക്കുന്നതിനിടയിൽ വാക്കുകളുടെ അർഥം പൊതുവായി ചോദിച്ചു. ഏറ്റവും പിന്നിലത്തെ ബെഞ്ചിൽ നിന്നും, വാക്കുകളുമായി യാതൊരു ബന്ധവുമില്ലാത്ത ഉത്തരങ്ങൾ ഉച്ചത്തിൽ ഇടതടവില്ലാതെ പ്രവഹിച്ചപ്പോൾ ഞാൻ ആ ശബ്ദത്തിന്റെ ഉടമയെ കണ്ടെത്തി. തറക്കുന്ന ഒരു നോട്ടത്തിലൂടെ എന്റെ അനിഷ്ടം അവനെ ബോധ്യപ്പെടുത്തി. അവൻ തൽക്കാലം അടങ്ങിയിരുന്നു. ഇടക്കെപ്പോഴോ അവന്റെ ഉച്ചത്തിലുള്ള ശബ്ദം വീണ്ടും മുഴങ്ങിയപ്പോൾ രൂക്ഷമായ നോട്ടം കൊണ്ട് അവനെ വീണ്ടും നിശബ്ദനാക്കിയിരുത്തി.

ക്ലാസ്സ് അവസാനിച്ചു. സ്റ്റാഫ് റൂമിൽ നിന്നും അധ്യാപകർ ശരിയിട്ടുവച്ച നോട്ടുപുസ്തകങ്ങൾ എടുക്കാൻ വന്ന ലീഡറും സഹായിയും അവനെക്കറിച്ച് ഏകദേശ ചിത്രം എനിക്ക് തന്നു. കൗണ്ടർ കമന്റുകൾകൊണ്ട് ചില അധ്യാപകരെ അവൻ വെള്ളം കുടിപ്പിക്കാറുണ്ടെന്ന് അവരിൽ നിന്നും അറിഞ്ഞു. അവന്റെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയിട്ട് വർഷങ്ങളായി. മാതാവിന്റെ ഏക മകൻ. സ്‌കൂൾ വിട്ടാൽ പിന്നെ അങ്ങാടിയിൽ തന്നെയാണ് സമയം പോക്കുന്നത്. മാതാവിന്റെ നിയന്ത്രണത്തിൽ നിന്നും അവൻ എന്നോ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴാം ക്ലാസ്സുകാരന്റെതിനേക്കാൾ ശാരീരിക വലുപ്പം ഉണ്ടായതുകൊണ്ട് കായികമായ ഏത് ജോലിയും അവന് ചെയ്യാനാകും.

പിറ്റേന്നും ആ ക്ലാസ്സിൽ തന്നെ സ്‌പെഷ്യൽ ഡ്യൂട്ടി കിട്ടി. പതിവുപോലെ അവൻ കൗണ്ടർ കമന്റ് അടിക്കാൻ ശ്രമിച്ചുവെങ്കിലും ഞാൻ നോട്ടം കൊണ്ട് അവനെ നിയന്ത്രിച്ചു. ക്ലാസ്സ് അവസാനിച്ച് സ്റ്റാഫ് റൂമിലേക്ക് പോകുമ്പോൾ അവനെയും കൂടെ കൂട്ടി. അവൻ എന്നോട് മനസ്സ് തുറന്നു. സ്‌കൂൾ വിട്ടാൽ അങ്ങാടിയിലെ ഒരു കോഴിക്കടയിൽ ജോലി ചെയ്യുന്നുണ്ട്. കല്യാണ സീസണിൽ മൂന്നിരട്ടിവരെ വരുമാനം ലഭിക്കാറുണ്ട്. സ്‌കൂളിലെ ഉച്ചഭക്ഷണമൊന്നും അവൻ കഴിക്കാറില്ല. ഹോട്ടലിൽ നിന്നാണ് സ്ഥിരമായി ശാപ്പാട്. വീട്ടു ചെലവിലേക്കായി നിത്യവും ഒരുതുക മാതാവിനെ ഏൽപ്പിക്കുന്നുമുണ്ട്.

“സാറേ, മറ്റുള്ളവരെപ്പോലെ പഠിച്ച് ജോലി കണ്ടെത്തേണ്ട ആവശ്യം എനിക്കില്ല. എന്റെ ജോലി ഇപ്പഴേ കണ്ടെത്തിക്കഴിഞ്ഞു. ആസ്വദിക്കാൻ തന്നെയാണ് സ്‌കൂളിൽ വരുന്നത്’’ എന്ന് തന്റെ നിലപാട് അവൻ തുറന്നുപറഞ്ഞു. മറ്റു കുട്ടികളുടെ പഠനത്തിന് ശല്യമാകുന്ന രൂപത്തിലുള്ള അവന്റെ ക്ലാസ്സിലെ പെരുമാറ്റത്തിന്റെ ദോഷം അവനെ പറഞ്ഞ് മനസ്സിലാക്കി. കിട്ടുന്ന കാശ് ധൂർത്തടിക്കാതെ മിച്ചം വെക്കാൻ ശീലിക്കണമെന്നും സ്‌കൂൾ സഞ്ചയികയിലും മറ്റുമൊക്കെ പണം നിക്ഷേപിക്കണമെന്നും ഉപദേശിച്ചു. നല്ല കുട്ടിയായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നും അങ്ങനെ നല്ല ജോലി നേടിയെടുക്കണമെന്നുമുള്ള ഉപദേശം ഉൾക്കൊണ്ട അവൻ പിന്നീട് എന്റെ ക്ലാസ്സിൽ മര്യാദക്കാരനായിരുന്നു.

പഠന കാലത്ത് പാർട്ട് ടൈം ജോലിയെടുത്ത് അതുകൊണ്ട് പഠനം നടത്തുന്ന നിരവധി വിദ്യാർഥികളുണ്ട്. പണം അധികമായി കൈയിൽ വരുമ്പോൾ അത് എങ്ങനെ ചെലവാക്കണമെന്നറിയാത്തവരും ആ പണംകൊണ്ട് പല ദുശ്ശീലങ്ങളും ആരംഭിക്കുന്നവരുമുണ്ട്. രക്ഷിതാക്കളും അധ്യാപകരും അവർക്ക് കൃത്യമായ ദിശാബോധം നൽകിയില്ലെങ്കിൽ, അവർ മദ്യവും മയക്കുമരുന്നും അടക്കിവാഴുന്ന ഇന്നിന്റെ ചതിക്കഴികളിൽ പെട്ടുപോകാൻ സാധ്യതയുണ്ടെന്ന് നാം മറന്നുപോകരുത്.